Breaking News

Trending right now:
Description
 
Aug 04, 2013

നഷ്ടപ്പെട്ട സ്‌മാര്‍ട്ട്‌ഫോണ്‍ കണ്ടെത്താന്‍ ഇനി ഗൂഗിളിന്റെ സഹായം

image വലിയ വില കൊടുത്തു വാങ്ങിയ സ്‌മാര്‍ട്‌ഫോണ്‍ നഷ്‌ടപ്പെട്ടു വിഷമിക്കുന്നവര്‍ക്കു കൈത്താങ്ങായി ഗൂഗിളെത്തുന്നു. പുതിയ ആന്‍ഡ്രോയിഡ്‌ ഫോണ്‍ കളഞ്ഞുപോയാല്‍ ഇനി ഗൂഗിള്‍ തന്നെ അത്‌ കണ്ടുപിടിച്ചു തരും. പുതിയ വേര്‍ഷന്‍ 2.2 അടക്കം ആന്‍ഡ്രോയിഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഉള്ള എല്ലാ സ്‌മാര്‍ട്‌ഫോണുകള്‍ക്കും ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുമെന്ന്‌ കമ്പനി അവകാശപ്പെട്ടു. ഓഗസ്റ്റ്‌ അവസാനത്തോടെ ഈ സേവനം ഉപയോക്താക്കള്‍ക്ക്‌ ലഭ്യമാക്കാനാകും. ആന്‍ഡ്രോയിഡ്‌ ഡിവൈസ്‌ മാനേജര്‍ എന്നറിയപ്പെടുന്ന ഈ സേവനം തികച്ചും സൗജന്യമായിരിക്കും. നിലവില്‍ ആപ്പിളും വിന്‍ഡോസും തങ്ങളുടെ ഐഫോണ്‍ വിന്‍ഡോസ്‌ ഫോണുകളില്‍ ഇത്തരത്തിലുള്ള സേവനം ലഭ്യമാക്കിയിട്ടുണ്ട്‌. ആന്‍ഡ്രോയിഡ്‌ ഫോണുകളും അതിലെ വിലപ്പെട്ട വിവരങ്ങളും സുരക്ഷിതമയി സൂക്ഷിക്കാന്‍ ആന്‍ഡ്രോയിഡ്‌ ഡിവൈസ്‌ മാനേജര്‍ സഹായകമാകുമെന്ന്‌ ആന്‍ഡ്രോയിഡ്‌ പ്രോജക്‌ട്‌ മാനേജര്‍ ബെഞ്ചമിന്‍ പോയിസ്‌ ബ്ലോഗിലൂടെ അറിയിച്ചു. 
 
നഷ്‌ടപ്പെട്ട സ്‌മാര്‍ട്‌ഫോണ്‍ കണ്ടെത്താന്‍ നിരവധി മാര്‍ഗങ്ങളാണ്‌ ആന്‍ഡ്രോയിഡ്‌ ഡിവൈസ്‌ മാനേജര്‍ ലഭ്യമാക്കുന്നത്‌. ഫോണ്‍ സൈലന്റ്‌ മോഡിലാണെങ്കില്‍കൂടി ഉച്ചത്തില്‍ റിംഗ്‌ ചെയ്യിക്കാന്‍ ഈ സംവിധാനം ഉപയോഗിച്ചു സാധിക്കും. കാണാതായ ഫോണ്‍ അടുത്തെവിടെയെങ്കിലുമുണ്ടെങ്കില്‍ കെണ്ടത്താന്‍ ഈ ഉച്ചത്തിലുള്ള റിംഗ്‌ സഹായിക്കും. ആന്‍ഡ്രോയിഡ്‌ ഡിവൈസ്‌ മാനേജര്‍ വെബ്‌സൈറ്റിലൂടെയാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌. വൈകാതെതന്നെ ഈ സേവനം ഉപയോഗിക്കാന്‍ ആന്‍ഡ്രോയിഡ്‌ ആപ്ലിക്കേഷന്‍ തന്നെ ഗൂഗിള്‍ പുറത്തിറക്കുമെന്നാണ്‌ അറിയിച്ചിരിക്കുന്നത്‌. ഇനി ഫോണ്‍ വളരെ അകലെയാണെങ്കില്‍ അത്‌ ഒരു മാപ്പ്‌ ഉപയോഗിച്ചു കണ്ടെത്താന്‍ ഈ സംവിധാനം സഹായിക്കും. ഫോണ്‍ ഓണ്‍ ആണെങ്കില്‍ ഈ മാപ്പ്‌ ഉപയോഗിച്ച്‌ വളരെയെളുപ്പം കണ്ടെത്താനാകും. അഥവാ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതില്‍ സൂക്ഷിച്ചിരിക്കുന്ന വിലപ്പെട്ട വിവരങ്ങള്‍ മറ്റുള്ളവരുടെ കൈകളിലെത്താതെ മായ്‌ച്ചു കളയാനും ഈ സേവനം ഉപയോഗിച്ചു സാധിക്കും.