Breaking News

Trending right now:
Description
 
Aug 24, 2013

ഓര്‍മശക്തി തിരിച്ചുപിടിക്കാന്‍ ഇലക്‌ട്രോണിക്‌ ചിപ്പ്‌

image മനുഷ്യന്റെ ഓര്‍മശക്തി തിരിച്ചുപിടിക്കാനുള്ള ഇലക്‌ട്രോണിക്‌ ചിപ്പ്‌ വരുന്നു. ലോസ്‌ ആഞ്ചലസിലെ ശാസ്‌ത്രജ്ഞരാണ്‌ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. രണ്ടു വര്‍ഷത്തിനുള്ളില്‍ പരീക്ഷണം പൂര്‍ത്തിയാവുമെന്ന്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ സതേണ്‍ കലിഫോര്‍ണിയയിലെ ബയോ മെഡിക്കല്‍ എന്‍ജിനീയറും ന്യൂറോസയന്റിസ്‌റ്റുമായ തിയഡോര്‍ ബെര്‍ഗര്‍ പറയുന്നു. അങ്ങനെയെങ്കില്‍ അല്‍ഷിമേഴ്‌സ്‌, സ്‌ട്രോക്ക്‌, തലയ്‌ക്കേറ്റ ക്ഷതം, ഡിപ്രഷന്‍ എന്നിവയിലൂടെ ഓര്‍മ നശിച്ചവര്‍ക്ക്‌ ഈ ചിപ്പ്‌ ഒരനുഗ്രഹമാകും. കുരങ്ങിലും എലിയിലുമൊക്കെ വിജയകരമായി പരീക്ഷിച്ചശേഷമാണ്‌ മെമ്മറി ഇംപ്ലാന്റേഷന്‍ മനുഷ്യരിലേക്ക്‌ എത്തുന്നത്‌. സിഗ്നല്‍ സംവിധാനം അനുകരിച്ച്‌ തിയഡോറിന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍മിച്ച സിലിക്കോണ്‍ ചിപ്പുകള്‍ ഓര്‍മയുടെ സംഭരണിയായ ഹിപ്പോകാമിനു പകരക്കാരനാവും. പത്തുവര്‍ഷമായി തിയഡോറും സംഘവും ഈ മേഖലയില്‍ ഗവേഷണം തുടങ്ങിയിട്ട്‌. സിപിയുപോലെയൊ മെമ്മറി സ്‌റ്റിക്‌ പോലെയോ അല്ല ഇവയുടെ പ്രവര്‍ത്തനം. ഓര്‍മശക്തി വര്‍ധിപ്പിക്കാനുള്ള ചാലക ശക്തിയായി ചിപ്പുകള്‍ മാറുകയാണിവിടെ. ഹിപ്പോകാംപസിലെ ന്യൂറോണുകളെക്കുറിച്ചും അവയുടെ സിഗ്നല്‍ സഞ്ചാരപഥത്തെക്കുറിച്ചും പഠിച്ച തിയഡോറും സംഘവും ഇവയുടെ മാതൃക തയാറാക്കിയാണ്‌ ചിപ്പ്‌ നിര്‍മിച്ചിരിക്കുന്നത്‌. ഹ്രസ്വകാല ഓര്‍മകളെ ദീര്‍ഘകാല ഓര്‍മകളാക്കി സംഭരിച്ചുവയ്‌ക്കുന്ന ലോക്കര്‍പോലെയാണ്‌ തലച്ചോറിലെ ഹിപ്പോകാംപസ്‌ പ്രവര്‍ത്തിക്കുന്നത്‌. ഹിപ്പോകാംപസിന്റെ ഇരുവശത്തും ഇലക്‌ട്രോഡുകള്‍ ഘടിപ്പിച്ചാണ്‌ ഇനിയുള്ള പരീക്ഷണം. കോശകലകളെ നശിപ്പിക്കാതെയുള്ള ഈ സാധ്യതയാണ്‌ ഇനി ഇവര്‍ക്കുമുന്നിലുള്ളത്‌. തലച്ചോറിലെത്തുന്ന തരംഗങ്ങളോടു ശരീരം എങ്ങനെ പ്രതികരിക്കുമെന്നു പ്രവചിക്കാനാവില്ലെന്നു ഗവേഷകര്‍ പറയുന്നു.