Breaking News

Trending right now:
Description
 
Sep 15, 2013

കരയിച്ചുകളഞ്ഞ ഓണാഘോഷം

സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഓണത്തിന്റെ ഓര്‍മകള്‍ ഗ്ലോബല്‍മലയാളം വായനക്കാരുമായി പങ്കുവയ്‌ക്കുന്നു.
image എനിക്ക്‌ പന്ത്രണ്ടുവയസുള്ളപ്പോഴുള്ള ഓണത്തിന്റെ ഒരു ഓര്‍മ ഒരിക്കലും എന്റെ മനസില്‍നിന്ന്‌ പോകില്ല. അന്ന്‌ സദ്യ എന്നു പറയുന്നത്‌ ഇന്നത്തെ ഭക്ഷ്യവിഭവങ്ങളല്ല. ഇറച്ചിയും മറ്റുമൊരുക്കിയാണ്‌ ഓണത്തിന്‌ കണ്ണൂരില്‍ ഭക്ഷണം തയാറാക്കുന്നത്‌. അച്ചന്‍ മരിച്ചതിനു ശേഷം വീട്ടില്‍ വലിയ പ്രയാസമായിരുന്നു. കഷ്ടപ്പെട്ട്‌ ജീവിക്കുകയായിരുന്നു. ഞാന്‍, എന്റെ മൂത്ത ചേച്ചി, അനിയന്‍, അമ്മ, അമ്മൂമ്മ അങ്ങനെ അഞ്ചുപേരുണ്ട്‌ വീട്ടില്‍. അമ്മയുടെ മനസില്‍ എപ്പോഴും മക്കളെ ഊട്ടണമെന്നാ... അന്ന്‌ ഉടുപ്പുവാങ്ങാനൊന്നും പണമില്ല. അമ്മയ്‌ക്ക്‌ ഏക ആശ്രയം ആടിന്റെ പാലാണ്‌. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല്‌ എന്റെ അമ്മ പ്രാവര്‍ത്തികമാക്കിയത്‌ പാല്‌ തരുന്ന ആടിനെ വിറ്റ്‌ ഓണമൊരുക്കിയാണ്‌.

അങ്ങനെ ഓണം ഉഷാറായി കഴിഞ്ഞു. അടുത്ത ദിവസം മുതല്‍ ജീവിക്കാന്‍ മാര്‍ഗമില്ല. അത്‌ എന്റെ മനസില്‍ എന്നും തിക്തമായ ഓര്‍മയാണ്‌. ഓണത്തിന്‌ കടം വാങ്ങുന്നത്‌ ശരിയല്ല എന്നാണ്‌ അമ്മ അന്ന്‌ ഓര്‍ത്തത്‌..... അത്‌ അടുത്ത ദിവസം നമ്മളെ കരയിപ്പിച്ചു കളഞ്ഞു. അങ്ങനെയാണ്‌ എന്റെ അമ്മ ഓണാഘോഷം നടത്തി ചുമടെടുക്കാന്‍ പോയത്‌. അത്‌ എന്റെ മനസില്‍ ഒരിക്കലും മായാത്ത ഓര്‍മയാണ്‌.

അന്നൊക്കെ ഓണത്തിന്‌ ഷര്‍ട്ടും ട്രൗസറും തുന്നിക്കുകയാണ്‌. കളികളൊക്കെ കഴിഞ്ഞാല്‍ അന്ന്‌ വൈകുന്നേരം വരെ ടെയ്‌ലറുടെ കടയ്‌ക്കു മുന്നില്‍ കാത്തുനില്‍ക്കും. തുന്നിയതു കിട്ടിയാലുടന്‍ കണ്ണൂരില്‍നിന്ന്‌ നേരെ പയ്യാമ്പലം ബീച്ചിലേയ്‌ക്കു പോകും. ഓണത്തിന്റെ പരിപാടികളെല്ലാം തുടങ്ങുന്നത്‌ അവിടെനിന്നാ...

പായസത്തിന്റെ ഒരു മധുരമുണ്ടല്ലോ? അതാണ്‌ ഇന്നും ഓണത്തിന്റെ ഓര്‍മയായി മനസില്‍ ബാക്കിനില്‍ക്കുന്ന ഒരു കൊതിയോര്‍മ. പയറ്‌ വറുത്ത്‌ പൊടിച്ച്‌ ഉണ്ടാക്കുന്ന പ്രഥമന്‍, അതാണ്‌ നമ്മക്ക്‌ ഇഷ്ടപ്പെട്ട പായസം. അതാണ്‌ കൊതിയൂറുന്ന പായസം. അമ്മയാണ്‌ അന്ന്‌ എല്ലാകാര്യങ്ങളും നടത്തിയിരുന്നത്‌. അമ്മയാണ്‌ പലപ്പോഴും എന്നെ നയിക്കുന്നത്‌.

അന്ന്‌ പരപരാ വെളുക്കുന്നതിനു മുമ്പേ ഭക്ഷണംപോലും കഴിക്കാതെ കുന്നിന്‍മുകളിലേയ്‌ക്കു പോകും. അവിടെ നേരത്തെ പൂ കണ്ടുവച്ചിരിക്കും. പൂക്കളം ഉണ്ടാക്കിയാല്‍ ആളുകള്‍ വന്ന്‌ കാണണമെന്നാണ്‌ ആഗ്രഹം. നല്ലത്‌ എന്നു പറഞ്ഞാല്‍ മനസില്‍ ഒരു അഹങ്കാരമാണ്‌. ആളുകള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന മനസിന്റെ സുഖം അതായിരുന്നു അന്ന്‌ ഭക്ഷണത്തേക്കാള്‍ വലുത്‌. അന്ന്‌ കുട്ടികള്‍ തമ്മില്‍ പൂവിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടാകും... എന്നാല്‍ വഴക്കുണ്ടാകില്ല. പ്രത്യേക നിറങ്ങളിലുള്ള പൂക്കള്‍ക്കുവേണ്ടിയാണ്‌ തര്‍ക്കം.. അന്ന്‌ ഇളം നീലപ്പൂക്കള്‍ക്കുവേണ്ടി ഞാന്‍ ആദ്യം ഓടും. ആ പൂക്കള്‍ പറിച്ചെടുത്ത്‌ ആദ്യം വട്ടിയിലാക്കാനാണ്‌ ഓട്ടം. കൊച്ചുന്നാളിലെ നിഷ്‌കളങ്കമായ തര്‍ക്കങ്ങളെല്ലാം ഇന്ന്‌ ഗൃഹാതുരത്വം പോലെ മനസില്‍ കുറിച്ചിട്ട സംഭവങ്ങളാണ്‌.

പൂവ്‌ എന്നു പറയുമ്പോള്‍ പണ്ടുള്ളത്‌ യഥാര്‍ത്ഥ പൂവാണ്‌, ഇന്നത്തെപ്പോലെ കൃത്രിമപൂവല്ല. കൃത്രിമപൂവ്‌ കളങ്കമുള്ള പൂവാണ്‌. ഇപ്പോള്‍ ആളുകളെ കാണിക്കാന്‍ പണം കൂടുതല്‍ കൊടുത്താല്‍ അലങ്കാരവസ്‌തുക്കള്‍ കൂടുതല്‍ കിട്ടുന്ന കാലമാണ്‌. നന്മയും തിന്മയും പോലുള്ള വ്യത്യാസം പോലെ അതില്‍ വലിയ വ്യത്യാസമുണ്ട്‌. അന്നന്നു കാണുന്നതിനെ വാഴ്‌ത്തുന്നതുപോലെയാണത്‌.

ഇന്നില്ലെങ്കില്‍ നാളെയില്ല. ഇന്നലെയുടെ നന്മകള്‍ ഒരുപാട്‌ ജീവിതകാലത്തേയ്‌ക്ക്‌ ആവേശമായിരിക്കണം. പൂക്കളിലും ഭക്ഷണത്തിലും ആഘോഷങ്ങളിലുമെല്ലാം ഇന്ന്‌ മൂല്യച്യുതി വന്നു. പഴയകാലത്തെ ഓണമാണ്‌ ഇന്നും പച്ച പിടിച്ചു നില്‍ക്കുന്ന ഓര്‍മയായി നില്‍ക്കുന്നത്‌.

തയാറാക്കിയത്‌ : ഇ.എസ്‌. ജിജിമോള്‍)