Breaking News

Trending right now:
Description
 
Aug 24, 2013

നാളെകള്‍ കാക്കാന്‍ പൊരുതുന്ന ജസീറയെ രാഷ്ട്രീയക്കാര്‍ അവഗണിക്കുന്നത്‌ എന്തുകൊണ്ട്‌?

image
ജസീറയും ഡാളിയമ്മൂമ്മയുടെ വിലാപങ്ങള്‍ പൊതു സമൂഹം പുച്ഛത്തോടെയാണ്‌ കാണുന്നത്‌. പരിസ്ഥിതിയുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ഏത്‌ സമരവും ഒറ്റയാള്‍ പോരാട്ടങ്ങളും സമൂഹത്തില്‍ പരിഹസിക്കപ്പെടുമ്പോള്‍ ജസീറയുടെ വാദങ്ങള്‍ നാം കേള്‍ക്കേണ്ടേ.കണ്ണൂരിലെ മാടായി ഗ്രാമത്തിലെ കടല്‍ മണല്‍ഖനനത്തിനെതിരെയാണ്‌ ജസീറ പോരാട്ട വേദിയില്‍ ഇറങ്ങിയത്‌.
കോട്ടയത്ത്‌ വിവാഹിതയായി എത്തിയ ജസീറ മണല്‍ ഖനനം നടത്തുന്നവര്‍ക്കെതിരെ പട നയിച്ചത്‌ യാദൃശ്ചികമായാണ്‌. മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാന്‍ സ്വന്തം വീട്ടിലെത്തിയ ജസീറ കണ്ടത്‌ തന്റെ കടലിന്റെ മുറ്റം തനിക്ക്‌ നഷ്ടമാകുന്നത്‌. അതിലേറെ ജസീറയെ നോവിച്ചത്‌ രണ്ടുതരം നീതിയുടെ കയ്‌പ്പായിരുന്നു.

ജസീറയുടെ സഹോദരന്‍മാര്‍ മണല്‍ മാഫിയയക്കെതിരെ ശക്തമായി പോരാടുന്നവരാണ്‌.
ചിലരെ മണല്‍ വാരി വെറും ഒരു ചാക്കില്‍ ഓട്ടോയില്‍ കൊണ്ടുപോയപ്പോള്‍ പോലീസ്‌ പിടികൂടി. എന്നാല്‍ ടിപ്പറുകളില്‍ യഥേഷ്ടം മണല്‍ കടത്തിയവര്‍ക്ക്‌ പോലീസ്‌ എല്ലാവിധ സഹായങ്ങളും നല്‌കി. ഈ അനീതിക്കെതിരെ പോരാട്ടവീര്യവുമായി ജസീറ രംഗത്ത്‌ എത്തി. കൈക്കുഞ്ഞിനെയുമെടുത്ത്‌ രണ്ടു പെണ്‍കുഞ്ഞുങ്ങളെയും കൂട്ടി ടിപ്പര്‍ ലോറിയുടെ മുന്നില്‍ കുത്തിയിരുന്ന ജസീറ താന്‍ വലിയൊരു പോരാട്ടത്തിന്റെ അങ്കത്തട്ടിലാണ്‌ പ്രവേശിച്ചതെന്ന്‌ തിരിച്ചറിഞ്ഞില്ല, കളക്ടറെപ്പോലും ആക്രമിച്ചു കീഴടക്കുന്ന മണല്‍ മാഫിയയുടെ ശക്തി തിരിച്ചറിഞ്ഞ ജസീറ പതറിയില്ല.

മണല്‍ മാഫിയയുടെ കയ്യിലായ യുവത്വം ജസീറയുടെ പരിദേവനങ്ങളെയും ആക്രോശങ്ങളെയും കൈക്കാര്യം ചെയ്‌തു. ജസീറ വാശിയോടെ പൊരുതി. മൊബൈലില്‍ മണല്‍ വാരലുകാരുടെ ചിത്രം ഒപ്പിയെടുത്ത്‌ പരാതിയുമായെത്തി. മണല്‍ മാഫിയക്കാര്‍ മര്‍ദ്ദിച്ചിട്ടും ജസീറ മാറിയില്ല

തന്റെ കൂര പൊളിച്ചപ്പോള്‍ അവര്‍ നടത്തുന്ന വലിയൊരു കൊള്ളയുടെ പൊരുള്‍ ഇവര്‍ അറിഞ്ഞു. വീട്ടുകാരും നാട്ടുകാരും എതിരായപ്പോഴും ഒരു തരി മണല്‍ വിട്ടു തരില്ല എന്നവര്‍ ഉറക്കെ പറഞ്ഞത്‌ കണ്ണൂരില്‍ വല്ലോപ്പോഴും വിരുന്നെത്തുവാന്‍ മാത്രം സാധ്യതയുള്ള തന്റെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയല്ല, നാളെ ഭൂമിയില്‍ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും വേണ്ടിയുള്ള പോരാട്ടമാണിത്‌.

ബാല്യം പിച്ചവച്ച പ്രകൃതിയും പരിസ്ഥിതിയും തനിക്ക്‌ അന്യമാകുന്നതിന്റെ ശാസ്‌ത്രീയ വശങ്ങള്‍ ജസീറക്ക്‌ അറിയില്ല. പക്ഷേ ഒന്നറിയാം, നാളെകളില്‍ കടലമ്മ കള്ളിയാണെന്ന്‌ എഴുതുവാന്‍ ഒരു പുറം എന്നന്നേക്കുമായി നഷ്ടമാകുകയാണ്‌. തിര കാലുകള്‍ തഴുകി പോകുവാന്‍ ഒരു തീരമില്ലാതാവുന്നു

. Gigi Shibu's photo. 

ജസീറയുയെ ഇടപ്പെടലുകളോടെ ഇടതടവില്ലാതെ പായുന്ന ടിപ്പറുകള്‍ അപ്രത്യക്ഷമായി. പോലീസ്‌ ഔട്ട്‌ പോസ്‌റ്റ്‌ സ്ഥാപിച്ചു. എന്നാല്‍ പോലീസ്‌ കൈമണിയില്‍ മറിഞ്ഞു, രക്ഷാകര്‍ത്താക്കളായി രാഷ്ട്രീയ നേതൃത്വം. ജസീറ തന്റെ സമരം ശക്തമാക്കി.
സ്‌ത്രീകളെ ഉപയോഗിച്ചായി പിന്നെ മണല്‍ കടത്ത്‌. സ്‌ത്രീകള്‍ തലച്ചുമടായി മണല്‍ ചുമന്ന്‌ പായ്‌ക്കറ്റുകളിലാക്കി വിറ്റു. ജസീറ മാത്രമല്ല കുഞ്ഞുങ്ങളും സഹോദരങ്ങളും ജസീറയുടെ സമരത്തില്‍ അണിച്ചേര്‍ന്നു. റിസ്വാന(13), ശിഫാന(11) മുഹമ്മദ്‌(ഒന്നര) എന്നിവരും ഈ പോരാട്ടത്തില്‍ അമ്മയ്‌ക്ക്‌ കൈത്താങ്ങായി കൂടെയുണ്ട്‌. ജൂണ്‍മാസം ജസീറ കണ്ണൂര്‍ കളക്ട്രേറ്റിനു മുമ്പാകെയാണ്‌ സമരം ചെയ്‌തത്‌. എന്നാല്‍ നീതി അകലെയാണെന്ന്‌ കരുതി അവര്‍ എത്തി തിരുവനന്തപുരത്ത്‌.

എന്നാല്‍ ജസീറയുടെ പോരാട്ടത്തെ ഏറ്റവും അധികം വിമര്‍ശിക്കുന്നത്‌ അബ്ദുള്ളക്കുട്ടി എംഎല്‍എയാണ്‌.
വികസനവിരോധിയായ ജസീറ തന്റെ കുഞ്ഞുങ്ങളെ സെക്ട്രട്ടറിയേറ്റിന്റെ മുമ്പില്‍ ഇരുത്തിയിരിക്കുന്നത്‌ പേരിനും പണത്തിനും ആണെന്നാണ്‌ അദ്ദേഹത്തിന്റെ ആരോപണം.

കുഞ്ഞുങ്ങളുടെ പഠനം ഇല്ലാതാക്കി അരക്ഷിതമായി സമരത്തിന്‌ ഇരിക്കുന്നതാണ്‌ എംഎല്‍എയെ ചൊടിപ്പിക്കുന്നത്‌. കടല്‍ നികത്തി വികസനം കൊണ്ടു വരുന്ന വികസിത രാജ്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ മണല്‍ വാരല്‍ നിയമം സാധുത നല്‌കണമെന്നുമാണ്‌ എംഎല്‍എയുടെ വാദം. ഇവരില്‍ ആരാണ്‌ യഥാര്‍ത്ഥ പൊതു ശത്രു?

കണ്ണൂരില്‍ നിന്ന്‌ നെയ്യാറ്റിന്‍ കരയില്‍ എത്തുമ്പോള്‍ കണ്ട ആ ദ്യശ്യം മതി മണല്‍ മാഫിയയുടെ ക്രൂരതയറിയാന്‍. 1984 മുതല്‍ തന്റെ കൂര സംരക്ഷിക്കാന്‍ യുദ്ധം നടത്തുന്ന ഡാളിയമ്മുമ്മയുടെ അവസാന മണ്ണും പുഴ കവരുന്ന ചിത്രം ലോകം കണ്ടതാണ്‌. ഈ കഴിഞ്ഞ മഴയത്ത്‌ അവരുടെ അവസാന തുള്ളി മണ്ണും കവര്‍ന്നെടുത്തു നെയ്യാര്‍. മണലൂറ്റിന്റെ ഫലമായി കര നഷ്ടപ്പെട്ടതാണ്‌ ഈ അമ്മയക്ക്‌.

എണ്‍പതാം വയസില്‍ തലച്ചായക്കാന്‍ അഗതി മന്ദിരത്തില്‍ അഭയം പ്രാപിക്കേണ്ടി വന്ന ഡോളിയമ്മുമ്മ പോരാടുകയാണ്‌. മാഫിയക്കാരുടെ അതിക്രമങ്ങളെ ഭയപ്പെടാതെ.. അവര്‍ യുദ്ധം ചെയ്യുന്നു.

Gigi Shibu's photo. 

മണലൂറ്റുകാര്‍ക്ക്‌ തന്റെ മണ്ണും ഭൂമിയും നല്‌കില്ലെന്ന്‌ പറയുമ്പോള്‍ അമ്മുമ്മയ്‌ക്ക്‌ പ്രായം ഇത്ര അധികരിച്ചില്ല. ഇരുപത്‌ വര്‍ഷമായി അവര്‍ പൊരുതിയത്‌ തന്റെ പത്ത്‌ സെന്റ്‌ സംരക്ഷിക്കാന്‍ മാത്രമല്ല. പക്ഷേ ആരും ചെവിക്കൊണ്ടില്ല. നെയ്യാര്‍ ക്രൂരമായി ആ അമ്മയുടെ അവസാന ശ്വാസവും കവര്‍ന്നെടുക്കുമ്പോള്‍ നാം ചിരിക്കരുത്‌, കാരണം നാളെ പ്രകൃതി വരുന്നു സംഹാരനൃത്തം നടത്തി എന്റെയും നിന്റെയും അവസാന ശ്വാസവും സ്വന്തമാക്കുവാന്‍

നിയമങ്ങള്‍ കാറ്റില്‍ പറക്കുമ്പോള്‍ ഈ പാവം പ്രകൃതിയുടെ അവസാന നിലനില്‍പ്പിനായി പോരാടുവാന്‍ ഈ പാവം പെണ്ണുങ്ങള്‍ മാത്രം. നിയമവും അറിവും ഇല്ലാത്ത പാവങ്ങള്‍.