Breaking News

Trending right now:
Description
 
Aug 19, 2013

ആരോപണങ്ങള്‍ തെളിയിച്ചാല്‍ പി.സി. ജോര്‍ജിന്‌ മുഴുവന്‍ സ്വത്തും നല്‌കാമെന്ന്‌ ഷാഫി മേത്തര്‍

image പി.സി. ജോര്‍ജ്‌ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ മുഴുവന്‍ സ്വത്തും അദ്ദേഹത്തിനോ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ധര്‍മസ്ഥാപനത്തിനോ കേരളസംസ്ഥാനത്തിനോ ദാനമായി നല്‌കാന്‍ തയാറാണെന്ന്‌ മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്‌ഠാവ്‌ ഷാഫി മേത്തര്‍.

മറിച്ച്‌ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാതിരുന്നാല്‍ സ്വത്തുക്കള്‍ നല്‌കാന്‍ തയാറുണ്ടോയെന്ന്‌ പത്രാധിപന്മാര്‍ക്ക്‌ അയച്ച തുറന്ന കത്തില്‍ ഷാഫി വെല്ലുവിളിച്ചു. ഷാഫി മേത്തര്‍ കേരള സര്‍ക്കാരില്‍നിന്ന്‌ 73.50 ലക്ഷം രൂപ ടിഎ, ഡിഎ ഇനത്തില്‍ വാങ്ങിയെടുത്തുവെന്ന്‌ ജൂലൈ 19-ന്‌ വിവിധ ചാനലുകളിലെ ന്യൂസ്‌ ഷോകളില്‍ പി.സി. ജോര്‍ജ്‌ ആരോപിച്ചിരുന്നു.

സത്യം തെളിയിക്കുന്നതിനായി ആര്‍ബിട്രേഷന്‍ കരാര്‍ പി.സി. ജോര്‍ജിന്‌ അയച്ചുകൊടുത്തിട്ടുണ്ടെന്ന്‌ ഷാഫി വ്യക്തമാക്കി. അന്തസും ആഭിജാത്യവും സഭ്യതയുമില്ലാത്ത വാക്‌പോരിന്‌ നിന്നുകൊടുക്കാന്‍ തയാറല്ലാത്തതുകൊണ്ടാണ്‌ ആര്‍ബിട്രേഷനു ശ്രമിക്കുന്നതെന്നും കത്തില്‍ പറയുന്നു.

പി.സി. ജോര്‍ജിനെ ചില മാധ്യമങ്ങള്‍ ഹരിശ്ചന്ദ്രനേക്കാള്‍ ഉയരത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുകയാണെന്നും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ സത്യവിരുദ്ധമാണെന്ന്‌ പൂര്‍ണ ബോധ്യമുണ്ട്‌. ഈ ആരോപണങ്ങളുടെ സത്യം കേരള സമൂഹത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്‌ ശ്രമിക്കുന്നതെന്ന്‌ കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയയില്‍ നിന്ന്‌ അയച്ച കത്തില്‍ പറയുന്നു.