Breaking News

Trending right now:
Description
 
Aug 25, 2013

ബാഗേജ്‌ ഭാരം വെട്ടിക്കുറച്ച നടപടി എയര്‍ഇന്ത്യ പുനപരിശോധിക്കും

image ബാഗേജ്‌ വെട്ടിക്കുറച്ച എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ നടപടി പുനഃപരിശോധിക്കാമെന്നു എയര്‍ ഇന്ത്യ ജോയിന്റ്‌ എംഡിയുടെ ഉറപ്പ്‌. കേന്ദ്ര വ്യോമയാന മന്ത്രി അജിത്‌ സിംഗുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷം ഇന്ത്യന്‍ മീഡിയ അബുദാബിയുടെ നേതൃത്വത്തിലുള്ള സംഘം എയര്‍ ഇന്ത്യ ജോയിന്റ്‌ എംഡി സെയ്‌ദ്‌ നാസറലിയുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഈ തീരുമാനം. ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗള്‍ഫ്‌ രാജ്യങ്ങളിലേക്കു സര്‍വീസ്‌ നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്‌പ്രസിലെ ബാഗേജ്‌ ഭാരം 30 കിലോഗ്രാമില്‍നിന്നു 20 കിലോഗ്രാമാക്കി കുറച്ചിരുന്നു. 22 നാണ്‌ ഇതു പ്രാബല്യത്തില്‍ വന്നത്‌. ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയ നിവേദക സംഘം കേന്ദ്രമന്ത്രിമാരായ എ. കെ. ആന്റണി, വയലാര്‍ രവി, പ്രഫ. കെ.വി. തോമസ്‌, കൊടിക്കുന്നില്‍ സുരേഷ്‌, കെ.സി. വേണുഗോപാല്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഈ ആവശ്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റേയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടേയും ശ്രദ്ധയില്‍പ്പെടുത്തുമെന്നു എ.കെ. ആന്റണി സംഘത്തിന്‌ ഉറപ്പ്‌ നല്‍കിയിരുന്നു. വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാലുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു മന്ത്രി നടത്തിയ ഇടപെടലുകളാണു പ്രശ്‌നത്തിനു പരിഹാര നിര്‍ദേശമുണ്ടാക്കിയതെന്നു പ്രതിനിധി സംഘം വ്യക്തമാക്കി. സീസണ്‍ സമയത്തു പോലും വിദേശ വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാരെ ഇന്ത്യയിലെത്തിക്കുമ്പോള്‍ മലയാളികള്‍ കൂടുതലായി ഉപയോഗിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ അതിന്റെ ഇരട്ടിയിലധികം തുകയാണ്‌ ഈടാക്കുന്നതെന്നും ചര്‍ച്ചയില്‍ ഉന്നയിച്ചതായി സംഘം അറിയിച്ചു.