
കോട്ടയം: എപിഎല്‍,ബിപിഎല്‍ വ്യത്യാസമില്ലാതെ 2003-2009 കാലയളവില്‍ ലോണ്‍ എടുത്ത എല്ലാ നേഴ്സുമാരുടെയും ലോണ്‍ എഴുതി തള്ളുക, ബലരാമന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നേഴ്സുമാരുടെ രക്ഷകര്‍ത്താക്കള്‍ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ഐ എന്‍ പി എയുടെ നേത്യത്തില്‍ നടന്ന മാര്‍ച്ച് ഐ എന്‍ പി എ സംസ്ഥാന പ്രസിഡന്റ് ഡോ.ഡി സുരേന്ദ്രനാഥ് ഉത്ഘാടനം ചെയ്തു.
ലോണ്‍ എടുത്തവരില്‍ വെറും പത്തുശതമാനം മാത്രമേ ബിപിഎല്ലില്‍ വരുകയുള്ളുവെന്നും അതിനാല്‍ എല്ലാ വിഭാഗക്കാരുടെയും പലിശ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തരമായി ബലരാമന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഡോ.സുരേന്ദ്രനാഥ് പറഞ്ഞു.
എല്ലാജില്ലകളില്‍ നിന്നും എത്തിയ 500യോളം രക്ഷകര്‍ത്താക്കള്‍ മാര്‍ച്ചില്‍ അണിചേര്‍ന്നു. മുഖ്യമന്ത്രിയുടെ വസതിലേക്ക് നീങ്ങിയ മാര്‍ച്ച് പോലീസെത്തി തടഞ്ഞതിനെ തുടര്‍ന്ന് സമരക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പിഎ എത്തി സമ്മേളനക്കാരുമായി ചര്‍ച്ച നടത്തി നിവേദനം സ്വീകരിച്ചു.