Breaking News

Trending right now:
Description
 
Aug 31, 2013

ഫെഡറല്‍ ബാങ്കിന്റെ ഫെഡ്‌ബുക്ക്‌ സംവിധാനം നിലവില്‍വന്നു

image ബാങ്ക്‌ ബാലന്‍സും ഇടപാടു വിവരങ്ങളും അറിയാന്‍ ഇനി മണിക്കൂറുകള്‍ ക്യൂനിന്നു പാസ്‌ബുക്ക്‌ പതിപ്പിക്കേണ്ടതില്ല. എസ്‌എംഎസ്‌ സന്ദേശത്തിനായി കാത്തിരിക്കേണ്ടതുമില്ല. സ്‌മാര്‍ട്ട്‌ ഫോണോ ടാബ്‌ലറ്റോ സ്വന്തമായുള്ളവര്‍ക്കു വെറുമൊരു ക്ലിക്ക്‌ മാത്രം മതി. നിങ്ങളുടെ പാസ്‌ബുക്ക്‌ ഇലക്‌ട്രോണിക്‌ സംവിധാനത്തിലൂടെ പതിച്ചുകിട്ടും. ഫെഡറല്‍ ബാങ്ക്‌ പുറത്തിറക്കിയ പാസ്‌ബുക്കിന്റെ ഇലക്‌ട്രോണിക്‌ പതിപ്പായ ഫെഡ്‌ബുക്കിലൂടെയാണു സംവിധാനം ലഭ്യമാകുന്നത്‌. ഇന്ത്യയില്‍ ആദ്യമായിട്ടാണ്‌ ഇത്തരമൊരു സംവിധാനം. ഫെഡ്‌ബുക്ക്‌ സംവിധാനത്തിനായി യാതൊരു ഫീസും നല്‌കേണ്ടതില്ല. സേവനം ലഭ്യമാക്കുന്നതിനുള്ള കാലാവധി ഉപഭോക്താവിനു നിശ്ചയിക്കാം. ആന്‍ഡ്രോയിഡ്‌ പ്ലാറ്റ്‌ഫോം ഉള്ളവര്‍ക്കു ഫെഡ്‌ബുക്ക്‌ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്‌തു സ്‌മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ്‌ എന്നിവയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്‌തു കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക്‌ ബാങ്ക്‌ അക്കൗണ്ടുകളിലെ ഇടപാട്‌ വിവരങ്ങള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും വീക്ഷിക്കാനാവും. ബാങ്ക്‌ പ്രവര്‍ത്തന സമയമോ, അവധി ദിനമോ ഇലക്‌ട്രോണിക്‌ പാസ്‌ബുക്ക്‌ പതിപ്പിക്കുന്നതിനു തടസമാകില്ല. സേവിംഗ്‌സ്‌, കറന്റ്‌ അക്കൗണ്ടുകള്‍ ഉള്ളവര്‍ക്കാണ്‌ ഇപ്പോള്‍ ഫെഡ്‌ബുക്ക്‌ സേവനം ലഭ്യമാകുന്നത്‌. ഫെഡ്‌ബുക്ക്‌ സംവിധാനത്തിലൂടെ മൊബൈല്‍ അധിഷ്‌ഠിത ബാങ്കിംഗ്‌ സേവനങ്ങള്‍ക്കു പുതിയ മാനം കൈവന്നിരിക്കുകയാണെന്നു ഫെഡറല്‍ ബാങ്ക്‌ ജനറല്‍ മാനേജരും റീട്ടെയില്‍ ആന്‍ഡ്‌ ഇന്റര്‍നാഷണല്‍ ബിസിനസ്‌ വിഭാഗം മേധാവിയുമായ സുരേന്ദ്രന്‍ പറഞ്ഞു. എന്‍ആര്‍ഐ വിഭാഗം ഉപയോക്താക്കളില്‍നിന്നു നല്ല പ്രതികരണമാണു ഫെഡ്‌ബുക്കിനു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014 മാര്‍ച്ച്‌ 31നകം ഫെഡറല്‍ ബാങ്കിന്റെ എല്ലാ ഉപയോക്താക്കളും ഫെഡ്‌ബുക്ക്‌ സേവനത്തിലേക്കു പ്രവേശിക്കുമെന്നാണു കരുതുന്നത്‌. 1,800-ഓളം പേര്‍ ഇതിനകം ഫെഡ്‌ബുക്ക്‌ സേവനത്തിനുള്ള ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്‌തു കഴിഞ്ഞു. പ്രതിദിനം 100 പേര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്യുന്നതായും ബാങ്ക്‌ അധികൃതര്‍ പറഞ്ഞു.