Breaking News

Trending right now:
Description
 
Aug 04, 2013

എന്ന്‌, സ്‌നേഹപൂര്‍വ്വം നിങ്ങളുടെ മാത്രം സ്വന്തം കത്ത്‌

ജനറ്റ്‌ ബിനോയി
image നിങ്ങളെന്നെ ഓര്‍ക്കുന്നുണ്ടോ? നിങ്ങളുടെ സൗഹൃദത്തിന്റെ യും ഇഷ്ടങ്ങളുടെയും കിനാവിന്റെയും പ്രതീക്ഷകളുടെയും സങ്കല്‌പങ്ങളുടെയും മനസ്‌ നിങ്ങള്‍ പങ്കുവച്ചത്‌ എന്നോടായിരുന്നു. ആരും കാണാതെ നിങ്ങള്‍ തേങ്ങിയതും സന്തോഷം പെരുമ്പറ കൊട്ടുന്ന മനസോടെ എന്നെ ചുടുചുംബനത്താല്‍ പൊതിഞ്ഞതും കണ്ണീര്‍കണങ്ങള്‍ വേര്‍പാടിന്റെ പുഴയായി എന്റെ മാറിലൂടെ ഒഴുകിയിറങ്ങി എന്നെ തന്നെ ഒഴുക്കികളഞ്ഞതും ഞാന്‍ ഇന്നലത്തെപ്പോലെ ഇന്നും ഓര്‍ക്കുന്നു. 

Gigi Shibu's photo.

അതൊരു കാലം.അന്ന്‌ നിങ്ങള്‍ക്ക്‌ ഞാന്‍ എത്ര പ്രീയപ്പെട്ടവളായിരുന്നു. നീലയുടുപ്പില്‍ വാലിട്ട്‌ കണ്ണെഴുതിയമാതിരി കുനുകുന തെളിയുന്ന അക്ഷരങ്ങളും പേറി ഞാനെത്തിയിരുന്നു സൈക്കിളില്‍. സൈക്കിളിന്റെ മണിനാദം കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം പിടയ്‌ക്കുന്നത്‌ ഞാനറിഞ്ഞു.

ഞാനാരാണെന്ന്‌ അറിയുമ്പോള്‍ നിങ്ങളില്‍ ചിലര്‍ക്ക്‌ ചുച്ഛമാകും. മറ്റു ചിലര്‍ക്ക്‌ നനുത്ത ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയാകും. മറ്റു ചിലര്‍ ആശ്ചര്യത്തോടെ ഓ നിങ്ങളോ എന്നാവും. അതേ. ഞാന്‍ ഒരു പഴഞ്ചനാണ്‌. പക്ഷേ എനിക്ക്‌ നിങ്ങളെ മറക്കാനാവില്ല. ഞാന്‍ നിങ്ങളുടെ ഹൃദയവും പേറി കടലും കായലും കുന്നും ആകാശവും കടന്നെത്തിയ നിങ്ങളുടെ പ്രീയപ്പെട്ട കത്താണ്‌. 
>
Gigi Shibu's photo.

ഇന്ന്‌ നിങ്ങളെ ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്‌. ഇന്ന്‌ ലോക സൗഹൃദദിനമാണ്‌. നിങ്ങള്‍ മറന്നു പോയ എന്നോടുള്ള സ്‌നേഹം ഇന്നും ഞാന്‍ സൂക്ഷിക്കുക

എന്നെക്കുറിച്ച്‌ പറഞ്ഞാല്‍ നിങ്ങള്‍ക്ക്‌ തമാശയാവാം. വിരഹത്തിന്റെ സ്‌പന്ദനമായിരുന്നു ചില കത്തുകള്‍. മറ്റു ചിലവ പ്രണയത്തിന്റെ നനുത്ത സ്‌പര്‍ശനമായിരുന്നു. ജിവിതവഴിത്താരയില്‍ പതറിനില്‍ക്കുന്നവന്റെ പരിദേവനമായിരുന്നു മറ്റു ചിലവ. കത്തുകളുടെ ഉള്ളടക്കം എന്നോട്‌ മാത്രം പങ്കുവച്ച രഹസ്യമാക്കി പാതിവഴിയില്‍ പടിയിറങ്ങിപോയ സ്‌നേഹിതരുടെ സനേ്‌ഹ നൊമ്പരങ്ങള്‍ എന്നോളം അറിഞ്ഞവര്‍ മറ്റാരെങ്കിലും ഉണ്ടോ അറിയില്ല.. വാക്കുകള്‍ അഗ്നിയായി ജ്വലിപ്പിച്ച്‌ ലാവയായി നീറിയിറങ്ങിയത്‌ പടര്‍ന്നത്‌ എന്റെ ആത്മാവിലൂടെയാണ്‌.
അതൊരു കാലം.. ചുവന്നപെട്ടിക്കുള്ളില്‍ കലപിലാ വിശേഷങ്ങള്‍ പറഞ്ഞ്‌ പൊട്ടിച്ചിരിച്ച്‌ ഞങ്ങള്‍ പല ദേശങ്ങളിലേക്ക്‌ പിരിഞ്ഞുപോയത്‌ ഇന്നലത്തെ പോലെ ഇന്നും ഓര്‍ക്കുന്നു. ഇന്ന്‌ ചുവന്നപെട്ടിയുടെ ഏകാന്തതയില്‍ വല്ലപ്പോഴും ഞങ്ങളില്‍ ചിലരെത്താറുണ്ട്‌. വിശേഷങ്ങള്‍ പറയാനല്ല കടം ബാധ്യതകള്‍ അറിയിക്കാന്‍. സര്‍ക്കാര്‍ അറിയിപ്പുകളായി.

സ്‌നേഹവും സൗഹൃദവും നഷ്ടപ്പെട്ട ഈ പഴഞ്ചന്റെ സൗഹൃദം ഒരു ഉണര്‍ത്തുപാട്ടായി നിങ്ങള്‍ക്ക്‌ തോന്നുമോ...

കത്തുകള്‍ക്ക്‌ മരണത്തെ തോല്‌പ്പിക്കാനും. മറവിയുടെ മാറാലകള്‍ പിടിച്ചാലും പുകയിറകള്‍പറ്റി കറുത്ത്‌ പോയാലും ഞങ്ങളുടെ സ്‌നേഹം സാക്ഷ്യം പോലെ നിങ്ങളെ സ്‌മരിപ്പിക്കും.

"ഞാനിതൊക്കെ എഴുതുന്നതെന്താണന്നറിയാമോ? ഫോണ്‍ വിളിച്ചു പറഞ്ഞാല്‍ ഈ സൗന്ദര്യം വാക്കുകള്‍ക്ക്‌ ഉണ്ടാവില്ല, വീണ്ടും വീണ്ടും വായിച്ച്‌ സ്വപ്‌നം കാണാന്‍ പറ്റില്ല. കത്തുകള്‍ സ്വപ്‌നങ്ങളുടെ ഏണിപ്പടികളാണ്‌. കത്തുകള്‍ വായിച്ച്‌ നമുക്ക്‌ കരയാം, ചിരിക്കാം, ഹൃദയത്തോട്‌ ചേര്‍ത്ത്‌ പിടിച്ച്‌ ജീവിതത്തിനും അപ്പുറത്തുമുള്ള സ്വപ്‌നങ്ങളെ എളുപ്പത്തില്‍ ഹൃദയത്തില്‍ പ്രവേശിപ്പിക്കാം".(ബസാലേല്‍, നോവല്‍, ബിജു മഠത്തിക്കുന്നേല്‍)

ഇത്‌ അദ്ദേഹം എഴുതിയന്നേയുള്ളു. എല്ലാവരുടെയും ഉള്ളില്‍ ഈ വാക്കുകള്‍ പൊള്ളുന്നുണ്ടാവും. പുതുതലമുറയ്‌ക്ക തീര്‍ത്തും പഴഞ്ചനായി തോന്നാം. പത്തു വര്‍ഷം പഴക്കുമുള്ളവര്‍ വരെ എന്റെ സ്‌നേഹത്തണലില്‍ വളര്‍ന്നവരാണ്‌....അതിന്റെ പൊള്ളല്‍ അനുഭവിച്ചവരാണ്‌. എന്റെ കൂട്ടുകാരെ ഇന്ന്‌ ഞാന്‍ നിങ്ങളെ ഓര്‍ത്തുവെന്നേയുള്ളു... 

Gigi Shibu's photo. 

എല്ലാ ഇഷ്ടങ്ങള്‍ക്കും നന്ദി, എല്ലാം സൗഹൃദങ്ങള്‍ക്കും ഇണക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും സാക്ഷിയായ ഞാന്‍ ആലിപ്പഴത്തിന്റെ തണുപ്പുള്ള സ്വപ്‌നങ്ങളെ, താലോലിച്ച്‌ മഴവില്ലഴകുള്ള ആ കാലത്തെ കാതോര്‍ത്ത്‌ നിറുത്തുകയാണ്‌                                              
;                                                  സനേഹത്തോടെ

                                                                             ഒപ്പ്‌.