Breaking News

Trending right now:
Description
 
Aug 29, 2013

രൂപ പടുക്കുഴിയിലേക്ക്‌; ഡോളറും സ്വര്‍ണവും കുതിച്ചു

image രൂപയ്‌ക്കു ചരിത്രത്തിലെ ഏറ്റവും വലിയ വിലയിടിവ്‌ തുടരുന്നു. സിറിയന്‍ പ്രശ്‌നവും ഡോളറും ക്രൂഡോയിലും ചേര്‍ന്ന്‌ ഇന്ത്യന്‍ കറന്‍സിയെ വെട്ടിവീഴ്‌ത്തിയ ദിനമായിരുന്നു ഇന്നലെ. ഡോളര്‍ വില 68.85 രൂപയിലെത്തുകയും പിന്നീടു ചെറിയ നേട്ടത്തോടെ രൂപ 68.80 ല്‍ എത്തുകയും ചെയ്‌തു. രൂപയ്‌ക്കൊപ്പം കൂപ്പുകുത്തിയ ഓഹരി വിപണിയാകട്ടെ 547 പോയിന്റിന്റെ നഷ്‌ടത്തില്‍ നിന്നു 28 പോയിന്റ്‌ നേട്ടത്തോടെ തിരികെ കയറിയതും അപ്രതീക്ഷിതമായി. ഐടി, ലോഹവ്യവസായം തുടങ്ങിയവയാണു സെന്‍സെക്‌സിനെ സഹായിച്ചത്‌. രൂപയ്‌ക്ക്‌ ഇന്നലെ ഒറ്റദിവസം 256 പൈസയുടെ നഷ്‌ടമുണ്ടായി. രാവിലെ 66.90 രൂപയിലാണു ഡോളര്‍ വിനിമയം ആരംഭിച്ചത്‌. തലേദിവസം 66.24 രൂപയായിരുന്നു നിരക്ക്‌. ഉച്ചതിരിഞ്ഞതോടെ രൂപയുടെ ഇറക്കം ആരംഭിച്ചു. ഒറ്റദിവസം 3.86% നഷ്‌ടമാണു സംഭവിച്ചത്‌. ഡോളറിന്റെ വില ഉയര്‍ന്നതോടെ ഐടി കമ്പനികള്‍ക്കു കൈനിറയെ രൂപ ലഭിക്കുന്ന സ്ഥിതിയാണ്‌. ഡോളറിനൊപ്പം സ്വര്‍ണവിലയും ഇന്നലെ കുതിച്ചു. മുംബൈ വിപണിയില്‍ സ്റ്റാന്‍ഡാര്‍ഡ്‌ ഗോള്‍ഡിനു പത്തുഗ്രാമിന്‌ 680 രൂപയുടെ വര്‍ധനയാണുണ്ടായത്‌. 33,265 രൂപയിലാണു ക്ലോസ്‌ ചെയ്‌തത്‌. കേരളത്തില്‍ പവന്‌ 320 രൂപ ഉയര്‍ന്ന്‌ 23,200 രൂപയിലെത്തി. വെള്ളിവില കിലോഗ്രാമിന്‌ 2,800 രൂപ വര്‍ധിച്ച്‌ 59,470 രൂപയിലെത്തി. വെള്ളിക്ക്‌ ഏഴുമാസത്തിനിടയിലെ ഏറ്റവും വലിയ വിലവര്‍ധനയാണിത്‌.

അതേസമയം രൂപയുടെ വിലയിടിവില്‍ ആശങ്ക വേണ്ടെന്നു ധനമന്ത്രാലയം അറിയിച്ചു. ഇപ്പോഴത്തെ വിലയിടിവ്‌ യുക്തിരഹിതമായ വികാരത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും അതു സ്വയം തിരുത്തപ്പെടുമെന്നും സാമ്പത്തികകാര്യ സെക്രട്ടറി അരവിന്ദ്‌ മായാറാം പറഞ്ഞു. ഏപ്രില്‍ മുതല്‍ രൂപയ്‌ക്കു 20% വിലയിടിവാണുണ്ടായത്‌. കറന്റ്‌ അക്കൗണ്ട്‌ കമ്മിയുടെ വര്‍ധന, സാമ്പത്തിക മാന്ദ്യം, മൂലധനത്തിന്റെ വരവു കുറഞ്ഞത്‌ തുടങ്ങിയവ കാരണങ്ങളായി. കറന്റ്‌ അക്കൗണ്ട്‌ കമ്മി പ്രതീക്ഷിക്കുന്നതിനേക്കാള്‍ താഴെയായിരിക്കും. സിറിയന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതാണു രൂപയുടെ വില ഇടിയാന്‍ കാരണമായതെന്നു മായാറാം പറഞ്ഞു.