Breaking News

Trending right now:
Description
 
Aug 19, 2013

പാഠം കഴിഞ്ഞു, എന്നിട്ടും പഠിപ്പിച്ചവര്‍ക്ക്‌ കൂലിയില്ല

ജിജി ഷിബു
image നീതിയും നിയമവും പരിപാലിക്കേണ്ടത്‌ ഓരോ പൗരന്റെയും കടമയാണെന്നും കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നവരാണ്‌ അദ്ധ്യാപകര്‍. എന്നാല്‍, ചെയ്‌തു തീര്‍ത്ത ജോലിക്ക്‌ കൂലി കിട്ടാന്‍ ഏതു വാതിലില്‍ മുട്ടണമെന്നറിയാതെ ഇവര്‍ പകച്ചു നില്‍ക്കുന്നു. സര്‍വവഴികളും നോക്കിയിട്ടും കുടിശികയായ ദിവസക്കൂലി കിട്ടാതെ ആകെ അങ്കലാപ്പിലായത്‌ ഒരുകൂട്ടം പ്ലസ്‌ടൂ അദ്ധ്യാപകരാണ്‌.


2011-12 കാലയളവില്‍ സര്‍ക്കാര്‍ അനുവദിച്ച പ്ലസ്‌ ടൂ സ്‌കൂളില്‍ പഠിപ്പിക്കാന്‍ വിധിക്കപ്പെട്ട ഗസ്റ്റ്‌ ലക്‌ചര്‍മാരാണ്‌ ഈ ഹതഭാഗ്യര്‍. ഒരു വര്‍ഷം പഠിപ്പിച്ചിട്ടും കാല്‍ക്കാശു പോലും ലഭിക്കാത്തവരുടെ എണ്ണം സംസ്ഥാനമൊട്ടാകെ അഞ്ഞൂറില്‍ അധികം വരും. കിലോമീറ്ററുകള്‍ താണ്ടിസ്വന്തം ചെലവില്‍ നാല്‌പതും അന്‍പതും രൂപ മുടക്കി സ്‌കൂളുകളില്‍ എത്തി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച ഓരോ അധ്യാപകനും ശമ്പളം ഇനത്തില്‍ കുടിശികയായി കുറഞ്ഞത്‌ 75,000 രൂപയാണ്‌ കിട്ടാനുള്ളത്‌.

ദിവസ വേതനത്തിനാണ്‌ പലരും സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ്‌ ടു ഗസ്റ്റ്‌ അധ്യാപകരായത്‌. ഇവര്‍ക്ക്‌ ശമ്പളം നല്‌കാന്‍ സര്‍ക്കാര്‍ രേഖകള്‍ വിലങ്ങുതടിയാകുന്നത്‌. പ്ലസ്‌ടു അനുവദിച്ചു സര്‍ക്കാര്‍ അധ്യാപകരെ നിയമിക്കാന്‍ അനുവാദം കൊടുത്തു. എന്നാല്‍്‌ ശമ്പളം ഇല്ല. പഠിപ്പിക്കാന്‍ മാത്രമേ അനുവാദമുള്ളുവെന്നാണ്‌ സര്‍ക്കാര്‍ വാദം.

2011-ല്‍ സര്‍ക്കാര്‍ 260 സ്‌കൂളുകളാണ്‌ അപ്‌ഗ്രേഡ്‌ ചെയ്‌തത്‌. അധ്യാപകരെ നിയമിക്കാന്‍ ഓര്‍ഡറും നല്‌കി. എന്നാല്‍ സെറ്റും ബി.എഡും യോഗ്യതയുള്ള പോസ്‌റ്റ്‌ ഗ്രാജുവേഷന്‍ കഴിഞ്ഞവരാണ്‌ ജോലിയില്‍ താല്‌കാലിക അധ്യാപകരായി എത്തിയത്‌. ഇവര്‍ ശമ്പളം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ മറുപടി രസകരമാണ്‌. പഠിപ്പിച്ചോള്ളു, പക്ഷേ ശമ്പളം തരാന്‍ പ്രൊവിഷന്‍ ഇല്ലത്രേ.

മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിലും പരാതി നല്‌കിയിട്ടും ഈ അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാരോട്‌ സര്‍ക്കാരിന്‌ തരിമ്പും കാരുണ്യം ഇല്ല. കുറ്റം പറയരുതല്ലോ, ശമ്പളം തരില്ല എന്ന്‌ അധികാരികള്‍ ഇതുവരെ പറഞ്ഞിട്ടില്ല. തരാം, പക്ഷേ എന്നെന്ന്‌ ചോദിക്കരുത്‌.

ഇതിനിടെ 2013-14 സ്‌കൂള്‍ വര്‍ഷത്തെ ഗസ്റ്റ്‌ അധ്യാപകര്‍ക്ക്‌ ശമ്പളം കൊടുക്കാന്‍ ഓര്‍ഡറുമായി. എന്നാല്‍ അതിനു മുമ്പ്‌ പഠിപ്പിച്ചവര്‍ക്ക്‌ ശമ്പളമില്ല, തങ്ങള്‍ക്ക്‌ ചെലവായ കാശെങ്കിലും ലഭിക്കാന്‍ അവര്‍ കേറിയിറങ്ങാത്ത വാതിലുകള്‍ ഇല്ല. പക്ഷേ സര്‍ക്കാര്‍ കണ്ണു തുറക്കുന്നില്ല. 2011-12 ,13 കാലയളവില്‍ പഠിപ്പിച്ചവര്‍ക്ക്‌ ശമ്പളം നല്‌കാന്‍ ധനകാര്യ വകുപ്പാണ്‌ തടസം നില്‍ക്കുന്നതെന്നാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ പറയുന്നത്‌. അവരോട്‌ ചോദിക്കുമ്പോള്‍ ധനകാര്യ വകുപ്പ്‌ കൈമലര്‍ത്തുന്നു.

അവസാനം മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിലും പരാതി നല്‌കി. ബന്ധപ്പെട്ട വകുപ്പിനോട്‌ മറുപടി ചോദിച്ചിട്ടുണ്ട്‌ ശമ്പളം തരുന്ന കാര്യം പരിഗണനയില്‍ ഉണ്ട്‌ സുതാര്യമായ മറുപടി നല്‌കി മുഖ്യമന്ത്രി. അവസാനം കൂലിയില്ലാതെ ജോലി ചെയ്‌ത അധ്യാപകര്‍ മനുഷ്യവകാശ കമ്മീഷനെ ശരണം പ്രാപിച്ചു. വിഷയം പഠിച്ച മനുഷ്യാവകാശ കമ്മീഷനും കണ്ടെത്തി, `കാര്യങ്ങള്‍ ബോധ്യപ്പെട്ടു, സംഭവം സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കേണ്ടതാണ്‌."

എയ്‌ഡഡ്‌ സ്‌കൂളുകളില്‍ 20 ലക്ഷത്തിനു മുകളില്‍ പണം കൊടുത്ത്‌ ജോലിക്ക്‌ പ്രവേശിക്കാന്‍ പാങ്ങില്ലാത്ത, അഭ്യസ്‌തവിദ്യരാണ്‌ ഈ പാവം സര്‍ക്കാര്‍ സ്‌കൂള്‍ ഗസ്‌റ്റ്‌ അധ്യാപകര്‍. ജൂണിയര്‍ തസ്‌തികയില്‍ പ്രവേശിച്ച ഇവര്‍ സീനിയര്‍ തസ്‌തികയില്‍ കാലിച്ചായയ്‌ക്ക്‌ പോലും വകയില്ലാതെ വീണ്ടും കടം വാങ്ങി ജോലി ചെയ്യേണ്ടി വന്നത്‌ ഒരു വര്‍ഷം, ശമ്പളത്തിനായി വീണ്ടും കേറിയിറങ്ങി നടക്കാന്‍ തുടങ്ങിയിട്ട്‌ മാസം ആറായി.

ജോലിയില്‍ പ്രവേശിച്ചാല്‍ ശമ്പളം കിട്ടാന്‍ വൈകുമെന്നു പറയാന്‍ അധികാരികള്‍ മാന്യത കാണിക്കേണ്ടായിരുന്നോ? ഗസ്‌റ്റ്‌ അധ്യാപികയായിരുന്ന മഞ്‌ജു ചോദിക്കുന്നു.

പലരും സര്‍ക്കാര്‍ സര്‍വ്വീസിലെ രണ്ടാം പൗരന്മരായി ജോലി ചെയ്‌തത്‌ എല്ലു മുറിയെയാണ്‌. ഫെബ്രുവരി 14 വരെ ജോലി ചെയ്‌താല്‍ മതിയെന്നാണ്‌ സര്‍ക്കാര്‍ ഇവരോട്‌ നിര്‍ദ്ദേശിച്ചത്‌. പലരും പിന്നീട്‌ സര്‍ക്കാര്‍ രേഖകളില്‍ പോലുമില്ലാതെ വീണ്ടും അരമാസം കൂടി ജോലി ചെയ്യേണ്ടി വന്നു.
ഉന്നത യോഗ്യതകള്‍ ഉള്ള ഇത്തരക്കാരെ ജോലി നല്‌കിയില്ലെങ്കിലും അപമാനിക്കരുതെന്ന്‌ അധ്യാപകര്‍ ആത്മരോക്ഷം കൊള്ളുന്നത്‌.

തങ്ങള്‍ക്ക്‌ നല്‌കാത്ത നീതിയും നന്മയും ജനാധിപത്യസര്‍ക്കാര്‍ നല്‌കുമെന്നാണ്‌ ഞങ്ങള്‍ പഠിപ്പിക്കേണ്ടത്‌. ജനാധിപത്യവും പൗരബോധവും കുട്ടികളെ പഠിപ്പിച്ച്‌ ഭാവി പൗരന്മാരെ വാര്‍ത്തെടുക്കാന്‍ നീതി ലഭിക്കാത്ത ഞങ്ങള്‍ക്ക്‌ എങ്ങനെ സാധിക്കും എന്ന്‌ അധ്യാപകരായ ജിഷയും ജ്യോതിസും ചോാദിക്കുമ്പോള്‍ അധികാരികള്‍ ഈ അധ്യാപകരോട്‌ ഇത്തിരി കരുണ കാണിക്കണം. കാരണം ഇവര്‍ അധ്യാപകരാണ്‌. നിങ്ങള്‍ ശമ്പളം നല്‌കിയില്ലെങ്കിലും വിദ്യാര്‍ത്ഥികളെ സ്‌നേഹിക്കുന്ന യഥാര്‍ത്ഥ അധ്യാപകര്‍.