Breaking News

Trending right now:
Description
 
Sep 16, 2013

പോളിയോ വാക്‌സിനു പകരം ഹെപ്പറ്റൈറ്റിസ്‌ ബി വാക്‌സിന്‍ നല്‍കി

image പോളിയോ വാക്‌സിന്‌ പകരം ഹെപ്പറ്റൈറ്റിസ്‌ ബി വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്ന്‌ ബംഗാളില്‍ 67 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച്‌ വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ആരോഗ്യ വകുപ്പ്‌ നല്‍കുന്ന പോളിയോ വാക്‌സിന്‍ വിതരണത്തിനിടെയായിരുന്നു സംഭവം. കോല്‍ക്കത്തയില്‍ നിന്ന്‌ 80 കിലോമീറ്റര്‍ അകലെ അരാംബാഗിലെ ഗോഘാട്ടിലെ പ്രൈമറി സ്‌കൂളില്‍ ഞായറാഴ്‌ച നടന്ന വാക്‌സിന്‍ വിതരണത്തിനിടെയായിരുന്നു അധികൃതര്‍ക്ക്‌ കൈയബദ്ധം പറ്റിയത്‌. വാക്‌സിന്‍ എടുക്കാനായി കുഞ്ഞിനെയും കൊണ്ടത്തിയ ഒരാളാണ്‌ സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്‌. മരുന്നിന്റെ കുപ്പിയില്‍ ഹെപ്പറ്റൈറ്റിസ്‌ ബി എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നതു കണ്ട്‌ ഇയാള്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ മരുന്നു മാറിയ കാര്യം ശ്രദ്ധയില്‍പെട്ടത്‌. ഇതിനോടകം 114 കുഞ്ഞുങ്ങള്‍ക്ക്‌ മരുന്ന്‌ നല്‍കിയിരുന്നു. പോളിയോ വാക്‌സിന്‍ വായിലൂടെ തുള്ളിയായി നല്‍കുമ്പോള്‍ ഹെപ്പറ്റൈറ്റിസ്‌ ബി വാക്‌സിന്‍ കുത്തിവെയ്‌പിലൂടെയാണ്‌ നല്‍കേണ്ടത്‌. എന്നാല്‍ ഇത്‌ വായിലൂടെ തുള്ളിയായി നല്‍കിയതുകൊണ്ട്‌ പ്രത്യേകിച്ച്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നാണ്‌ അറാംബാഗിലെ സബ്‌ ഡിവിഷണല്‍ ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്‌. അതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച്‌ വാക്‌സിന്‍ വിതരണം നടത്തിയിരുന്ന ആരോഗ്യവകുപ്പ്‌ ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഒടുവില്‍ പൊലീസെത്തിയാണ്‌ ഇവരെ മോചിപ്പിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ആരോഗ്യവകുപ്പിലെ നാല്‌ ജീവനക്കാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. മുഖ്യമന്ത്രി മമത ബാനര്‍ജി ഇതുസംബന്ധിച്ച അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌.