Breaking News

Trending right now:
Description
 
Aug 17, 2013

ചുവപ്പില്‍ തെളിയുന്ന നഷ്ടക്കണക്കുകള്‍

ശ്രീജ നായര്‍
image എല്ലാ മാസവും അവസാന ദിവസങ്ങള്‍ മിക്കവര്‍ക്കും ലാഭനഷ്ടങ്ങളുടെ ഒരു കണക്കെടുപ്പ്‌ ദിവസമാകും. എനിക്കും അങ്ങനെ തന്നെ. എന്റെ മുന്നിലെത്തുന്നത്‌ ലാഭനഷ്ടങ്ങള്‍ മാത്രമല്ല ചുവപ്പണിഞ്ഞ മരണക്കണക്കുകള്‍ കൂടിയാണ്‌...

എല്ലാ മാസവും അവസാന ദിവസമാണ്‌ ഞങ്ങളുടെ അസോസിയേറ്റ്‌ ആശുപത്രിയായ നിംസ്‌ മെഡിസിറ്റിയിലെ നെഫ്രോളജി ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ആ മാസം സൗജന്യ ഡയാലിസീസ്‌ നല്‌കിയ രോഗികളുടെ വിവരങ്ങള്‍ എനിക്ക്‌ മെയില്‍ ചെയ്‌തു തരും. ഞാന്‍ ചാര്‍ട്ട്‌ ചെയ്‌ത രോഗികളില്‍ പലരും തിരികെ കിട്ടുന്ന ലിസ്റ്റില്‍ ഉണ്ടാകാറില്ല.

വൃക്ക മാറ്റിവയ്‌ക്കല്‍ ഡേറ്റ്‌ കിട്ടി മെഡിക്കല്‍ കോളജിലേക്കു പോയവരും പെട്ടെന്നുള്ള അത്യാവശ്യത്തില്‍ വീടിനു അടുത്തുള്ള ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ആയവരുമൊക്കെയാവും ചിലര്‍.

എന്നാല്‍ ചില പേരുകള്‍ ചുവന്ന അക്ഷരങ്ങളില്‍ പ്രത്യേകം അടയാളപ്പെടുത്തിയ നല്‌കിയിട്ടുണ്ടാവും. അവരാണ്‌ നമ്മെ ദുഃഖിപ്പിക്കുന്നവര്‍. ഈ മാസവും കഴിഞ്ഞ മാസത്തെ പോലെ തന്നെ അങ്ങനെയുള്ളവര്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ മാസം രാഖിയാണ്‌ പോയതെങ്കില്‍ ഈ മാസം മുത്തപ്പനാണ്‌ ലിസ്‌റ്റില്‍ നിന്നു പോയത്‌. മുത്തപ്പന്‍ മൂന്നു വര്‍ഷം മുമ്പ്‌ ഈ സൗജന്യം തുടങ്ങിയ സമയത്തു തന്നെ ലിസ്റ്റില്‍ കയറിപ്പറ്റിയ ഒരു മത്സ്യത്തൊഴിലാളിയാണ്‌. രോഗിയായതിനു ശേഷം അയാള്‍ക്ക്‌ കടലില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. പലപ്പോഴും പല രീതിയിലും കുടുംബത്തെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. മറ്റു പല ഗ്രൂപ്പുകളും സഹായങ്ങള്‍ ചെയ്യാന്‍ തയാറെടുക്കുമ്പോള്‍ ഞാന്‍ മുത്തപ്പന്റെ പേര്‌ നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു.  സ്‌പോണ്‍സറെയും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇനി അയാള്‍ക്ക്‌ ആരുടെയും ആവശ്യമില്ല. ഈ മാസം മുതല്‍ മുത്തപ്പന്‍ സൗജന്യ ഡയാലിസിസ്‌ കിട്ടേണ്ടവരുടെ ലിസ്റ്റില്‍ ചുവന്ന അക്ഷരങ്ങളില്‍ നിറഞ്ഞ്‌ ഇല്ലാതായി.

വൃക്ക രോഗികള്‍ മരിക്കുന്നത്‌ പലപ്പോഴും ചികിത്സാസമയത്ത്‌ രക്തസമ്മര്‍ദ്ദത്തിലുണ്ടാകുന്ന വലിയ ഏറ്റക്കുറച്ചിലിലാണ്‌. പലപ്പോഴും ഒരു കാര്‍ഡിയാക്‌ അറസ്‌റ്റ്‌. മുത്തപ്പന്റെ കാര്യത്തിലും അതാണ്‌ സംഭവിച്ചത്‌. ഡയാലിസിസ്‌ ഒരിക്കലും ഒരു ചികിത്സയല്ല. അവര്‍ക്ക്‌ ജീവിച്ചിരിക്കുന്നതിനുള്ള ഒരു ഉപാധി മാത്രം. സാമ്പത്തിക പരാധീനത മൂലം പലര്‍ക്കും തുടര്‍ച്ചയായി ഡയാലിസിസ്‌ ചെയ്യാന്‍ സാധിക്കാതെ വരുന്നത്‌ അവരുടെ ജീവിത കാലാവധി വീണ്ടും കുറയ്‌ക്കാന്‍ ഇടയാക്കുന്നു. അങ്ങനെയുള്ളവര്‍ക്ക്‌ ഒരു ചെറിയ സഹായമാണ്‌ ഞങ്ങളുടെ ഈ സൗജന്യ ഡയാലിസിസ്‌ പദ്ധതി നല്‌കുന്നത്‌. ഇപ്പോള്‍ 50 രോഗികള്‍ക്കാണ്‌ സൗജന്യം നല്‌കുന്നത്‌. മാസത്തില്‍ 10-12 ഡയാലിസിസ്‌ വേണ്ടവരാണ്‌ പലരും.

60 ഡയാലിസിസാണ്‌ ട്രസ്റ്റ്‌ കൊടുക്കുന്നത്‌ അതു കൊടുക്കാന്‍ തന്നെ ഓരോ മാസവും വളരെ ബുദ്ധിമുട്ടുന്നുണ്ട്‌. ഒരു ഡയാലിസിസിന്‌ 700 രൂപയാണ്‌ ആശുപത്രിയില്‍ കൊടുക്കേണ്ടത്‌. ഓരോ രോഗിയേയും ഓരോരുത്തര്‍ സ്‌പോണ്‍സര്‍ ചെയ്‌താല്‍ അത്‌ വളരെ എളുപ്പത്തില്‍ നടക്കാവുന്നതേയുള്ളു. ഒരു മാസം 700 രൂപയെന്നത്‌ നമുക്ക്‌ പലര്‍ക്കും വലിയ തുകയല്ലെന്നത്‌ ഓര്‍ക്കുക. സന്മനസുള്ളവര്‍ക്ക്‌ സഹായിക്കാം.

(Sreeja Nair is the founder of Social Support Rehabilitation Education Empowerment - SSREE Foundation)

Account Details

SSREE FOUNDATION
A/C NO: 10 300 1003 39 227 ( SB ACCOUNT)
FEDERAL BANK, STATUE BRANCH
THIRUVANANTHAPURAM,PIN: 695001
IFSC : FDRL 0001030

ssreefoundation2009@gmail.com

CALL: 99460 61332
www.ssreefoundation.com