Breaking News

Trending right now:
Description
 
Sep 18, 2013

ഹെല്‍മറ്റ്: അജന്‍ഡകള്‍ എന്തുമാകട്ടെ, നിലവാരമില്ലാത്തവ പിടിച്ചെടുത്ത് പൊതുജനമധ്യേ നശിപ്പിക്കുമോ?

സിറ്റിസണ്‍സ് ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്)
image കേരളത്തില്‍ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കു മാത്രം
(പിന്നിലിരിക്കുന്നവര്‍ക്കല്ല) ഇടയ്ക്കിടയ്ക്ക് ഹെല്‍മറ്റ്
നിര്‍ബന്ധമാക്കുന്നതിനു പിന്നിലുള്ള സര്‍ക്കാരിന്റേയും
രാഷ്ട്രീയപാര്‍ട്ടികളുടേയും ജനങ്ങള്‍ തെരഞ്ഞെടുത്തു വിട്ട
ജനപ്രതിനിധികളുടേയും ഹിഡന്‍ അജന്‍ഡകള്‍ എന്തുമാകട്ടെ. സാധാരണ
ജനങ്ങള്‍ക്ക് അതൊക്കെ കണ്ടുപിടിച്ചു തെളിയിക്കാനാകില്ല. എന്നുവച്ച്
എല്ലാവര്‍ക്കും അറിയാവുന്നതു പോലെ വസ്തുതകള്‍ ഇല്ലാതാകുന്നുമില്ല.

ഏതായാലും അന്യര്‍ക്കു ക്ഷതമുണ്ടാക്കാത്ത ഒരു കാര്യം (ഹെല്‍മറ്റ്
ധരിക്കാത്തത്) ക്രിമിനല്‍ കുറ്റകൃത്യമാക്കി, മറ്റൊരു കുറ്റങ്ങള്‍ക്കും
നടപ്പിലാക്കാത്തതു പോലെ, ആരുടേയും പരാതി ലഭിക്കാതെ, പോലീസ് സ്വയം
കേസെടുത്ത്, ചോദ്യവും പറച്ചിലുമില്ലാതെ, ഉടനടി സ്വയം ശിക്ഷ വിധിച്ച് പിഴ
ഈടാക്കുന്ന നടപടി അന്യര്‍ക്കു മാനസികമായോ ശാരീരികമായോ ക്ഷതമുണ്ടാക്കാത്ത
(ഹെല്‍മറ്റ് പോലെ സീറ്റ്‌ബെല്‍റ്റ്, സണ്‍ഫിലിം) കാര്യങ്ങളില്‍
മാത്രമേയുള്ളു. എന്തെന്നാല്‍ അതാണ് നാട്ടിലെ ഏറ്റവും പൈശാചികമായ
കുറ്റകൃത്യം. കൊലപാതകവും പിടിച്ചുപറിയും കൈക്കൂലിയും ഒക്കെ അതിനു
പിന്നിലേ വരൂ. അതിനൊക്കെ മാന്യതയുമുണ്ട്! ആരെങ്കിലും
ഹീനകുറ്റകൃത്യങ്ങളുടെ പേരില്‍ പരാതിയായി ചെന്നാല്‍ പോലും അന്വേഷിക്കാനും
നടപടിയെടുക്കാനും ആകെ ബുദ്ധിമുട്ടും കാലതാമസവും! ഹെല്‍മറ്റില്ലാത്തവനെ
ഉടനെ വളവില്‍ നിന്നു മുന്നിലേക്കു ചാടി പേടിപ്പിക്കാം, തെറിവിളിക്കാം,
ലാത്തിക്ക് അടിക്കാം, കല്ലെറിഞ്ഞു വീഴ്ത്താം.. അതിനു വഴിയില്‍
നില്ക്കുന്ന പോലീസുകാര്‍ക്കെല്ലാം എക്‌സ്ട്രാ ഉശിരാണ്.


ഇടയ്ക്കിടയക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കച്ചവടം കൊഴുപ്പിച്ച ശേഷം,
അതിനു അവസരം ഒരുക്കുന്നതിനുള്ള പ്രതിഫലം ചിലര്‍ പറ്റുന്നുണ്ടെന്നുള്ള
പൊതുജനങ്ങളുടെ ആരോപണം തെറ്റാണെന്നു തെളിയിക്കണമെങ്കില്‍ ഏതാനും
കാര്യങ്ങള്‍ നടപ്പിലാക്കുക തന്നെ വേണം. ഹെല്‍മറ്റ് വേട്ടയ്ക്ക് അത്യാവേശം
കാട്ടുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അതിനുള്ള ആര്‍ജവം കാട്ടി
മുന്നിട്ടിറങ്ങുകയും വേണം.

1. ഐ.എസ്.ഐ/ബിസ്‌ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്ത ഹെല്‍മറ്റുകള്‍
ഉടന്‍ സംസ്ഥാനവ്യാപകമായി പിടിച്ചെടുത്ത് പൊതുജനമധ്യത്തില്‍ വച്ച്
നശിപ്പിക്കണം. ഇക്കാര്യം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ആവശ്യപ്പെട്ടിട്ടും
ഇതിനകം കേരളം മാറിമാറി ഭരിച്ച ഇടതും വലതും സര്‍ക്കാരുകള്‍ മറുപടി
തന്നിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിച്ച് ഐ.എസ്.ഐ മുദ്ര നേടാത്ത
ഹെല്‍മറ്റുകള്‍ പ്രദര്‍ശിപ്പിക്കാനോ വില്ക്കാനോ നിയമപ്രകാരം
അനുവദിക്കേണ്ടതില്ല.

 

ഹെല്‍മറ്റ് വയ്ക്കാത്തതിനു നിയമം പറയുന്നവര്‍
എന്തുകൊണ്ട് ഇക്കാര്യത്തില്‍ നിയമം പാലിക്കുന്നില്ല? (മാനദണ്ഡങ്ങള്‍
പാലിച്ച ഹെല്‍മെറ്റാണെങ്കിലും അതിനു വലിയ ഉറപ്പില്ലെന്നു ബിസ്
ചട്ടങ്ങളില്‍ തന്നെ പറയുന്നുണ്ടെന്നുള്ളതു മറ്റൊരു കാര്യം. പിന്നെ എല്ലാം
ഒരു സര്‍ക്കാര്‍ വഴിപാട്. പൊട്ടിയാല്‍ പൊട്ടി, ചത്താല്‍ ചത്തു.
അത്രതന്നെ!)2. ആധുനിക സംവിധാനത്തില്‍ ആര്‍ക്കും ഐ.എസ്.ഐ മുദ്ര ഹെല്‍മറ്റില്‍
പതിപ്പിക്കാം എന്നിരിക്കേ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ളതാണോ ഹെല്‍മറ്റ്
എന്നു പരീക്ഷിച്ചറിയാന്‍ എല്ലാ ആര്‍ടിഒ, മുനിസിപ്പല്‍, പഞ്ചായത്ത് ഓഫീസ്
തലങ്ങളിലും സൗജന്യ പരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. മാനദണ്ഡങ്ങള്‍
പാലിക്കാത്ത ഹെല്‍മറ്റുകള്‍ വിറ്റ കടക്കാര്‍ക്കെതിരേ ഉടന്‍ ശിക്ഷാ നടപടി
സ്വീകരിക്കുക.3. ഹെല്‍മറ്റ് കേസില്‍ ഉടന്‍ ശിക്ഷ വിധിച്ചു തുക പിരിക്കാനുള്ള അവകാശം
പോലീസില്‍ നിന്നു എടുത്തുമാറ്റുക. കേസ് പരിശോധിക്കാനും ശിക്ഷ
വിധിക്കാനുമുള്ള അധികാരം കോടതികള്‍ക്കു മാത്രം. പോലീസുകാര്‍ അവരുടെ പണി
മാത്രം ചെയ്യുക. ജഡ്ജിമാരാകേണ്ട.4. ഹെല്‍മറ്റ് വച്ചിട്ടു മരിക്കുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും
സര്‍ക്കാര്‍ നഷ്ടപരിഹാരം തീരുമാനിച്ച് കാലതാമസമില്ലാതെ നല്കുക.

5. അപകടത്തില്‍ ഹെല്‍മറ്റ് തകരുന്നവര്‍ക്കും ഹെല്‍മറ്റ് വച്ച തലയിലൂടെ
വാഹനം കയറി മരിക്കുന്നവര്‍ക്കും എന്തു നഷ്ടപരിഹാരം നല്കുമെന്നു
സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുക.

6. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന ഡ്രൈവര്‍ക്കും
പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുക.
പിന്നിരിക്കുന്നവരും അപകടത്തില്‍പ്പെട്ട് മരിക്കുന്നതും
പരിക്കേല്‍ക്കുന്നതും സാധാരണമാണ്.

7. പുതുതായി വാങ്ങുന്ന ഹെല്‍മറ്റ് ആജീവനാന്തം ഉപയോഗിക്കാന്‍ ഉപയുക്തമായ
ഒന്നല്ല. അതിനും തേയ്മാനവും കാലപരിധിയുണ്ട്. അതിനാല്‍ പോലീസ്
റോഡുപരിശോധനയില്‍ ഹെല്‍മറ്റിന്റെ ഉറപ്പു പരിശോധിച്ച് മാനദണ്ഡം
പാലിക്കാത്ത ഹെല്‍മറ്റുകള്‍ പിടിച്ചെടുക്കുകയും അതുപയോഗിക്കുന്നവര്‍ക്കു
ശിക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്യുക.ഹെല്‍മറ്റിന്റെ കാര്യം പറയുമ്പോള്‍ മാത്രമാണ് സാധാരണക്കാരുടെ തല
രാജ്യത്തിന്റെ സ്വത്തും വിലയേറിയതുമാകുന്നത്. മറ്റൊരു കാര്യത്തിനും ആ
പരിഗണനയില്ല. അങ്ങനെയിരിക്കെ ഹെല്‍മറ്റ് ധരിച്ചാല്‍ മരിക്കില്ലെന്നും
പരിക്കേല്‍ക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പുനല്കിയേ മതിയാകൂ. അല്ലാതെ ഒരു
ഉറപ്പുമില്ലാത്ത സാധനം തലയില്‍ കെട്ടിയേല്‍പ്പിക്കുകയും അതു
വെച്ചില്ലെങ്കില്‍ വെറുതേ കാശുപിരിക്കുയും ചെയ്യരുത്. ഹെല്‍മറ്റ്
വയ്ക്കാത്തവര്‍ എല്ലാം അപകടത്തില്‍പ്പെടുന്നില്ല. ഹെല്‍മറ്റ് ധരിച്ചവരെ
ദൈവനിശ്ചയമായ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്താനുമാകില്ല.

ജനങ്ങളോട് അത്ര ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വ്യാജ ഹെല്‍മറ്റുകള്‍ എല്ലാം
പിടിച്ചെടുത്ത് മുകളിലൂടെ റോഡ് റോളര്‍ കയറ്റിക്കാണിക്കണം. എന്നിട്ടു
തണലില്‍ നിന്നു കാശ് പിരിക്കാന്‍ പോലീസുകാരെ ഏര്‍പ്പാടാക്കുക.
അല്ലെങ്കില്‍ വര്‍ഷങ്ങളായി ആചാരം പോലെ നടന്നു വരുന്ന ഹെല്‍മറ്റ് വേട്ട
ഒരു തട്ടിപ്പ് ഏര്‍പ്പാടാണെന്നുള്ള വാദത്തിന് അടിവര ഇടലാകും.
നാട്ടുകാരുടെ തലയിലല്ല സര്‍ക്കാരിനു കാര്യം, അവരുടെ കീശയില്‍
മാത്രമാണെന്നു ആര്‍ക്കാണ് അറിയാത്തത്?