Breaking News

Trending right now:
Description
 
Aug 20, 2013

മഞ്ച്‌ ഓണാഘോഷം: സംവിധായകന്‍ ബ്ലസി മുഖ്യാതിഥി

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (മഞ്ച്‌) യുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 14-ന്‌ നടത്തുന്ന ഓണാഘോഷ പരിപാടിയില്‍ മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ബ്ലസി മുഖ്യാതിഥിയായി പങ്കെടുക്കും. പതിന്നാലിന്‌ രാവിലെ 11-ന്‌ ഗാര്‍ഫീല്‍ഡ്‌ ഔര്‍ ലേഡി ഓഫ്‌ സോറോഴ്‌സ്‌ പള്ളിയില്‍ നടക്കുന്ന പരിപാടിയില്‍ അമേരിക്കയിലെ പ്രശസ്‌തരായ മലയാളി ഗായകരായ ശബരിനാഥ്‌ നായര്‍, സബിത യേശുദാസ്‌ എന്നിവര്‍ നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.

പ്രവാസി മലയാളികള്‍ക്ക്‌ ഗൃഹാതുരത്വമേകുന്ന ഓണസ്‌മരണകളിലേയ്‌ക്ക്‌ നയിക്കുന്ന തിരുവാതിര, വള്ളംകളി, ചെണ്ടമേളം, മാവേലിത്തമ്പുരാനെ നയിക്കുന്ന ഘോഷയാത്ര എന്നിവയും ഓണാഘോഷ പരിപാടിക്ക്‌ പൊലിമ കൂട്ടും. ഇരുപതില്‍പരം വിഭവങ്ങളടങ്ങുന്ന സ്വാദിഷ്ടമായ ഓണസദ്യയോടെയായിരിക്കും ഓണാഘോഷപരിപാടികള്‍ ആരംഭിക്കുക.

സിനിമയെ ജീവശ്വാസമായി കരുതുന്ന ബ്ലസി ഇന്ന്‌ മലയാള സിനിമയില്‍ വേറിട്ട ശബ്ദമായി മാറിക്കഴിഞ്ഞു. മലയാളസിനിമയെ ലോകക്ലാസിക്‌ സിനിമകളുടെ നിരയിലെത്തിക്കാന്‍ ബ്ലസി നടത്തുന്ന പരിശ്രമങ്ങള്‍ പ്രത്യേകം എടുത്തു പറയണം. പദ്‌മരാജ ഗുരുകുലത്തില്‍നിന്ന്‌ സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ച്‌ സംവിധാന കല സായത്തമാക്കിയ ബ്ലസിയുടെ തുടര്‍ന്നുള്ള യാത്ര പദ്‌മരാജന്റെ പിന്‍ഗാമിയായ ഭരതന്‍ എന്ന അതുല്യ സംവിധായകപ്രതിഭയോടൊത്തായിരുന്നു.

ഭരതന്റെ ക്ലാസിക്‌ ടച്ചുകളും പദ്‌മരാജന്റെ കഥാതന്തുക്കളും ബ്ലസിയില്‍ ജനിപ്പിച്ചത്‌ വേറിട്ടൊരു സിനിമയുടെ ശൈലിയായിരുന്നു. ആ ശൈലിയിലൂടെ തന്റെ സിനിമകള്‍ക്ക്‌ രൂപം നല്‌കിയ ബ്ലസി ഇന്ന്‌ മലയാളം സിനിമയ്‌ക്ക്‌ വ്യത്യസ്‌തമായ രൂപവും ഭാവവും നല്‌കിയ സംവിധായകനായി മാറി.

വിവാദങ്ങളേറെയുണ്ടാക്കിയ കളിമണ്ണ്‌ എന്ന സിനിമയാണ്‌ ബ്ലസി എന്ന സംവിധായകന്റെ ഏറ്റവും പുതിയ ചലച്ചിത്രം. പെര്‍ഫെക്ഷനുവേണ്ടി യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയാറാകാത്ത ബ്ലസി മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങളെയും ഹിന്ദിയിലെയും മറ്റു തെന്നിന്ത്യന്‍ ഭാഷാ നടീനടന്മരെയും തന്റെ കഥാപാത്രങ്ങള്‍ക്ക്‌ ജീവനേകാന്‍ അവസരം നല്‌കിയിട്ടുണ്ട്‌. മികച്ച സംവിധായകനെന്നതുപോലെ മികവുറ്റ കഥാകൃത്തും തിരകഥാകൃത്തുംകൂടിയാണ്‌ ബ്ലസി.

ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസിനൊപ്പം നിരവധി വേദികള്‍ പങ്കിട്ട സബിത യേശുദാസ്‌ വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന കലാകാരിയാണ്‌. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ജനിച്ചുവളര്‍ന്ന മലയാളി ഗായികമാരില്‍ ഏറ്റവും പ്രശസ്‌തി നേടിയ ഗായികയായ സബിത ഔസേപ്പച്ചന്‍, ഫ്രാങ്കോ, നജീം അര്‍ഷാദ്‌, ജോബി ജോണ്‍ തുടങ്ങിയ പ്രഗത്ഭരായ ഗായകര്‍ക്കൊപ്പവും ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്‌.

കഴിഞ്ഞ പതിനാറ്‌ വര്‍ഷമായി ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിലെ ഗാനമേളകളിലൂടെ ആസ്വാദകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ്‌ ശബരീനാഥ്‌. നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികളുടെ മനസില്‍ വ്യത്യസ്‌തമായ ഗാനാലാപന ശൈലികൊണ്ടും ചടുലമായ സംഗീതംകൊണ്ടും ശ്രദ്ധേയനാണ്‌ ശബരി.

സുപ്രസിദ്ധ കവിയും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ ചലച്ചിത്ര പിന്നണിഗായകനായി അരങ്ങേറ്റം കുറിച്ചു. മലയാളം, തമിഴ്‌, ഹിന്ദി ഗാനങ്‌ഹള്‍ ഒരുപോലെ വഴങ്ങുന്ന ശബരി കൊല്ലം സ്വദേശിയാണ്‌. ആകാശവാണിയുടെ എ ഗ്രേഡ്‌ ആര്‍ട്ടിസ്‌റ്റായ ഈ യുവപ്രതിഭ ഏഷ്യാനെറ്റ്‌, കൈരളി, സൂര്യ, ദൂരദര്‍ശന്‍ എന്നീ ചാനലുകളില്‍ നിരവിധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. നിരവധി സീരിയലുകളിലും മ്യൂസിക്കല്‍ ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്‌.