Breaking News

Trending right now:
Description
 
Aug 17, 2013

ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നവരില്‍ കേരളം മുന്നില്‍

image രാജ്യത്ത്‌ ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‌ക്കുന്നതു കേരളം. ഗ്രാമ, നഗര വ്യത്യാസമില്ലാതെ കേരളത്തില്‍ ഇരുചക്രവാഹനങ്ങളുടെ ഉപയോഗം വന്‍തോതില്‍ കൂടുന്നതായി അസോച്ചത്തിന്റെ (ദി അസോസിയേറ്റഡ്‌ ചേമ്പേഴ്‌സ്‌ ഓഫ്‌ കൊമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി ഓഫ്‌ ഇന്ത്യ) പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2001- 2011 കാലഘട്ടത്തില്‍ ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നതില്‍ കേരളത്തിലെ ഗ്രാമ പ്രദേശങ്ങളില്‍ 198 ശതമാനത്തിന്റെയും നഗരപ്രദേശങ്ങളില്‍ 101 ശതമാനത്തിന്റെയും വര്‍ധനവാണ്‌ ഉണ്ടയിട്ടുളളതെന്ന്‌ അസോച്ചം നാഷണല്‍ ജനറല്‍ സെക്രട്ടറി ഡി.എസ്‌. റാവത്ത്‌ പഠന റിപ്പോര്‍ട്ട്‌ പ്രകാശനം ചെയ്‌തു കൊണ്ട്‌ പറഞ്ഞു. കാര്‍, ജീപ്പ്‌, വാന്‍ എന്നിവ വാങ്ങുന്നതില്‍ രാജ്യത്ത്‌ മുന്നില്‍ നില്‌ക്കുന്നത്‌ ഒഡീഷയാണ്‌. 2001- 2011 വര്‍ഷത്തില്‍ ഒഡീഷയില്‍ ഈ വാഹനങ്ങള്‍ വാങ്ങുന്നതില്‍ 293 ശതമാനം വളര്‍ച്ചയാണു റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. എന്നാല്‍, ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നതില്‍ രാജ്യത്തെ 16-ാം സ്ഥാനത്തെത്താനേ ഒഡീഷയ്‌ക്കു കഴിഞ്ഞിട്ടുള്ളു. ഇരു ചക്രവാഹനങ്ങളും നാലുചക്ര വാഹനങ്ങളും വാങ്ങുന്നവരുടെ വളര്‍ച്ചാനിരക്കില്‍ പിന്നിലുള്ളത്‌ പശ്ചിമ ബംഗാളാണ്‌. ഗ്രാമ പ്രദേശങ്ങളില്‍ 14 ശതമാനവും നഗരപ്രദേശങ്ങളില്‍ 31 ശതമാനം വളര്‍ച്ചയും മാത്രമാണു കാര്‍, ജീപ്പ്‌, വാന്‍ എന്നിവ വാങ്ങുന്നതില്‍ പശ്ചിമ ബംഗാളില്‍ വളര്‍ച്ചാനിരക്ക്‌. നാലു ചക്രവാഹനങ്ങളില്‍ ഹിമാചല്‍ പ്രദേശ്‌, ഹരിയാന എന്നിവയാണ്‌ ഒഡീഷയ്‌ക്ക്‌ പിന്നിലായി ഉയര്‍ന്ന വളര്‍ച്ചാ നിരക്കിലുള്ളത്‌. രാജ്യത്തെ 11 സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ കാറുകള്‍ ഉള്‍പ്പെടെയുള്ളവ വാങ്ങിക്കൂട്ടുന്നു. ഒഡീഷ, മഹാരാഷ്‌ട്ര, കേരളം, മധ്യപ്രദേശ്‌, ജാര്‍ഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളാണ്‌ ഉയര്‍ന്ന ശരാശരിയിലള്ള ആദ്യ അഞ്ചു സംസ്ഥാനങ്ങള്‍. കര്‍ണാടക, ഹിമാചല്‍ പ്രദേശ്‌, തമിഴ്‌നാട്‌, ബംഗാള്‍, ജമ്മു കാഷ്‌മീര്‍ എന്നിവയാണു താഴ്‌ന്ന ശരാശരിയുള്ള സംസ്ഥാനങ്ങള്‍. സ്‌കൂട്ടര്‍ വാങ്ങുന്നതില്‍ രാജ്യത്തെ ദേശീയ വളര്‍ച്ചാ നിരക്ക്‌ 96 ശതമാനമാണ്‌. ജാര്‍ഖണ്ഡ്‌, പഞ്ചാബ്‌, ഗുജറാത്ത്‌, ഛത്തീസ്‌ഗഢ്‌, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങള്‍ രാജ്യശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്ക്‌ കാണിക്കുന്നു. യു.പി, ഒഡീഷ, ബിഹാര്‍, തമിഴ്‌നാട്‌, പശ്ചിമ ബംഗാള്‍ എന്നിവയാണ്‌ സ്‌കൂട്ടര്‍ വാങ്ങുന്നതില്‍ പിന്നില്‍ നില്‌ക്കുന്ന സംസ്ഥാനങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.