Breaking News

Trending right now:
Description
 
Sep 15, 2012

രാജപ്രൗഢിയോടെ തലയുയര്‍ത്തി ബേക്കല്‍ കോട്ട

E.S. Gigimol
image കാസര്‍കോട്‌ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന്‌ ആദ്യം ഞങ്ങള്‍ പോയത്‌ ബന്ധു വീട്ടിലേയ്‌ക്കാണ്‌. വൈകുന്നേരത്തോടെയാണ്‌ ബേക്കല്‍ കോട്ട സന്ദര്‍ശിക്കാന്‍ പോയത്‌. ദേശിയ പാതയില്‍ കാസര്‍കോട്‌ ടൗണില്‍ നിന്നു 14 കിലോമീറ്റര്‍ തെക്കുമാറിയാണ്‌ ബേക്കല്‍ സ്ഥിതി ചെയ്യുന്നത്‌. നാലരയോടെ ഞങ്ങള്‍ ബേക്കല്‍ കോട്ടയുടെ സമീപത്തുള്ള പള്ളിക്കല്‍ ബീച്ചിലെത്തിയത്‌. രഹസ്യങ്ങളുടെയും ദുഃഖങ്ങളുടെയും കലവറ ഒളിപ്പിച്ചു വച്ച്‌ പുറമേ ശാന്തത നടിക്കുന്ന യുവതിയെപ്പോലെയാണ്‌ കടല്‍ എപ്പോഴും.കുറെ സമയം കടല്‍തീരത്തുടെ അലഞ്ഞതിനു ശേഷംകേരളത്തിന്റെ പൗരാണിക ചരിത്രത്തിന്റെ കഥ പറയുന്ന കോട്ട കാണാന്‍ തിരിച്ചു. ഞങ്ങള്‍ എത്തിയപ്പോള്‍ ഏറെ സന്ദര്‍ശകര്‍ കോട്ടയ്‌ക്കുള്ളിലേയ്‌ക്ക്‌ കയറാന്‍ തയ്യാറെടുത്ത്‌ ക്യുവില്‍ നില്‌ക്കുകയായിരുന്നു.അഞ്ചുരൂപയാണ്‌ സന്ദര്‍ശന ഫീസ്‌. ക്യാമറയുണ്ടങ്കില്‍ 25രൂപയാണ്‌.കോട്ട സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം വൈകുന്നേരങ്ങള്‍ തന്നെയാണ്‌. "വെന്ത കല്ല്‌"എന്ന കന്നട വാക്കാണ്‌ ബേക്കലായി മാറിയതെന്ന്‌ പറയപ്പെടുന്നു. കോട്ടയുടെ മുകള്‍വശത്തുകൂടി നോക്കിയാല്‍ താക്കോല്‍ പഴുതാണെന്നു തോന്നും. പണ്ട്‌ പീരങ്കികള്‍ ഉറപ്പിക്കാനുള്ള വിടവുകളായിരുന്നു ഇവ. ഞങ്ങള്‍ ഈ പഴുതിലൂടെ കടല്‍കാഴ്‌ച്ചകള്‍ കണ്ടു. കടലിനെ അതിന്റെ എല്ലാ സൗന്ദര്യത്തിലൂടെയും കാണണമെങ്കില്‍ ബേക്കല്‍ കോട്ടയുടെ മുകളില്‍ എത്തണമെന്ന്‌ പറയാതെ വയ്യ, അത്രയ്‌ക്ക്‌ അവിസ്‌മരണീയമാണ്‌ ആ കടല്‍കാഴ്‌ച്ച. പഞ്ചാര മണല്‍വിരിച്ച കടല്‍തീരത്തേയ്‌ക്ക്‌ തള്ളി നില്‌ക്കുന്ന കൊത്തളങ്ങള്‍, അസ്‌തമയ സൂര്യന്റെ കിരണങ്ങള്‍ ഏറ്റു മിന്നിതിളങ്ങുന്നു. ചെഞ്ചുണ്ടുകള്‍ ചുമപ്പിച്ച മാനം, കടലില്‍ മുങ്ങികുളിക്കുവാന്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്ന സൂര്യദേവന്‍, അനന്തതയിലേയ്‌ക്ക്‌ പരന്നു കിടക്കുന്ന നീലക്കടലും ആകാശവും ഏതോ ബിന്ദുവില്‍ പൂര്‍വ്വജന്മ ബന്ധം പോലെ സംഗമിക്കുന്നു. എവിടെ നിന്നെങ്കിലും ഒരു പായ്‌കപ്പല്‍ ഒരു മിന്നായം പോലെ കടന്നുവരുന്നുണ്ടോ എന്നറിയാന്‍ ഒരച്ചടക്കമുള്ള പട്ടാളക്കാരനപ്പോലെ ഞാന്‍ കുറെ സമയം താക്കോല്‍ പഴുതിലുടെ നോക്കിനിന്നു. നിരീക്ഷണ ഗോപുരം യുദ്ധങ്ങളുടെയും പ്രതിരോധത്തിന്റെയും കഥകള്‍ പറയുന്നതു പോലെ തോന്നി. ചരിത്രത്തിന്റെ കുളമ്പടിശബ്ദങ്ങള്‍ ചെവിയില്‍ ആര്‍ത്തലയ്‌ക്കുന്നു. ടിപ്പുവിന്റെ തേരോട്ടങ്ങളെ തടയാന്‍ തലയുയര്‍ത്തി നിന്ന ഈ കോട്ട 16-ാം നൂറ്റാണ്ടില്‍ തുളുനാട്ടില്‍ ആധിപത്യം ഉറപ്പിച്ച ഇക്കേരി നായ്‌ക്കളാണ്‌ പണിതതെന്ന്‌ ചരിത്രം. നിരിക്ഷണ ഗോപുരത്തില്‍ നിന്നിറങ്ങി കോട്ടയുടെ ഭൂമിയ്‌ക്കടിയിലുള്ള തുരങ്കത്തിലുടെ നടന്നു, കോട്ടയുടെ വടക്കു ഭാഗത്തായാണ്‌ തുരങ്കം. കോട്ടയ്‌ക്കുള്ളിലെ മറ്റൊരു ആകര്‍ഷണ കേന്ദ്രം ഹനുമാന്‍ ക്ഷേത്രമാണ്‌. ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച മുസ്ലിം പള്ളിയും ഇതിനു സമീപമാണ്‌. വിനോദസഞ്ചാര മേഖല വികസിച്ചതോടെ പള്ളിക്കര ബീച്ച്‌ ഇവിടെ വികസിച്ചു വന്നു. സാംസ്‌കാരിക പെരുമ വിളിച്ചോതുന്ന വലിയ രണ്ടു തെയ്യം രൂപങ്ങള്‍ തീരത്തുണ്ട്‌. സന്ധ്യയായതോടെ വൈദ്യുതിദീപങ്ങള്‍ മിഴിതുറന്നു. ആകാശത്തിലെ നക്ഷത്രങ്ങള്‍ ഭൂമിയിലേയ്‌ക്ക്‌ ഇറങ്ങി വന്നതുപ്പോലെ. ഞങ്ങള്‍ കുറെ നേരം ബീച്ചിലൂടെ കറങ്ങി നടന്നു. ബീച്ചിലെ ഒരു ചെറിയ കെട്ടിടത്തില്‍ നിലമ്പൂര്‍ ചരിത്രകാരന്മാരുടെ ചുമര്‍ചിത്രങ്ങളും പ്രദര്‍ചിപ്പിച്ചിട്ടുണ്ട്‌. സന്ദര്‍ശകര്‍ക്ക്‌ താമസത്തിനായി കോട്ടയ്‌ക്കകത്ത്‌ ബേക്കല്‍ റിസോര്‍ട്‌സ്‌ ഡെവലപ്‌മെന്റ്‌ കോര്‍പറേഷനു കീഴിലെ റസ്റ്റ്‌ ഹൗസും കോട്ടയുടെ പുറത്ത്‌ പഞ്ചനക്ഷത്ര റിസോര്‍ട്ടുകളും ബജറ്റ്‌ ഹോട്ടലുകളുമൊക്കെയുണ്ട്‌. ഇവിടെ നിന്ന്‌ 11 കിലോമീറ്റര്‍ ദൂരമേ ചന്ദ്രഗിരി കോട്ടയിലേയ്‌ക്കുള്ളുവെന്ന്‌ ഗൈഡ്‌ പറഞ്ഞുവെങ്കിലും ചന്ദ്രഗിരി സന്ദര്‍ശനം മറ്റൊരിക്കല്‍ ആവാമെന്ന്‌ പറഞ്ഞ്‌ ഞങ്ങള്‍ ബേക്കലിനോട്‌ വിട പറഞ്ഞു