Breaking News

Trending right now:
Description
 
Sep 18, 2013

നിറംമാറുന്ന സിറിഞ്ച്‌ വരുന്നു; ഉപയോഗിച്ചതാണെങ്കില്‍ തിരിച്ചറിയാം

image ഇഞ്ചക്‌ഷന്‍ എടുക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ച്‌ മുമ്പ്‌ ഉപയോഗിച്ചതാണോയെന്ന്‌ ഇനി ഒറ്റനോട്ടത്തില്‍ രോഗിക്കും മനസിലാക്കാനാവും. കവര്‍പൊട്ടിച്ചാല്‍ നിറംമാറുന്ന സിറിഞ്ച്‌ കണ്ടുപിടിച്ചുകഴിഞ്ഞു. ഇംഗ്ലണ്ടിലെ ഹ്യൂഡേഴ്‌സ്‌ഫീല്‍ഡ്‌ യൂണിവേഴ്‌സിറ്റിയിലെ ഡേവിഡ്‌ സ്വാനാണ്‌ പുതിയ സിറിഞ്ചിന്റെ ഉപജ്ഞാതാവ്‌. സിറിഞ്ച്‌ കവറിനു പുറത്തെടുക്കുമ്പോള്‍ നിറം വെളുപ്പില്‍നിന്നു ചുവപ്പായിത്തുടങ്ങും. രക്തമോ മറ്റെന്തങ്കിലുമോ എടുത്താല്‍ കടുംചുവപ്പാകും. എബിസി സിറിഞ്ച്‌ എന്നു പേരിട്ടിരിക്കുന്ന ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പ്രത്യേക മഷിയാണ്‌ നിറംമാറ്റമുണ്ടാക്കുന്നത്‌. കാര്‍ബണ്‍ഡൈഓക്‌സൈഡുമായുള്ള ഈ മഷിയുടെ സംസര്‍ഗമാണ്‌ നിറംമാറ്റത്തിനുകാരണം. അതിനാല്‍ പ്രത്യേകം പായ്‌ക്ക്‌ ചെയ്‌താണ്‌ സിറിഞ്ച്‌ മാര്‍ക്കറ്റിലെത്തിക്കുന്നത്‌. നിലവിലുള്ള സിറിഞ്ചിന്റെ ഒരുശതമാനം കൂടുതലേ ഇതിനു ചെലവ്‌ വരുകയുള്ളൂ. സിറിഞ്ചു മൂലമുള്ള പ്രശ്‌നങ്ങള്‍ അന്താരാഷ്ട്രതലത്തില്‍തന്നെ ചര്‍ച്ചയായ ഇന്ത്യയില്‍ തന്നെയാവും എബിസി സിറിഞ്ച്‌ ആദ്യമെത്തുക. ഇന്ത്യയില്‍ നല്‍കപ്പെടുന്ന ദശലക്ഷക്കണക്കിന്‌ ഇഞ്ചക്‌ഷനുകളില്‍ പകുതിയും സുരക്ഷിതത്വമില്ലാതെ നല്‍കുന്നതായാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌. ഇത്‌ എച്ച്‌ഐവി, ഹെപ്പറ്റെറ്റിസ്‌ പോലുള്ള രോഗങ്ങള്‍ പരത്തുന്നതായും പഠനത്തില്‍ പറയുന്നു. ഇത്‌ വന്‍തോതില്‍ മരണകാരണമാകുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സ്വാനിന്റെ പുതിയ കണ്ടുപിടുത്തം.