Breaking News

Trending right now:
Description
 
Sep 03, 2013

ലാക്‌മെ ഫാഷന്‍ വീക്ക്‌ 2013: വസ്‌ത്ര ഡിസൈനില്‍ കഥകളി സ്‌പര്‍ശവുമായി നിഖില്‍ തമ്പി

image

കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയുടെ വശ്യഭംഗി വസ്‌ത്ര ഡിസൈനുകളിലേക്കും കുടിയേറുന്നു. കഥകളി വേഷങ്ങളുടെ മോട്ടിഫുകള്‍ അഴകണയ്‌ക്കുന്ന പുത്തന്‍ ഡിസൈനുകള്‍ ആണ്‌ ലാക്‌മെ ഫാഷന്‍ വീക്കില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതും.

Nikhil Thampi LFW WF 2013


ദക്ഷിണേന്ത്യയില്‍ വേരുകളുള്ള പ്രശസ്‌ത ഡിസൈനര്‍ നിഖില്‍ തമ്പിയാണ്‌ കഥകളി വേഷങ്ങളെ അവയുടെ മിഴിവുചോരാതെ തന്നെ വസ്‌ത്രാലങ്കാരത്തിലേക്ക്‌ സന്നിവേശിപ്പിച്ച്‌ ലാക്‌മെ ഫാഷന്‍ വീക്കിന്റെ ശ്രദ്ധാകേന്ദ്രമായത്‌. നിഖില്‍ അവതരിപ്പിച്ച ന്യൂ ഏജ്‌ ഇന്ത്യന്‍ പങ്ക്‌ കലക്ഷന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു പുതിയ ട്രെന്‍ഡിനാണ്‌ തുടക്കം കുറിക്കുന്നത്‌.


ചോളികള്‍, ലെഹങ്കകള്‍, ചെറിയ സാരികള്‍, കുര്‍ത്തികള്‍ എന്നിവയിലാണ്‌ കലക്ഷനിലെ സ്‌ത്രീകള്‍ക്കുള്ള ഡിസൈനുകള്‍. ലിനന്‍, കോട്ടണ്‍, സില്‍ക്ക്‌, നെറ്റ്‌ മെറ്റീരിയലുകളില്‍ തീര്‍ത്തിട്ടുള്ള ഈ ഡിസൈനുകള്‍ ഫാഷന്‍ മികവിനൊപ്പം സാധാരണ ജീവിതത്തില്‍ ഉപയോഗിക്കാന്‍ എളുപ്പമുള്ളവയുമാണ്‌.


ലുങ്കി അഥവാ പാലസോ പാന്റ്‌സ്‌, ബുന്‍ദ്‌ഗാല ജാക്കറ്റ്‌, വെയ്‌സ്റ്റ്‌ കോട്ട്‌ എന്നിവയാ ണ്‌ പുരുഷന്‍മാര്‍ക്കായ്‌ നിഖില്‍ തമ്പി ഒരുക്കിയിരിക്കുന്നത്‌. കഥകളി വേഷങ്ങളില്‍ നിന്നുള്ള കറുപ്പ്‌, സ്വര്‍ണ്ണ നിറങ്ങളാണ്‌ ഈ ഡിസൈനുകളില്‍ കഥകളി വേഷങ്ങളു ടെ മോട്ടീഫുകള്‍ക്കൊപ്പം സ്ഥാനം പിടിക്കുന്നത്‌.


നിഖില്‍ തമ്പിയുടെ കഥകളി അധിഷ്‌ഠിത ഡിസൈനുകള്‍ക്ക്‌ മിഴിവേകാന്‍ കഥകളി കലാകാരന്‍മാരുടെ ആഭരണങ്ങളെ ആസ്‌പദമാക്കി സൃഷ്‌ടിച്ച പുതിയ ആഭരണ നിരയും ഫാഷന്‍ വീക്കില്‍ അവതരിപ്പിച്ചു. പ്രശസ്‌ത ഡിസൈനര്‍ നിത്യ അറോറയാണ്‌ ഈ ആഭരണങ്ങള്‍ രൂപകല്‍പന ചെയ്‌തത്‌.

വ്യോമയാന ബിസിനസ്‌ കുടുംബത്തില്‍ നിന്നെത്തുന്ന നിഖില്‍ തമ്പി മനശാസ്‌ത്ര ബിരുദധാരിയാണ്‌. രണ്ടുവര്‍ഷം മുന്‍പ്‌ ലാക്‌മെ ഫാഷന്‍ വീക്കില്‍ സാന്നിധ്യമറിയിച്ച നിഖില്‍ ഇത്തവണ അനുപമയായ കഥകളി ആസ്‌പദ ഡിസൈനുകളിലൂടെ ഫാഷന്‍ ലോകത്തിന്റെ കണ്ണും കരളും കവര്‍ന്നു. കഥകളിയുടെ വര്‍ണ ഭംഗികള്‍ ഫാഷന്‍ ലോകത്ത്‌ കൂടുതല്‍ ഇടം നേടാന്‍ ഇത്‌ നിമിത്തമാകും.