Breaking News

Trending right now:
Description
 
Aug 18, 2013

നായകളുടെ അവകാശസംരക്ഷണത്തിനായി നടി തൃഷ രംഗത്ത്‌

image മൃഗസ്‌നേഹി കൂടിയായ തെന്നിന്ത്യന്‍ നടി തൃഷ ചെന്നൈയിലെ നായകളുടെ അവകാശസംരക്ഷണത്തിനായി രംഗത്ത്‌. നടി തൃഷ ഒരു മൃഗസ്‌നേഹിയാണെന്ന്‌ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്‌. മൃഗാവശ്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന പെറ്റ എന്ന സംഘടന തെന്നിന്ത്യയില്‍ നിന്നു തെരഞ്ഞെടുത്ത സെലിബ്രിറ്റി അനിമല്‍ ലവര്‍ കൂടിയാണു തൃഷ. പെറ്റയുടെ ബോധവത്‌കരണ പരിപാടികളില്‍ ഇപ്പോള്‍ തൃഷ പങ്കെടുക്കുന്നുമുണ്ട്‌. ചെന്നൈയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകളില്‍നിന്നു മുപ്പതിനായിരത്തോളം തെരുവുനായകളെ പിടികൂടി തടവിലാക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തിട്ടുണ്ട്‌. ഇതിനെതിരേ തൃഷ ചെന്നൈ മേയര്‍ സെയ്‌ദൈ എസ്‌. ദുരൈസാമിക്കു കത്തെഴുതിയിരിക്കുകയാണ്‌. തെരുവുനായകളെ പിടികൂടി തടങ്കലിലാക്കാനുള്ള തീരുമാനത്തില്‍നിന്ന്‌ അധികൃതര്‍ പിന്മാറണമെന്നും ഇടുങ്ങിയ കൂടുകളില്‍ ഒന്നിച്ചു പാര്‍പ്പിച്ച്‌ അവറ്റകളോടു ക്രൂരത കാണിക്കരുതെന്നും തൃഷയുടെ കത്തില്‍ പറയുന്നു. ചെന്നൈയില്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന പതിനഞ്ചോളം കൂടുകളില്‍ മുപ്പതിനായിരത്തോളം നായകളെ പിടികൂടി തളയ്‌ക്കാനാണ്‌ അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്‌. ഇങ്ങനെ കൂട്ടത്തോടെ നായകളെ പാര്‍പ്പിക്കുമ്പോള്‍ ഇവയ്‌ക്കു രോഗങ്ങള്‍ പടരുമെന്നും പ്രായമായ നായകള്‍ക്കു വിശ്രമിക്കാന്‍ സ്ഥലം കിട്ടില്ലെന്നും തൃഷ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. കുറച്ചുകൂടി മനുഷ്യത്വം തെരുവുനായകളോടു കാണിക്കണമെന്നും നായകളെ ജനനനിയന്ത്രണ വാക്‌സിനേഷനും പേവിഷ പ്രതിരോധ കുത്തിവയ്‌പിനും വിധേയരാക്കിയാല്‍ മതിയെന്നുമാണ്‌ തൃഷ മുന്നോട്ടു വയ്‌ക്കുന്ന നിര്‍ദേശം. രണ്ടു ചിത്രങ്ങളുടെ തിരക്കുകള്‍ക്കിടെയാണു മൃഗസ്‌നേഹിയായ തൃഷ രംഗത്തു വന്നിരിക്കുന്നത്‌.