Breaking News

Trending right now:
Description
 
Aug 21, 2013

ഖത്തറില്‍ ഒരാളില്‍ക്കൂടി കൊറോണ വൈറസ്‌ കണ്ടെത്തി

Aleena Geoby
image ഖത്തറില്‍ അന്‍പത്തൊന്‍പതു വയസുള്ള ഒരാളില്‍ മിഡില്‍ ഈസ്‌റ്റ്‌ റെസ്‌പിരേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ്‌ രോഗം ബാധിച്ചതായി കണ്ടെത്തി. വിദേശത്തുനിന്ന്‌ തിരികെയെത്തിയപ്പോള്‍ നാഷണല്‍ ഇന്‍ഫ്‌ളുവന്‍സ ലാബറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ്‌ രോഗം തിരിച്ചറിഞ്ഞത്‌. ഇതുവരെ ഖത്തറില്‍ മൂന്നു പേരിലാണ്‌ ഈ രോഗം കണ്ടെത്തിയിട്ടുള്ളത്‌.

2012 സെപ്‌റ്റംബറിലാണ്‌ ആദ്യമായി എംഇആര്‍എസ്‌- കോവ്‌ എന്ന പേരിലുളള കൊറോണ വൈറസ്‌ ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഈജിപ്‌ഷ്യന്‍ വൈറോളജിസ്‌റ്റായ ഡോ. അലി മുഹമ്മദ്‌ സാഖി സൗദി അറേബ്യയില്‍നിന്നാണ്‌ ആദ്യമായി ഈ രോഗം കണ്ടെത്തിയത്‌. സൗദി സാര്‍സ്‌ എന്ന പേരിലാണ്‌ ഈ വൈറസ്‌ രോഗം ഇപ്പോള്‍ അറിയപ്പെടുന്നത്‌.

കടുത്ത ന്യൂമോണിയ, ശ്വാസതടസം, കിഡ്‌നി തകരാര്‍ എന്നിവയാണ്‌ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.


വവ്വാലുകളില്‍ ഈ രോഗാണുക്കള്‍ സ്വാഭാവികമായി വളരുന്നുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. ഒട്ടകങ്ങളില്‍നിന്ന്‌ ഈ രോഗം പകരാമെന്ന്‌ അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഇതില്‍ കാര്യമില്ലെന്ന്‌ വേള്‍ഡ്‌ ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്ത്‌ വ്യക്തമാക്കിയിരുന്നു.


ഖത്തറില്‍ ആദ്യമായി കഴിഞ്ഞ ജൂണില്‍ 49 വയസുള്ള ഒരാളില്‍ ഈ വൈറസ്‌ കണ്ടെത്തിയിരുന്നു. ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ കഴിഞ്ഞ സെപ്‌റ്റംബറില്‍ മരിച്ചു. രണ്ടാമതൊരാളില്‍ രോഗം കണ്ടെങ്ങിലും ചികിത്സയോട്‌ നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന്‌ ഖത്തര്‍ സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്ത്‌ അറിയിച്ചു. ആരോഗ്യമുള്ളവരില്‍ ഈ രോഗം ചികിത്സിച്ചു മാറ്റാന്‍ എളുപ്പമാണ്‌. എന്നാല്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രായമായവരിലും മരുന്നുകളോട്‌ പ്രതികരിക്കുന്നത്‌ സാവധാനത്തിലായിരിക്കും.


ഇതുവരെ ലോകമെങ്ങുമായി 46 പേര്‍ കൊറോണ വൈറസ്‌ മൂലം മരിച്ചുവെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്‌ 94 പേരിലാണ്‌. ഏറ്റവും കൂടുതല്‍ രോഗികളെ കണ്ടെത്തിയത്‌ സൗദി അറേബ്യയിലാണ്‌.