Breaking News

Trending right now:
Description
 
Aug 31, 2013

ഗാര്‍ഫീല്‍ഡ്‌ മിഷനില്‍ തിരുനാളിനു കൊടിയേറി

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: ഗാര്‍ഫീല്‍ഡ്‌ ബ്ലസ്‌ഡ്‌ ജോണ്‍ പോള്‍ സെക്കന്‍ഡ്‌ സീറോ മലബാര്‍ മിഷന്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമാതാവിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാളിന്‌ കൊടിയേറി. വെള്ളിയാഴ്‌ച വൈകുന്നേരം ആറരയ്‌ക്ക്‌ മിഷന്‍ ഡയറക്ടര്‍ ഫാ. പോള്‍ കോട്ടയ്‌ക്കല്‍ കൊടി ഉയര്‍ത്തിയതോടെയാണ്‌ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിന്‌ തുടക്കം കുറിച്ചത്‌. ഫാ. അലക്‌സ്‌ വാച്ചാപറമ്പില്‍, ഫാ. സന്തോഷ്‌ മാത്തന്‍കുന്നേല്‍, ഫാ. ബിജു നാറാത്ത്‌, ഫാ. തോമസ്‌ കടുകപ്പള്ളില്‍, മിഷന്‍ ട്രസ്റ്റി ബിനു ജോണ്‍, സെക്രട്ടറി ജോയി ചാക്കപ്പന്‍, തിരുനാള്‍ പ്രസുദേന്തിയെ പ്രതിനിധീകരിച്ച്‌ സെന്റ്‌ സൈമണ്‍ വാര്‍ഡ്‌ പ്രസിഡന്റ്‌ സജിമോന്‍ ആന്റണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്നു നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയില്‍ ഫാ. ബിജു നാറാത്ത്‌ മുഖ്യ കാര്‍മികനായിരുന്നു. ഫാ. തോമസ്‌ കടുകപ്പള്ളില്‍ വചനസന്ദേശം നല്‌കി.

പരിശുദ്ധ അമ്മയിലൂടെ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജീവിതത്തിലുണ്ടായ പരിവര്‍ത്തനങ്ങളെക്കുറിച്ച്‌ ഫാ. തോമസ്‌ അനുസ്‌മരിച്ചു. ഒരു ഖനിത്തൊഴിലാലിയില്‍നിന്ന്‌ മാര്‍പാപ്പയായി വിശുദ്ധ ജീവിതം നയിക്കാന്‍ ജോണ്‍പോള്‍ രണ്ടാമനു കഴിഞ്ഞത്‌ സ്വര്‍ഗീയ അമ്മയില്‍ അഭയം പ്രാപിച്ചതുകൊണ്ടാണെന്ന്‌ ഫാ. തോമസ്‌ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതചരിത്രം പരിശോധിച്ചാല്‍ അമ്മയുടെ ഇടപെടല്‍ ജീവിതത്തിലുടനീളം ദര്‍ശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Photo is loading

ഇന്ന്‌ വൈകുന്നേരം 5.15-ന്‌ നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്‌ക്ക്‌ ഫാ. ഫ്രാന്‍സിസ്‌ നമ്പ്യാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന്‌ മിഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നടക്കും.

നാളെ രാവിലെ 11.15-ന്‌ നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്‌ക്കുശേഷം വിശുദ്ധരുടെ രൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം നടക്കും. ന്യൂജേഴ്‌സി/ന്യൂയോര്‍ക്ക്‌ മേളമിത്ര അവതരിപ്പിക്കുന്ന ചെണ്ടമേളം പ്രദക്ഷിണത്തെ അവിസ്‌മരണീയമാക്കും. തിരുനാളിനോട്‌ അനുബന്ധിച്ച്‌ പള്ളി ദീപാലംകൃതമാക്കിയിട്ടുണ്ട്‌..

സെന്റ്‌ സൈമണ്‍സ്‌ ഫാമിലി യൂണിറ്റാണ്‌ ഈ വര്‍ഷം തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത്‌.