Breaking News

Trending right now:
Description
 
Aug 17, 2013

പിസി ജോര്‍ജ്‌ എന്ന വിമര്‍ശകന്‍ വിമര്‍ശനങ്ങളെ ഭയക്കുന്നതെന്തുകൊണ്ട്‌?

പിസി ജോര്‍ജ്‌ വിളിച്ചത്‌ ചന്തകള്‍ നാണിക്കുന്ന തെറി
image

പിസി ജോര്‍ജ്‌ ഏതൊരു വിഷയത്തിലും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതില്‍ രാഷ്ട്രീയവും മുന്നണി മര്യാദകളും നോക്കാറില്ല. ആ പിസിയെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാട്ടിയപ്പോള്‍ ക്ഷുഭിതനായ പിസി വിളിച്ച തെറി ചന്തകള്‍ പോലും നാണിക്കുന്നതെന്ന്‌ ഈരാറ്റുപേട്ടയില്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.

യൂത്ത്‌ കോണ്‍ഗ്രസുകാര്‍ക്ക്‌ പി. സി ജോര്‍ജിനെ വിമര്‍ശിക്കാനും കരിങ്കൊടി കാണിക്കുവാനും ധാര്‍മ്മികമായി അവകാശമുണ്ട്‌. ഇടതുപക്ഷം പ്രതിരോധിക്കുന്നതിലും ക്രൂരമായാണ്‌ ആ മുന്നണിയില്‍ നിന്ന്‌ ആ മുന്നണിയെ തന്നെ പി,സി തള്ളിപറഞ്ഞത്‌, പ്രത്യേകിച്ച്‌ ഉമ്മന്‍ ചാണ്ടിയെ. എന്നാല്‍ തന്റെ കോലം പോലും കത്തിക്കുന്നത്‌ കാണുവാന്‍ ക്ഷമയില്ലാതെ വൈകാരികമായി പി. സിജോര്‍ജ്‌ ഈരാറ്റുപേട്ടയിലെ സമരത്തിലേക്ക്‌ ഇറങ്ങി സമരക്കാരെ തെറി വിളിക്കുകയായിരുന്നു. എന്താണ്‌ പിസിയുടെ മനസില്‍? ഇടതുപക്ഷം പോലും ഉപേക്ഷിച്ച ഉമ്മന്‍ചാണ്ടി രാജി എന്നാവശ്യത്തില്‍ നിന്ന്‌ ജനങ്ങള്‍ പിന്മാറരുതെന്ന്‌ അദ്ദേഹത്തിന്റെ ശാഠ്യത്തിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യം ഉമ്മന്‍ ചാണ്ടിയുടെ രാജി തന്നെയാണ്‌.

ഉമ്മന്‍ ചാണ്ടിയുമായി തെറ്റിയെന്ന്‌ വ്യഖ്യമായി സൂചിപ്പിച്ച പി.സി ജോര്‍ജ്‌ ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കാന്‍ വര്‍ഗീയത പറയാന്‍ പോലും മടിക്കുന്നില്ല. രമേശ്‌ ചെന്നിത്തലയെ യുഡിഎഫില്‍ എടുക്കാന്‍ ജാതിയമായി ഇന്നത്തെ ആവശ്യമാണെന്ന്‌ സൂചിപ്പിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി വഴങ്ങിയില്ലെന്നും പി.സിയുടെ പ്രസ്‌താവനകള്‍ വ്യക്തമാക്കുന്നു. അങ്ങനെ സ്വയം ഉമ്മന്‍ ചാണ്ടി രക്ഷകനായി അവതരിച്ച പിസി അന്തകനായി മാറുന്നു. ഉമ്മന്‍ ചാണ്ടയുടെ മാത്രമല്ല, ഗണേഷ്‌ കുമാറിന്റെയും അന്തകനായിരുന്നു പിസി .

ഇപ്പോള്‍ രമേശ്‌ ചെന്നിത്തലയുടെ തലത്തൊട്ടപ്പനാകുവാനാണ്‌ പിസിയുടെ നീക്കം.
പിസി ആരെയും വിമര്‍ശിക്കും. പക്ഷേ അദ്ദേഹത്തെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. പി.ജോസഫ്‌ ആയാലും ഉമ്മന്‍ ചാണ്ടി ആയാലും. കേരള കോണ്‍ഗ്രസ്‌ സിംഹം മാണി സാറായാലും.

ഇടതു മുന്നണിയില്‍ ആയിരുന്ന കാലത്ത്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായിയെ വിമര്‍ശിച്ച്‌ അച്യുതാനന്ദന്‍ സഖാവിന്റെ രക്ഷകനായി സ്വയം അവരോധിച്ചു. പിന്നീട്‌ അച്യുതാനന്ദനെയും ഇദ്ദേഹം തള്ളിപറഞ്ഞ്‌ ഉമ്മന്‍ചാണ്ടിയുടെ സ്‌തുതിപാടകനായി. ഇടതുപക്ഷ മുന്നണിയില്‍ നിന്ന്‌ അദ്ദേഹത്തിന്‌ വിരോധമുള്ള കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പിനെതിരെ ഏറ്റവും ശക്തമായി കരുക്കള്‍ നീക്കിയപ്പോള്‍ സഹിക്കെട്ടാണ്‌ ഇടതു മുന്നണി ഇദ്ദേഹത്തെ പുറത്താക്കിയത്‌.
പിസി ജോര്‍ജിന്‌ ആരെയും വിമര്‍ശിക്കാം പക്ഷേ പി. സി ജോര്‍ജിനെ പാടില്ല. പിസി ജോര്‍ജിനെ വിമര്‍ശിച്ച ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രാധിപരെ വീട്ടില്‍ കയറി ഭീക്ഷണിപ്പെടുത്തിയെന്ന്‌ അദ്ദേഹത്തിന്റെ മകന്‍ തന്നെ ഈ ലേഖകനോട്‌ ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. ആരെയും വിമര്‍ശിക്കുന്നയാള്‍ സ്വയം വിമര്‍ശന മുള്ളുകള്‍ ഏറ്റു വാങ്ങേണ്ടി വന്നപ്പോള്‍ ഏറ്റവും മോശമായ ഭാഷയില്‍ പ്രതികരിക്കുന്ന കാഴ്‌ചയാണ്‌ നാം കണ്ടത്‌.
എന്നാല്‍ പിസി ജോര്‍ജ്‌ മുന്നണി മര്യാദകള്‍ മാത്രമല്ല പാര്‍ട്ടിക്കാരെയും അപമാനിക്കുകയും വ്യക്തിപരമായി അവഹേളിക്കുകയും ചെയ്യുമ്പോള്‍ ഉമ്മന്‍ ചാണ്ടിയും കെ.എം മാണിയും കൈക്കെട്ടി നോക്കി നില്‍ക്കുന്ന കാഴ്‌ചയാണ്‌ കുറെക്കാലമായി നാം കാണുന്നത്‌.
ഇന്ന്‌ ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശകനായി എത്തിയ രമേശ്‌ ചെന്നിത്തല ഇപ്പോള്‍ പിസി ജോര്‍ജിന്റെ രക്ഷകനായി അവതരിച്ചിരിക്കുന്നു. നാളെ രമേശിനെയും പി.സി തള്ളി പറയും. പിസിക്ക്‌ അരുതാത്തത്‌ ഒരു പാര്‍ട്ടിയും ചെയ്യാന്‍ പാടില്ല എന്നു വിശ്വസിക്കുന്ന മാടമ്പിയാണ്‌ പിസി.
ഗണേഷിനെ മന്ത്രി സ്ഥാനത്തൂന്ന്‌ നീക്കം ചെയ്യുമെന്ന്‌ പ്രസ്‌താവിച്ചതിനുശേഷം നടത്തിയ നാടകങ്ങളുടെ പരിസമാപ്‌തി ജനങ്ങള്‍ കണ്ടതാണ്‌. പി.ജെ ജോസഫും ടി.യു കുരുവിളയും ജോര്‍ജിന്റെ വായിലെ ഇരകളായിരുന്നു. ( ഇവരുടെ പ്രവൃത്തികള്‍ അത്തരമായിരുന്നു)

എന്നാല്‍ തന്ത്രപരമായ മൗനത്തിലൂടെ കെ.എം മാണി എന്തുകൊണ്ടാണ്‌ പിസിയെന്ന അമ്പലക്കാളയെപ്പോലെ അഴിച്ചു വിട്ടിരിക്കുന്നത്‌. ( പിസി പാര്‍ട്ടി ചെയര്‍മാനെ വരച്ച വരയില്‍ നിറുത്തുന്ന ആ രഹസ്യം എന്താവും)

ഉമ്മന്‍ചാണ്ടി തലച്ചൊറിയുന്ന തീക്കൊള്ളിയാകുവാന്‍ പിസിക്ക്‌ എങ്ങനെ സാധിച്ചു. തെരുവില്‍ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ തീക്കത്തിക്കുമ്പോഴും പിസിയെ നാക്കാല്‍ എരിക്കാന്‍ കോണ്‍ഗ്രസും മാണിയും ഭയക്കുന്നതെന്ത്‌? കാത്തിരുന്ന്‌ കാണാം.