Breaking News

Trending right now:
Description
 
Aug 31, 2013

ഭക്ഷ്യസുരക്ഷാ ബില്‍ രാജ്യത്ത്‌ മാറ്റം വരുത്തും: പത്മജാ വേണുഗോപാല്‍

Jose M George
image

മെല്‍ബണ്‍: ഇന്ത്യ മഹാരാജ്യത്ത്‌ എഴുപത്‌ ശതമാനം വരുന്ന ആളുകള്‍ക്ക്‌ മൂന്നു രൂപയ്‌ക്ക്‌ അരിയും രണ്ടു രൂപയ്‌ക്ക്‌ ഗോതമ്പും നല്‍കുക വഴി രാജ്യം ചരിത്രപരമായ നേട്ടമാണ്‌ കൈവരിക്കാന്‍ പോകുന്നതെന്ന്‌ കെപിസിസി ജനറല്‍ സെക്രട്ടറി പത്മജാ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

ഭക്ഷ്യസുരക്ഷ ബില്ലു വഴി 82 കോടി ജനതയ്‌ക്ക്‌ ഈ പ്രയോജനം ലഭിക്കുന്ന ലോകത്തിലെ തന്നെ ഒരു വലിയ പദ്ധതിയാണിതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

രാജ്യത്ത്‌ നടപ്പാക്കിയ തൊഴിലുറപ്പ്‌ പദ്ധതി, വിദ്യാഭ്യാസ അവകാശ നിയമം, വിവരാവകാശ നിയമം എന്നിവ സാധാരണക്കാര്‍ക്ക്‌ ഏറ്റവും പ്രയോജനം കിട്ടിയ പദ്ധതികളായിരുന്നു. ഓരോ മനുഷ്യനും അന്തസോടെ ജീവിക്കാനുള്ള സാഹചര്യം നല്‍കുന്ന പരിരക്ഷയാണ്‌ ഭക്ഷ്യസുരക്ഷാ ബില്‍ ലക്ഷ്യമിടുന്നത്‌. രാജ്യത്ത്‌ ഹരിത-ധവള വിപ്ലവങ്ങള്‍ പോലെ ഉത്‌പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങള്‍ ലോകത്ത്‌ എല്ലാവര്‍ക്കും പ്രാപ്യമാകുകയും അത്‌ എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന ധീരമായ ബില്ലാണ്‌ ഭക്ഷ്യസുരക്ഷാ ബില്ലെന്ന്‌ പത്മജാ വേണുഗോപാല്‍ പറഞ്ഞു.

ഹൃസ്വ സന്ദര്‍ശനാര്‍ഥം ഓസ്‌ട്രേലിയയില്‍ എത്തിയ പത്മജാ വേണുഗോപാലിനെ ഓഐസിസി ദേശീയ ജോസ്‌ പ്രസിഡന്റ്‌ ജോസ്‌ എം. ജോര്‍ജ്‌ സ്വീകരിച്ചു. ജോര്‍ജ്‌ തോമസ്‌, സജി തൈപ്പറമ്പില്‍, റോയി തോമസ്‌ എന്നിവരും സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.