Breaking News

Trending right now:
Description
 
Sep 09, 2013

നഴ്‌സുമാര്‍ സമരത്തിലേയ്‌ക്ക്‌

image കേരളത്തിലെ തൊഴിലാളി വര്‍ഗത്തില്‍ നഴ്‌സുമാര്‍ അനുഭവിക്കുന്ന ചൂഷണങ്ങളേപ്പറ്റി പഠിക്കാനും നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ബലരാമന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. 50 നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ തൊഴില്‍വകുപ്പിന്റെ കീഴില്‍ വരുന്ന 18 നിര്‍ദ്ദേശങ്ങള്‍ വ്യവസായ സമിതിയില്‍ ചര്‍ച്ച ചെയ്യുകയും പ്രാരംഭ നോട്ടിഫിക്കേഷന്‍ ഇറക്കുകയും ചെയ്‌തു. എന്നാല്‍ ഈ നോട്ടിഫിക്കേഷനുള്ളില്‍ത്തന്നെ തീരുമാനിച്ചതില്‍നിന്നു വിപരീതമായി പല പാകപ്പിഴകളും ഉണ്ടായി. ഇത്‌ പരിഷ്‌കരിച്ച പുതിയ വേതനം നല്‍കാതിരിക്കുന്നതിനുള്ള മാനേജ്‌മെന്റുകളുടെ അട്ടിമറി ശ്രമമാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ആരോഗ്യമേഖലയില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടപ്പിക്കാതിരിക്കുക എന്ന ഉദ്ദേശ്യത്തേത്തുടര്‍ന്നാണ്‌ ഇത്രയും മാസങ്ങള്‍ സമരപരിപാടികള്‍ക്ക്‌ നഴ്‌സുമാര്‍ തയ്യാറാവാതിരിക്കുകയായിരുന്നു. എന്നാല്‍ ആവശ്യസാധനങ്ങളുടെ വിലകള്‍ ദിവസംതോറും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ മിനിമം വേതനം (പട്ടിണിക്കൂലി) പോലും ലഭിക്കാതെ നഴ്‌സുമാര്‍ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.

അതിനാല്‍ കേരളത്തിലെ നഴ്‌സുമാര്‍ക്കുവേണ്ടി നഴ്‌സിംങ്‌ സംഘടയായ യുഎന്‍എ രണ്ടാംഘട്ട സമരപരിപാടിയിലേയ്‌ക്ക്‌്‌ കടക്കുകയാണ്‌.

യുഎന്‍എ ഉയര്‍ത്തുന്ന ആവശ്യങ്ങളും സമരപരിപാടികളും ഇവയാണ്‌

1. പുതുക്കിയ മിനിമം വേതനം പോരായ്‌മകള്‍ നികത്തി എത്രയും പെട്ടെന്ന്‌ ഉത്തരവിറക്കി പ്രാബല്യത്തില്‍ വരുത്തുക.
2. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ ആരോഗ്യവകുപ്പിനു കീഴില്‍ വരുന്ന 32 നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പരിഹരിക്കുക.
3. മെയില്‍ നഴ്‌സുമാരെ അവഗണിക്കുന്ന സംവിധാനം അവസാനിപ്പിക്കുക. അവര്‍ക്ക്‌ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തുക.
4. എല്ലാ ആശുപത്രികളിലും 3 ഷിഫ്‌റ്റ്‌ സംവിധാനം നടപ്പാക്കുക.
5. ഫീമെയില്‍ നഴ്‌സുമാര്‍ക്കെതിരെയുള്ള ശാരീരിക, മാനസിക പീഢനങ്ങള്‍ അവസാനിപ്പിക്കുകയും ഹാരാസ്‌മെന്റ്‌ സെല്‍ രൂപീകരിക്കുകയും ചെയ്യുക.
6. മുഖ്യമന്ത്രി പറഞ്ഞിരുന്നതുപ്രകാരം സമരം ചെയ്‌ത നഴ്‌സുമാര്‍ക്കെതിരേയുള്ള കേസുകള്‍ തള്ളിക്കളയുക.
7. അന്യസംസ്ഥാനങ്ങളില്‍ പഠിച്ചവര്‍ക്ക്‌ (post BSc, Msc) കേരള നഴ്‌സിംങ്‌ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ അംഗീകാരം നല്‍കുക.
8. റിക്രൂട്ടമെന്റ്‌ എജന്‍സികളുടെ വിദേശ നഴ്‌സിംങ്‌ റിക്രൂട്ടമെന്റ്‌ തട്ടിപ്പുകളും അമിത ചാര്‍ജ്‌ ഈടാക്കലും നിര്‍ത്താന്‍ ഗവണ്‍മെന്റ്‌ സംവിധാനം ഏര്‍പ്പെടുത്തുക.
9. ODEPC കാര്യക്ഷമമാക്കുക.
10. നഴ്‌സുമാരുടെ വിദ്യാഭ്യാസ ബാങ്ക്‌ വായ്‌പകള്‍ എഴുതിത്തള്ളുക.
11. Kerala Nursing Council രജിസ്‌ട്രേഷന്‍ ചെയ്‌ത നഴ്‌സുമാരുടെ ലൈവ്‌ ലിസ്റ്റ്‌ പ്രഖ്യാപിക്കുക. തുടര്‍ന്ന്‌ Kerala Nursing Council ഇലക്ഷന്‍ പ്രഖ്യാപിക്കുക.
12. തൊഴില്‍ ചൂഷണങ്ങള്‍ തടയാന്‍ Labour Department കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുക. 2009 വരെ മിനിമം വേതനം കൊടുക്കാത്ത ആശുപത്രികളുടെമേല്‍ ചുമത്തിയിരിക്കുന്ന Claim Petition-നുകള്‍ക്ക്‌ തീരുമാനമുണ്ടാക്കുക.
13. പ്രശ്‌നപരിഹാരസെല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും പ്രശ്‌നപരിഹാര സെല്‍ രൂപീകരിക്കുക.
14. Labour Department എല്ലാ ആശുപത്രികളിലും Inspection നടത്തി രേഖകള്‍ പൊതുവായി പ്രസിദ്ധീകരിക്കുക.
15. നിയമങ്ങള്‍ നടപ്പാക്കാത്ത ആശുപത്രികളുടെ ലിസ്റ്റ്‌ പരസ്യമായി പ്രസിദ്ധീകരിക്കുക.

ഈ കാര്യങ്ങള്‍ക്കെല്ലാം തീരുമാനമായില്ലെങ്കില്‍ UNA ശക്തമായ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങുമെന്ന്‌ UNA മുന്നറിയിപ്പു നല്‍കി.

ഇതിനായി നവംബര്‍ ഒന്നിന്‌ കേരളപ്പിറവി ദിനത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരമാവധി നഴ്‌സുമാരെ സംഘടിപ്പിച്ച്‌ പ്രതിഷേധ ധര്‍ണ്ണ നടത്തും.
തുടര്‍ന്ന്‌ നവംബര്‍ പതിനാറിന്‌ UNA പിറവി ദിനത്തില്‍ ഒരു ലക്ഷം നഴ്‌സുമാരും അവരുടെ മാതാപിതാക്കളും ഒരുമിച്ചുകൂടി സെക്രട്ടറിയേറ്റിനുമുന്നിലേയ്‌ക്ക്‌ പ്രതിഷേധ ധര്‍ണ്ണ നടത്തും. അത്യാഹിത വിഭാഗങ്ങളില്‍ മാത്രമേ നഴ്‌സുമാര്‍ ജോലിക്ക്‌ ഉണ്ടാകുകയുള്ളൂ.

നവംബര്‍ 16-ലെ സൂചനാപണിമുടക്കിനു ശേഷം സംസ്ഥാനവ്യാപകമായി നഴ്‌സുമാര്‍ പണിമുടക്കും.