Breaking News

Trending right now:
Description
 
Oct 16, 2012

ഇന്തോ-അമേരിക്കന്‍ ആഗോള ആരോഗ്യ ഉച്ചകോടി കൊച്ചിയില്‍ നടത്തും

image തിരുവനന്തപുരം: ഇന്തോ-അമേരിക്കന്‍ ആഗോള ആരോഗ്യ ഉച്ചകോടി ജനുവരി ഒന്നു മുതല്‍ മൂന്നു വരെ കൊച്ചിയില്‍ സംഘടിപ്പിക്കും. അര്‍ബുദം, ഹൃദ്രോഗം, മാനസികരോഗങ്ങള്‍, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ ഫിസിഷ്യന്മാരുടെ വിദേശ കോണ്‍ക്‌ളേവ്‌ (ഓവര്‍സീസ്‌ ഇന്ത്യ കോണ്‍ക്‌ളേവ്‌ ഓഫ്‌ അസോസിയേഷന്‍ ഓഫ്‌ അമേരിക്കന്‍ ഫിസിഷ്യന്‍സ്‌ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍-എഎപിഐ) ആണ്‌ ഉച്ചകോടി സംഘടിപ്പിക്കുന്നത്‌. പ്രതിരോധമാര്‍ഗങ്ങള്‍, രോഗനിര്‍ണയം, ബദല്‍ ചികിത്സാമാര്‍ഗങ്ങള്‍ എന്നിവ ആഗോള നിലവാരത്തില്‍ ചെലവുകുറഞ്ഞ രീതിയില്‍ എങ്ങനെ പ്രയാസമില്ലാതെ ലഭ്യമാക്കാമെന്നതു ചര്‍ച്ച ചെയ്യുകയാണു കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ നടത്തുന്ന സമ്മേളനത്തിന്റെ ലക്ഷ്യമെന്ന്‌ എഎപിഐ പ്രസിഡന്റ്‌ ഡോ.നരേന്ദ്ര കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമമന്ത്രി ഗുലാം നബി ആസാദ്‌, കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്‌ ടി.കെ.എ. നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്ലീനറി സെഷനുകള്‍, വട്ടമേശ ചര്‍ച്ചകള്‍, ക്ലിനിക്കല്‍ പ്രാക്ടീസിനെക്കുറിച്ചുള്ള ശില്‌പശാലകള്‍, വിദഗ്‌ധരുമായി നേരിട്ടുള്ള സെഷനുകള്‍ എന്നിവ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കും. ഷിക്കാഗോ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ഡോ.ജറമി ലസാറസ്‌, ന്യൂയോര്‍ക്ക്‌ കോര്‍ണല്‍ സര്‍വകലാശാല ഓര്‍ത്തോപീഡിക്‌ സര്‍ജറി ക്ലിനിക്കല്‍ പ്രഫസര്‍ ഡോ.ചിത്തരഞ്‌ജന്‍ റാവത്ത്‌, അപ്പോളോ ഗ്രൂപ്പ്‌ ഓഫ്‌ ഹോസ്‌പിറ്റല്‍സ്‌ ചെയര്‍മാന്‍ ഡോ.പ്രതാപ്‌ സി. റെഡ്ഡി തുടങ്ങിയവര്‍ ഏറ്റവും പുതിയ ശാസ്‌ത്ര പഠന ഫലങ്ങളും അതിനെ ആസ്‌പദമാക്കിയുള്ള ചികിത്സാരീതികളും അവതരിപ്പിക്കും. ആശുപത്രികള്‍, അക്കാദമിക്‌ സ്ഥാപനങ്ങള്‍, മരുന്നു കമ്പനികള്‍, മെഡിക്കല്‍ ഉപകരണസാങ്കേതികവിദ്യാ സ്ഥാപനങ്ങള്‍ എന്നിവയുടെ സി.ഇ.ഒമാര്‍ തുടങ്ങിയവര്‍ ഒത്തുകൂടുകയും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുകയും ചെയ്യും.