Breaking News

Trending right now:
Description
 
Sep 15, 2012

എമേര്‍ജിങ്‌ കേരള: 45000 കോടിരൂപയുടെ നിക്ഷേപ വാഗ്‌ദാനം

സമ്മേളനത്തിനു 2488 ബിസിനസ്‌ പ്രതിനിധികളെത്തി
image കൊച്ചി: സംസ്ഥാന വികസനത്തിന്‌ ഉണര്‍വും ദിശാബോധവും നല്‍കി മൂന്നുദിവസം നീണ്ടുനിന്ന എമേര്‍ജിങ്‌ കേരള സമ്മേളനം കൊച്ചിയില്‍ അവസാനിച്ചപ്പോള്‍ പരിഗണനയ്‌ക്കായി 45000 കോടി രൂപയുടെ നിക്ഷേപ നിര്‍ദേശങ്ങള്‍. സ്വകാര്യകമ്പനികളും ബഹിരാഷ്ട്രകമ്പനികളും പൊതുമേഖലയും ഉള്‍പ്പടെ 45 കമ്പനികളുടെ നിക്ഷേപവാഗ്‌ദാനമാണിത്‌. ബിപിസിഎല്‍ സ്ഥാപിക്കുന്ന 20000 കോടി രൂപയുടെ പദ്ധതിയും ജര്‍മന്‍ കാര്‍ കമ്പനിയായ ഫോക്‌സ്‌ വാഗന്റെ 2000 കോടി രൂപയുടെ എന്‍ജിന്‍ നിര്‍മാണ യൂണിറ്റും കേന്ദ്ര ഷിപ്പിങ്‌ മന്ത്രി പ്രഖ്യാപിച്ച 750 കോടിയുടെ കപ്പല്‍ അറ്റകുറ്റപ്പണിശാലയും ഇതില്‍ ഉള്‍പ്പെടും. കൊച്ചിയില്‍ വാട്ടര്‍സിറ്റി എന്ന പേരില്‍ ഷോപ്പിങ്‌ മാളും അക്വാപാര്‍ക്കും മറ്റും നിര്‍മിക്കാന്‍ ദുബായിലെ ഫോണിക്‌സിന്റെ 3000 കോടി രൂപയുടെ പദ്ധതിക്കും ഇതോടൊപ്പം പച്ചക്കൊടിയുയര്‍ന്നു. കണ്ണൂരില്‍ അഗ്രോണമി ഫാംസിന്റെ 1280 കോടിയുടെ കാര്‍ഷികോത്‌പന്ന സംസ്‌കരണ പാര്‍ക്കും തൃശൂരില്‍ മലബാര്‍ഗ്രൂപ്പിന്റെ 900 കോടിയുടെ ഇന്റര്‍ഗേറ്റഡ്‌ ടൗണ്‍ഷിപ്പും, കോഴിക്കോട്‌ മണപ്പാട്ട്‌ ഇന്‍ഫ്രടെക്കിന്റെ 1000 കോടിയുടെ ഐടി പാര്‍ക്കും, കോട്ടയത്ത്‌ ആര്‍ബാദ്‌ ഗ്രൂപ്പിന്റെ 1300 കോടിയുടെ സ്‌മാര്‍ട്ട്‌ ടൗണ്‍ഷിപ്പും ഐടിപാര്‍ക്കും പ്രമുഖ പദ്ധതിയില്‍ പെടും. സ്റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ ചവറയില്‍ സ്ഥാപിക്കുന്ന ടൈറ്റാനിയം സ്‌പോഞ്ച്‌ യൂണിറ്റിന്‌ 3000 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനവുമണ്ട്‌. സമ്മേളനത്തിനു 2488 ബിസിനസ്‌ പ്രതിനിധികളെത്തി. 796 പേര്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു. കേരളത്തിനകത്തുനിന്നുതന്നെ 1270 പേര്‍ എത്തി. അമേരിക്കയാണ്‌ 116 പേരുമായി ഏറ്റവും വലിയ പ്രതിനിധിസംഘത്തെ നയിച്ചെത്തിയത്‌. കാനഡയില്‍നിന്ന്‌ 43 ഉം, ചൈനയില്‍നിന്ന്‌ 23 ഉം, ബ്രിട്ടനില്‍നിന്ന്‌ 40 ഉം, ജപ്പാനില്‍നിന്ന്‌ 12 ഉം പ്രതിനിധികളെത്തി. ഓസ്‌ട്രേലിയ, ജര്‍മനി, യുഎഇ, സൗദി അറേബ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പ്രതിനിധികളെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചിരുന്നു.