Breaking News

Trending right now:
Description
 
Oct 17, 2012

പതിനായിരങ്ങളുടെ മനസില്‍ ഇന്നും ബീന ബേബി നെരിപ്പോടായി ജ്വലിക്കുന്നു

ഇ.എസ്‌. ജിജിമോള്‍
image

"എന്റെ മകളുടെ ജീവന്‍ പോയത്‌ ആ സര്‍ട്ടിഫിക്കറ്റുകളെ ഓര്‍ത്തായിരുന്നു... ഇനിയാണെങ്കിലും എനിക്ക്‌ ആ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെക്കിട്ടണമെന്നാണ്‌ ആഗ്രഹം. എന്റെ മകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എനിക്ക്‌ വാങ്ങി തരുവാന്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും കഴിയുമോ...?"

ഗ്ലോബല്‍ മലയാളത്തോട്‌ സംസാരിക്കുമ്പോള്‍ ബീന ബേബിയുടെ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ബോണ്ടിന്റെയും മാനേജ്‌മെന്റിന്റെ മാനസികപീഡനത്തിന്റെയും പേരില്‍ ജീവന്‍ നഷ്ടപ്പെട്ട ബീന ബേബിയുടെ ഒന്നാം ചരമവാര്‍ഷികമാണ്‌ നാളെ. കേരളത്തില്‍ ഉള്‍പ്പെടെ നഴ്‌സുമാര്‍ ബോണ്ടിനും മറ്റ്‌ അനീതികള്‍ക്കുമെതിരേ ഒന്നിച്ചണിചേര്‍ന്നത്‌ ബീനയുടെ ജീവത്യാഗത്തിലൂടെയായിരുന്നു. ഇന്നും ജ്വലിക്കുന്ന ഓര്‍മയായി ബീനയുടെ ആത്മാവ്‌ അവര്‍ക്കൊപ്പമുണ്ട്‌.

അവളുടെ ജീവനെക്കാള്‍ വലുതായി കണ്ട സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെടുമെന്നായപ്പോഴാണ്‌ അവര്‍ ഈ ലോകത്തുനിന്നുതന്നെ പോയതെന്ന്‌ അമ്മ പറയുന്നു. കേസു തീര്‍ന്നാല്‍ സര്‍ട്ടിഫിക്കറ്റ്‌ തരാമെന്നാണ്‌ പോലീസുകാര്‍ അന്നു പറഞ്ഞത്‌. വലിയവരോട്‌ യുദ്ധം ചെയ്യാന്‍ ഈ പാവങ്ങള്‍ക്ക്‌ ആവില്ലല്ലോ.

മകളുടെ മരണം ഏല്‌പ്പിച്ച ആഘാതത്തില്‍നിന്ന്‌ ഇനിയും മോചിതയാകാത്ത അമ്മയും അച്ഛനും ചേച്ചിയും കാത്തിരിക്കുകയാണ്‌. നീതിക്കു വേണ്ടിയല്ല, അവളുടെ സ്വപ്‌നങ്ങള്‍ക്ക്‌ ചിറകുകള്‍ കൊടുത്ത ആ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കിട്ടാന്‍. അവസാനമായി അവള്‍ ചേച്ചിയോട്‌ സംസാരിച്ച മൊബൈല്‍ ഫോണ്‍ തിരികെക്കിട്ടിയാല്‍ നിധിപ്പോലെ സൂക്ഷിക്കണമെന്നാണ്‌ ബീനയുടെ ചേച്ചിയുടെ ആഗ്രഹം. പക്ഷേ ആരോടാണ്‌ ചോദിക്കേണ്ടത്‌. അറിയില്ല...മറ്റുള്ളവര്‍ക്ക്‌ അവളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വെറുമൊരു കടലാസ്‌ തുണ്ടായിരിക്കാം. ഫോണ്‍ നാലാകിട സാധനവും. പക്ഷേ ആ അമ്മയ്‌ക്കോ?

തൊടുപുഴക്കടുത്ത്‌ തട്ടക്കുഴയിലെ ദരിദ്രരായ മാതാപിതാക്കളുടെ മകളായ ബീന ബേബിയെന്ന നഴ്‌സിന്റെ പതിനഞ്ച്‌ വര്‍ഷത്തെ കഠിനാധ്വാനത്തിന്‌ ആശുപത്രിക്കാര്‍ വിലയിട്ടത്‌ അന്‍പതിനായിരം രൂപയാണ്‌. കൂലിപ്പണിയെടുത്ത്‌ മക്കളെ വലിയ നിലയിലാക്കുവാന്‍ അധ്വാനിച്ച അവര്‍ക്ക്‌ സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്തത്ര വലിയൊരു തുകയായിരുന്നു ആ തുക. പഠനത്തിനായി ഒട്ടേറെ പണം ആ നിര്‍ധന കുടുംബം കടം വരുത്തിയിരുന്നു. അതിനു പുറമേ മറ്റൊരു അന്‍പതിനായിരം രൂപ കണ്ടെത്താന്‍ അവര്‍ക്കു കഴിയുമായിരുന്നില്ല.

തുക കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ മാനസികപീഡനം സഹിച്ച്‌ ഒരു അടിമയെപ്പോലെ നഴ്‌സിങ്ങ്‌ തൊഴിലില്‍ തുടരുകയായിരുന്നു. ഇതേക്കുറിച്ച്‌ ഓര്‍ക്കുന്തോറും ബീനയ്‌ക്ക്‌ സ്വസ്ഥത നഷ്ടപ്പെട്ടിരുന്നു. എങ്കിലും ചിരിച്ച മുഖത്തോടെയാണ്‌ ബീന എല്ലാവരോടും സംസാരിച്ചിരുന്നത്‌. ഒടുവില്‍ ആ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അവള്‍ സ്വന്തം ജീവന്‍തന്നെ വേണ്ടെന്നുവച്ചു. ആ സര്‍ട്ടിഫിക്കറ്റെങ്കിലും തിരികെ തരാന്‍ മനസു കാണിക്കണമെന്നാണ്‌ ഹോസ്‌പിറ്റലുകാരോട്‌ ഈ കുടുംബത്തിന്‌ പറയുവാനുള്ളത്‌.

ആതുരസേവനരംഗം ബീനയുടെ കുഞ്ഞുന്നാള്‍ മുതലുള്ള സ്വപ്‌നമായിരുന്നു. കാതുകള്‍ അമ്മയുടെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഹൃദയമിടിപ്പ്‌ പരിശോധിച്ച്‌ ഡോക്ടറാണെന്നു വിളിച്ചുപറയുന്ന ബീനമോളുടെ കളിചിരികള്‍ ഇന്നും ഡെയ്‌സിയെന്ന അമ്മയുടെ കാതുകളില്‍ മുഴങ്ങാറുണ്ട്‌. ഡോക്ടറാക്കാനായില്ലെങ്കിലും കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക്‌ കാണുവാന്‍ കഴിയുന്ന ഏറ്റവും വലിയ സ്വപ്‌നം മകളെ നഴ്‌സാക്കുക എന്നതു മാത്രമാണ്‌. പത്താം ക്ലാസിലും പ്ലസ്‌ടൂവിനും ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങി ജയിച്ച മകളെ നഴ്‌സിങ്ങിന്‌ ചേര്‍ക്കുമ്പോള്‍ ഡെയ്‌സിയുടെ മനസു നിറയെ കുറെ നിറമുള്ള സ്വപ്‌നങ്ങളായിരുന്നു.

ചുണ്ടില്‍ പുഞ്ചിരിയും സ്‌നേഹശാസനയുമായി നീണ്ട സിറിഞ്ചില്‍ നിന്ന്‌ മരുന്നിന്റെ ചെറുനോവ്‌ ഞരമ്പിലേയ്‌ക്ക്‌ പടര്‍ത്തിയ ആ കൈകളുടെ ചൂട്‌ ഇന്നും അനുനിമിഷം ആ അമ്മയുടെ ഹൃദയത്തെ പൊള്ളിക്കുകയാണ്‌. വെള്ള ഉടുപ്പിട്ട സാന്ത്വനത്തിന്റെ മാലാഖയാകേണ്ടവള്‍ മറ്റൊരു ലോകത്തേയ്‌ക്ക്‌ ദൈവത്തിന്റെ മാലാഖയായി പറന്നു കഴിഞ്ഞു. എങ്കിലും അനേകര്‍ക്ക്‌ പ്രതീക്ഷയുടെയും പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ അവള്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക്‌ പറഞ്ഞു കൊടുത്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18-നാണ്‌ ബീന ബേബിയെന്ന നഴ്‌സ്‌ മുംബെയിലെ ഏഷ്യന്‍ ഹാര്‍ട്ട്‌ ഹോസ്‌പിറ്റലിലെ അനീതിയോട്‌ പ്രതിഷേധിച്ച്‌ ജീവന്‍ അവസാനിപ്പിച്ചത്‌. ഡ്യൂട്ടിക്കിടയില്‍ ഉണ്ടായ കഠിനമായ മാനസിക പീഡനവും താന്‍ കഷ്ടപ്പെട്ട്‌ പഠിച്ച്‌ നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നന്നേയ്‌ക്കുമായി നഷ്ടപ്പെടുമെന്ന തോന്നലുമാണ്‌ അവളെ അതിലേയ്‌ക്ക്‌ നയിച്ചതെന്ന്‌ വിശ്വസിക്കാനാണ്‌ ആ കുടുംബം ഇന്ന്‌ ശ്രമിക്കുന്നത്‌.

എല്ലാ ദിവസവും കൃത്യമായി വിളിച്ച്‌ കാര്യങ്ങള്‍ ചേച്ചിയോട്‌ പറയാറുള്ള ബീന ഒരു നിമിഷത്തിന്റെ തീരുമാനത്തില്‍ ആത്മഹത്യ ചെയ്‌തുവെന്ന്‌ വിശ്വസിക്കുവാന്‍ ആര്‍ക്കൊക്കെ കഴിഞ്ഞാലും ചേച്ചിക്കാവില്ല. അമൃത ഹോസ്‌പിറ്റലില്‍ ജോലി കിട്ടിയിട്ടും ബീനയുടെ ചേച്ചി ബിന്‍സി നഴ്‌സിങ്ങിന്‌ പഠിച്ച കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റ്‌ ഹോസ്‌പിറ്റലില്‍ തന്നെയാണ്‌ താമസിച്ചിരുന്നത്‌. ബീന ആ സമയം ഹോസ്‌പിറ്റലില്‍ ബോണ്ട്‌ ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു. എപ്പോഴും നീ ഇങ്ങനെ ചേച്ചിയുടെ കുഞ്ഞുവാവയായി നടന്നാല്‍ മതിയൊ എന്നു കൂട്ടുകാര്‍ കളിയാക്കുമ്പോളും അവള്‍ ചേച്ചിയെ ഒരു നിമിഷം പോലും പിരിയാന്‍ തയ്യാറായില്ല.

മുംബെ ഹോസ്‌പിറ്റലില്‍ ജോലിക്ക്‌ പോകുവാന്‍ ബീന തീരുമാനിച്ചപ്പോള്‍ എല്ലാവരും വിലക്കിയതാണ്‌. ചേച്ചിയുടെ തണല്‍ പറ്റി മാത്രം നിന്നാല്‍ പോരായെന്നും അച്ഛനെയും അമ്മയെയും സംരക്ഷിക്കണമെന്നും ലോണ്‍ വീട്ടണമെന്നുമായിരുന്നു ബീനയുടെ ലക്ഷ്യങ്ങള്‍. അമൃതയില്‍ നിന്ന്‌ കിട്ടുന്ന ശമ്പളം ബിന്‍സിക്ക്‌ ലോണ്‍ അടയ്‌ക്കാന്‍ തികയുമായിരുന്നില്ല. അതുകൊണ്ട്‌ ആദ്യശമ്പളത്തില്‍ നിന്ന്‌ രണ്ടുപേരുടെയും ലോണ്‍ അടച്ചത്‌ ബീനയാണ്‌. കേരളത്തില്‍ പഠിച്ചതുകൊണ്ട്‌ ഇംഗ്ലീഷ്‌ ഭാഷാ പ്രാവീണ്യം അത്ര പോരായെന്നും മുംബെയിലാണെങ്കില്‍ ഭാഷ മെച്ചപ്പെടുമെന്നും ഐഎല്‍ടിഎസോ മറ്റോ എഴുതി വിദേശത്ത്‌ പോകണം എന്നിങ്ങനെ നൂറുനൂറു സ്വപ്‌നങ്ങളായിരുന്നു ബീനയ്‌ക്ക്‌.

ഹോസ്‌പിറ്റലില്‍ ജോലിയ്‌ക്ക്‌ ചേര്‍ന്ന്‌ ഒരു മാസം കഴിഞ്ഞപ്പോള്‍ ബീനയ്‌ക്ക്‌ ചിക്കന്‍ പോക്‌സ്‌ പിടിപ്പെട്ടു. പിന്നെ അവധി എടുത്ത്‌ നാട്ടിലേയ്‌ക്ക്‌ വരേണ്ടി വന്നു. അപ്പോഴെല്ലാം ജോലിക്കിടയിലെ മാനസിക പീഡനം നഴ്‌സുമാര്‍ക്ക്‌ വിധിച്ചിട്ടുള്ളതാണെന്ന്‌ ബിന്‍സി അവളെ പറഞ്ഞു മനസിലാക്കിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എല്ലാദിവസുവും രാവിലെയും വൈകിട്ടും ചേച്ചിയെ വിളിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിനും പതിവുപ്പോലെ വിളിച്ചു. ഒരു റിസള്‍ട്ടിനെ ചൊല്ലിയുണ്ടായ അസ്വാരസ്യം അവള്‍ നേരത്തെ പറഞ്ഞിരുന്നതാണ്‌. പക്ഷേ അവളുടെ വാക്കുകളില്‍ യാതൊരുവിധ അസ്വസ്ഥതയും ഇല്ലായിരുന്നു. ചേച്ചിയോട്‌ പങ്കുവയ്‌ക്കാത്ത രഹസ്യം ആ മനസില്‍ ഇല്ലായിരുന്നുവെന്ന്‌ അവരെ അറിയാവുന്ന കൂട്ടുകാരും വീട്ടുകാരും ഒന്നടങ്കം പറയുന്നു.

ബിന്‍സിയുടെ തണല്‍പറ്റി കുസൃതികള്‍ കാട്ടാറുള്ള ബീനയുടെ നിസംഗത മുറ്റിയ അവസാനത്തെ വാക്കുകള്‍, "കുഴപ്പമില്ല ചേച്ചി" എന്നായിരുന്നു. ഇപ്പോഴും ആ വാക്കുകള്‍ ബിന്‍സിയുടെ മനസില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്‌. അതുകൊണ്ടുതന്നെ നഴ്‌സായി വീണ്ടും ജോലിനോക്കുവാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ബിന്‍സിക്കു കഴിയുന്നില്ല. ഉടുമ്പന്നൂരിലെ അമയത്ര എന്ന പോസ്‌റ്റാഫിസിലെ ഡെയ്‌ലി വേജ്‌സ്‌ പോസ്‌റ്റ്‌മിസ്‌ട്രസായാണ്‌ ബിന്‍സി ഇപ്പോള്‍ ജോലി നോക്കുന്നത്‌. തന്റെ പൊന്നു മകളെ തട്ടിയെടുത്ത ഹോസ്‌പിറ്റല്‍ പണിക്ക്‌ മറ്റൊരു മകളെ ക്കൂടി പറഞ്ഞയ്‌ക്കാന്‍ ആ മാതാപിതാക്കള്‍ക്ക്‌ ഭയമാണ്‌. അവിടെ നിന്ന്‌ കിട്ടുന്ന തുച്ഛമായ തുക കൊണ്ടു വേണം നേഴ്‌സിങ്ങ്‌ പഠനത്തിനായി എടുത്ത വിദ്യാഭ്യാസ ലോണ്‍ തിരിച്ചടയ്‌ക്കാന്‍. ഒരു ലക്ഷം രൂപ എടുത്ത തുകയില്‍ 90,000 അടച്ചിട്ടും ഇനിയും ബാക്കി നില്‌ക്കുകയാണ്‌ 40,000 രൂപ.

ബീന ബേബിയുടെ കുടുംബം ഇന്ന്‌ ഓര്‍മ്മയുടെ നെരിപ്പോടില്‍ നീറിപ്പുകയുകയാണ്‌. അവളുടെ ആത്മത്യാഗം ഒരു തീക്കാറ്റായി രാജ്യത്തിനകത്ത്‌ ആഞ്ഞടിച്ചു. അങ്ങനെ രാജ്യത്തിനകത്ത്‌ അതിനീചമായി തൊഴില്‍ ചൂഷണത്തിനിരയാകുന്ന നഴ്‌സുമാരുടെ ദയനീയം ചിത്രം പുറംലോകം ആദ്യമായി അറിഞ്ഞു. വിദേശത്ത്‌ പോയി കുടുംബം രക്ഷപ്പെടുമെന്ന്‌ കരുതി ഈയാംപാറ്റകളെപ്പോലെ നഴ്‌സിംഗ്‌ മേഖലയിലേയ്‌ക്ക്‌ ചേക്കേറുന്ന പാവപ്പെട്ട നഴ്‌സുമാരുടെ ദുരിതത്തിന്‌ അറുതി വരുത്തുവാന്‍ സര്‍ക്കാരുകള്‍ ഇടപെട്ടതും ഈ പെണ്‍ക്കുട്ടിയുടെ ആത്മഹൂതിയോടെയാണ്‌.

ഒരു കുടുംബത്തെ മുഴുവന്‍ തീരാദുഃഖത്തിലാക്കിയ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌ നഷ്ടപരിഹാരമായി കുറച്ച്‌ പണം നല്‌കി ഈ പ്രശ്‌നത്തില്‍ നിന്ന്‌ തലയൂരി. കേരള സര്‍ക്കാരും നല്‌കി രണ്ടു ലക്ഷം രൂപ. എന്നാല്‍ ഈ പെണ്‍കുട്ടി സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ച പ്രശ്‌നം പൂര്‍ണമായോ ഭാഗികമായോ പരിഹരിക്കാന്‍ സര്‍ക്കാരിന്‌ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ്‌ വസ്‌തുത. ലോകരാജ്യങ്ങളില്‍ അവസരം കുറഞ്ഞു വരുന്നു. ഇന്ത്യയില്‍ നഴ്‌സിങ്ങ്‌ മേഖല ചൂഷണത്തിന്റെ പിടിയിലാണ്‌. ഇനിയും ഇതുപോലെ ബീന ബേബിമാരുടെ ജീവന്‍ പൊലിയാതിരിക്കട്ടെ എന്നുമാത്രമാണ്‌ പ്രാര്‍ത്ഥന.

send your responses to: globalmalayalam@gmail.com