Breaking News

Trending right now:
Description
 
Aug 19, 2013

ഡയാനയുടെ മരണം കൊലപാതകമായിരുന്നുവെന്ന്‌ വെളിപ്പെടുത്തല്‍

image ബ്രിട്ടനിലെ ഡയാന രാജകുമാരിയുടെ മരണം സംബന്ധിച്ചു പുതുതായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ചു സ്‌കോട്‌ലന്‍ഡ്‌യാര്‍ഡ്‌ അന്വേഷണം ആരംഭിച്ചു. 1997 ഓഗസ്റ്റ്‌ 31നു പാരീസിലുണ്ടായ കാറപകടത്തിലാണ്‌ ഡയാനയും കൂട്ടുകാരന്‍ ഡോഡി ഫയദും ഡ്രൈവര്‍ ഹെന്റി പോളും കൊല്ലപ്പെട്ടത്‌. ബ്രിട്ടീഷ്‌ സൈന്യത്തിലെ ഒരംഗം ഡയാനയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്‌ ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണം. ഒരു മുന്‍സൈനികന്റെ ഭാര്യയുടെ മാതാപിതാക്കളില്‍നിന്ന്‌ ഇതു സംബന്ധിച്ചു ചില വിവരങ്ങള്‍ കിട്ടിയെന്നു റോയല്‍ മിലിട്ടറി പൊലീസ്‌ പറഞ്ഞു. പ്രസ്‌തുത വിവരങ്ങളുടെ വിശ്വാസ്യതയും പ്രസക്തിയും സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ സ്‌കോട്‌ലന്‍ഡ്‌ യാര്‍ഡിലെ മുതിര്‍ന്ന ഓഫീസറായ സര്‍ ബര്‍നാര്‍ഡ്‌ ഹോഗന്‍ ഹോ ഉത്തരവിട്ടെന്ന്‌ ദ ടെലഗ്രാഫ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഒരു മുസ്‌ലിമിനെ ഡയാന വിവാഹം കഴിക്കുന്നതു തടയാന്‍ ബ്രിട്ടീഷ്‌ ചാരസംഘടന അവരെ വധിക്കാന്‍ ഉത്തരവു നല്‍കിയതായി ഈജിപ്‌ഷ്യന്‍ സ്വദേശിയും ബ്രിട്ടനിലെ വന്‍ വ്യാപാരശൃംഖലയുടെ ഉടമയുമായ മുഹമ്മദ്‌ ഫയദ്‌ ഡയാനയുടെ മരണം സംഭവിച്ച്‌ ദിവസങ്ങള്‍ക്കകം ആരോപണമുന്നയിച്ചിരുന്നു. ഫയദിന്റെ പുത്രനാണ്‌ ഡയാനയുടെ കാറിലുണ്ടായിരുന്ന ഡോഡി. എന്നാല്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ഈ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല. ഫ്രഞ്ച്‌ സര്‍ക്കാരും ഡയാനയുടെ മരണത്തെക്കുറിച്ച്‌ അന്വേഷണം നടത്തി. തങ്ങളുടെ കാറിനെ പിന്തുടര്‍ന്ന പപ്പരാസി ഫോട്ടോഗ്രാഫര്‍മാരില്‍നിന്നു രക്ഷപ്പെടാനായി ഡ്രൈവര്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ചതാണ്‌ അപകടകാരണമെന്നാണ്‌ അന്വേഷകരുടെ നിഗമനം. ഡ്രൈവര്‍ അമിതമായി മദ്യപിച്ചെന്നും തെളിഞ്ഞു. അമിതവേഗത്തില്‍ ഓടിച്ച കാര്‍ ട്രാഫിക്‌ ടണലിന്റെ തൂണില്‍ ഇടിച്ചുമറിയുകയായിരുന്നു. ഡയാന സീറ്റ്‌ ബെല്‍റ്റ്‌ ധരിച്ചിരുന്നില്ല. ഡയാനയുടെ 16-ാം ചരമവാര്‍ഷികാചരണത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ്‌ പുതിയ വെളിപ്പെടുത്തലുമായി മുന്‍ സൈനികന്റെ ബന്ധുക്കള്‍ രംഗത്തെത്തിയത്‌. പുതിയ സംഭവവികാസത്തെക്കുറിച്ചു പ്രതികരിക്കാന്‍ ഡയാനയുടെ പുത്രന്മാരായ വില്യമും ഹാരിയും വിസമ്മതിച്ചു.