Breaking News

Trending right now:
Description
 
Aug 06, 2013

സീമ - ഡാറ്റാ കേരള സംയുക്ത സെമിനാര്‍ 13-ന്‌

ഐടി വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്‌. കുര്യന്‍ മുഖ്യാതിഥി
image കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌ ആന്‍ഡ്‌ അപ്ലയന്‍സസ്‌ മാനുഫാക്‌ചറേഴ്‌സ്‌ അസോസിയേഷനും (സീമ) ഡാറ്റാ കേരളയും സംയുക്തമായി ഓഗസ്‌റ്റ്‌ 13-ന്‌ സെമിനാര്‍ സംഘടിപ്പിക്കുന്നു. സംസ്ഥാന ഐടി വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്‌. കുര്യന്‍ മുഖ്യാതിഥിയായിരിക്കും. എറണാകുളം മറൈന്‍ ഡ്രൈവിലെ ദ ഗേറ്റ്‌വേ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ പാര്‍ലമെന്റ്‌ അംഗവും ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റനുമായ മുഹമ്മദ്‌ അസറുദ്ദീന്‍ അതിഥിയായി പങ്കെടുക്കും.

രാവിലെ പത്തു മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. തുടര്‍ന്ന്‌ 10.40-ന്‌ സെമിനാര്‍ ആരംഭിക്കും.

ഒനിഡയുടെ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറും സീമയുടെ മുന്‍ പ്രസിഡന്റുമായ ഗുലു മിര്‍ചന്ദാനി മുഖ്യ പ്രഭാഷണം നടത്തും. ആഗോള പരിതസ്ഥിയില്‍ മാറി വരുന്ന റീട്ടെയ്‌ല്‍ രംഗത്തെക്കുറിച്ച്‌ സീമ മുന്‍ പ്രസിഡന്റ്‌ കെ.എസ്‌. രാമന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ അതിഥി മുഹമ്മദ്‌ അസറുദ്ദീന്‍ പ്രസംഗിക്കും.

വിപണിയും വ്യവസായവും വളരുന്നതിനുവേ വ്യവസായികളും വ്യാപാരികളും ഒന്നിച്ചുനില്‍ക്കേണ്ടതിനെക്കുറിച്ച്‌ ഹെയര്‍ പ്രസിഡന്റും സീമ ഓണററി സെക്രട്ടറിയുമായ എറിക്‌ ബ്രഗാന്‍സ പ്രസംഗിക്കും. തുടര്‍ന്ന്‌ ഇതേ വിഷയത്തില്‍ ഏയ്‌ഞ്ചല്‍ ഹോം കെയര്‍ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടറും ഡാറ്റാ കേരള സംസ്ഥാന പ്രസിഡന്റുമായ ജോസ്‌ ജെ. പൊന്നേഴത്ത്‌ പ്രസംഗിക്കും.

ഉപയോക്താക്കള്‍ക്ക്‌ സന്തോഷം ഉറപ്പുവരുത്തുന്നതിനെക്കുറിച്ച്‌ ഗോദ്‌റേജ്‌ ആന്‍ഡ്‌ ബോയ്‌സ്‌ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസറും സീമ വൈസ്‌ പ്രസിഡന്റുമായ ജോര്‍ജ്‌ മെനെസെസ്‌ പ്രസംഗിക്കും. റിവേഴ്‌സ്‌ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്‌ിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ആര്‍എല്‍സി ഇന്ത്യ സ്ഥാപകനും മാനേജിംഗ്‌ ഡയറക്ടറുമായ ഹിതേന്ദ്ര ചതുര്‍വേദി പേപ്പര്‍ അവതരിപ്പിക്കും.

ഉച്ചകഴിഞ്ഞുള്ള സെഷനില്‍ മത്സരങ്ങളെ നേരിടാന്‍ കണ്‍സോര്‍ഷ്യം രീതി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച്‌ ക്യുആര്‍എസ്‌ റീട്ടെയ്‌ല്‍ ലിമിറ്റഡ്‌ ഡയറക്ടറും ഡാറ്റാ കേരള മുന്‍ സംസ്ഥാന സെക്രട്ടറിയുമായി എസ്‌. മുരളീധരന്‍ സംസാരിക്കും.

ഇലക്ട്രോണിക്‌ മേഖലയിലെ വളര്‍ച്ചയ്‌ക്ക്‌ ഡിറ്റിഎച്ച്‌ വഹിക്കുന്ന പങ്കിനെക്കുറിച്ച്‌ വീഡിയോകോണ്‍ ഡി2എച്ചിലെ ലക്ഷ്‌മണ്‍ പ്രസംഗിക്കും. തുടര്‍ന്ന്‌ ഓപ്പണ്‍ ഹൗസിന്‌ സാംസങ്‌ ഡപ്യൂട്ടി മാനേജിംഗ്‌ ഡയറക്ടറും സീമ മുന്‍ പ്രസിഡന്റുമായ രവീന്ദര്‍ സുത്‌ഷി നേതൃത്വം നല്‌കും.

വീഡിയോകോണ്‍ ഡയറക്ടറും സീമ പ്രസിഡന്റുമായ അനിരുദ്ധ്‌ വി. ദൂത്‌ സ്വാഗതവും സീമ സെക്രട്ടറി ജനറല്‍ സുരേഷ്‌ ഖന്ന നന്ദിയും പറയും.