Breaking News

Trending right now:
Description
 
Aug 09, 2013

സര്‍ക്കാര്‍ പേടിച്ചപ്പോള്‍ നാണിച്ചു പോയ പ്രതിപക്ഷം

image കമ്യുണിസ്റ്റുകാര്‍ ഏത്‌ സമരത്തെയും നേരിടാന്‍ നെഞ്ചുറപ്പുള്ളവരാണെന്നാണ്‌ വെപ്പ്‌. ഏത്‌ കുളിരിനെയും അതിജീവിക്കുന്ന തീയില്‍ കുരുത്ത സഖാക്കളെ ഇത്തവണ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നാണിപ്പിച്ചു കളഞ്ഞു. സൗരോര്‍ജ്ജം നഷ്ടപ്പെട്ട ഇടതു മുന്നണിക്ക്‌ ലഭിച്ച പൊന്‍ കണിയായിരുന്നു സരിത.

സരിതയുടെ ഫാഷന്‍ ഷോ കണ്ട്‌ ഭഗ്നാശരായ ഇടതുപക്ഷത്തെ ജോസ്‌ തെറ്റയില്‍ അടക്കമുള്ളവര്‍ എന്തേ സൗരോര്‍ജ്ജ പദ്ധതികളെക്കുറിച്ച്‌ വി.എസ്‌ അടക്കമുള്ളവര്‍ മുമ്പേ ചിന്തിച്ചില്ലായെന്നു പരസ്‌പരം പഴി ചാരി.
ഇടതനെ കൊതിപ്പിക്കാന്‍ പല ആംഗിളില്‍ സരിതാ കടാക്ഷത്തിനായി ചാനല്‍ മക്കള്‍ നിലയിറപ്പിച്ചു. അതാ, പഴയ മനസുകളെ മോഹിപ്പിക്കാന്‍ സാക്ഷാല്‍ ശാലുവും കൂടി എത്തിയതോടെ പൂവണിയാതെ പോയ സ്വപ്‌നത്തെക്കുറിച്ച്‌ കഴിഞ്ഞ സര്‍ക്കാരിലെ യുവ കോമളന്മാര്‍ കവിത പോലും എഴുതി. വെറും അമ്മാവനാക്കി സരിത നല്‌കിയ പണി ഓര്‍ത്ത്‌ പലരും രാപാകലുകള്‍ മങ്കി ക്യാപ്പുമിട്ട്‌ സെക്രട്ടറിയേറ്റ്‌ പടിക്കല്‍ കവിത ചൊല്ലിയും നൃത്തം ചെയ്‌തും തലേ വിധിയെ പഴിച്ചും വലതന്റെ ഭാഗ്യത്തില്‍ അസൂയാലുക്കളായും സമയം ചിലവഴിച്ചു.

അതിനെ രാപകല്‍ സമരമെന്നും പറയും. എന്നാല്‍ ഏത്‌ മഴയെയും തടുക്കാന്‍ സൂര്യമാര്‍ക്ക്‌ കുടയുമായി നടക്കുന്ന സാക്ഷാല്‍ ഉമ്മച്ചന്‍ ഈ മഴ പെയ്‌താലൊന്നും ഈ ഡാം നിറയില്ല എന്ന മട്ടില്‍ നിഷ്‌കരുണം ഇടതന്റെ സമരത്തെ പാടെ അവഗണിച്ചു കളഞ്ഞു.

കുറെ ദിവസമായി മഴയത്ത്‌ കുതിര്‍ന്ന്‌ കമ്പിളിയും പുതച്ച്‌ നമ്മുടെ സഖാക്കള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനോട്‌ രാജി വച്ച്‌ പുറത്തു പോകുവാന്‍ കേണു പറയുന്നു. സരിത വിഷയത്തില്‍. പക്ഷേ ഉമ്മച്ചന്‍ കേട്ടതായി യാതൊരുവിധ ഭാവവും കാണിച്ചില്ല. 

അറ്റകൈയ്‌ക്ക്‌ ഇടതന്‍ ഒരു സമരം പ്ലാന്‍ ചെയ്‌തത്‌. വെറും ഒരു ലക്ഷം പേരെ തിരുവനന്തപുരത്ത്‌ കൊണ്ടു വരുക. സത്യത്തില്‍ ഇത്രയും ചെറുപ്പക്കാരെ എങ്ങനെ സംഘടിപ്പിക്കുമെന്ന്‌ പാവം ഇടതു യൂത്തന്മാര്‍ വിഷമിച്ചിരിക്കുമ്പൊഴാണ്‌ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി സമരത്തെ ഉത്തേജിപ്പിച്ചത്‌. 2000 പട്ടാളക്കാരെ കൊണ്ടുവരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. ഹോട്ടലുകള്‍ റെയ്‌ഡ്‌ ചെയ്യുന്നു. ആകെ പുലിവാല്‍. സത്യത്തില്‍ ഇതു കണ്ടപ്പോഴാണ്‌ വിജയന്‍ സഖാവിന്റെ കണ്ണു നിറഞ്ഞു പോയത്‌.

എത്ര ജലപീരങ്കികള്‍, എത്ര ഷെല്ലുകള്‍, ഉണ്ടയില്ലാത്ത വെ
ടികള്‍ ഞങ്ങള്‍ കണ്ടിരിക്കുന്നു. അന്നൊന്നും ഈ സമരത്തെ ഇത്ര ധീരതയോടെ ആരും വരവേറ്റിട്ടില്ല. സത്യത്തില്‍ കണ്ണു നിറഞ്ഞു പോയി ഉമ്മച്ചാ. 

വെറുതേ കുറച്ച്‌ മുദ്രാവാക്യം വിളിച്ച്‌ സോഡയും കുടിച്ച്‌ പറ്റുമെങ്കില്‍ കോവളം വരെ പിള്ളാരെ കൊണ്ടുപോയി കടലും കാണിച്ച്‌ രണ്ടു സിനിമയും കണ്ട്‌ മടങ്ങുക എന്നു മാത്രമേ സാക്ഷാല്‍ വിജയന്‍ സാറു പോലും വിചാരിച്ചൊള്ളു.

പക്ഷേ തോല്‌പ്പിച്ചു കളഞ്ഞില്ലേ നമ്മുടെ ഉമ്മച്ചന്‍ സമരത്തെ നേരിടാന്‍ ഒരുക്കിയ പടക്കോപ്പുകള്‍ കണ്ട്‌ അറിയാതെ പറഞ്ഞു പോയി വിജയന്‍ സഖാവ്‌. ഉമ്മച്ചാ ലാല്‍ സലാം... ലാല്‍ സലാം.