Breaking News

Trending right now:
Description
 
Aug 01, 2013

ബിനാലെയുടെ ഭാഗമായ നാനോ കാറിന്‌ ലേലത്തില്‍ ലഭിച്ചത്‌ 13 ലക്ഷം രൂപാ

image കൊച്ചി-മുസ്‌രിസ്‌ ബിനാലെയുടെ ഭാഗമായി ബോസ്‌ കൃഷ്‌ണമാചാരി നിറം പകര്‍ന്ന നാനോ കാറിന്‌ 13 ലക്ഷം രൂപ. രാജ്യത്തെ ഏറ്റവും വലിയ ലേല സ്ഥാപനമായ സഫ്‌റോണ്‍ ആര്‍ട്ടാണ്‌ വെബ്‌സൈറ്റ്‌ വഴി കാര്‍ ലേലം ചെയ്‌തത്‌. തിങ്കളാഴ്‌ച വൈകിട്ട്‌ തുടങ്ങിയ 24 മണിക്കൂര്‍ ലേലം ചൊവ്വാഴ്‌ച വൈകിട്ട്‌ എട്ട്‌ മണിക്കാണ്‌ സമാപിച്ചത്‌. മാക്‌സിമം നാനോ എന്ന്‌ പേരിട്ട ലേലത്തില്‍ 100 രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചത്‌. ഇന്ത്യയിലാദ്യമായിട്ടാണ്‌ ഒരു ആര്‍ട്ട്‌ കാര്‍ ലേലം ചെയ്‌തത്‌. കാര്‍ സ്വന്തമാക്കിയവരുടെ പേരോ മറ്റു വിവരങ്ങളോ സഫ്‌റോണ്‍ ആര്‍ട്ട്‌ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ബിനാലെ നടന്നുകൊണ്ടിരിക്കെ ഫെബ്രുവരി 14 നാണ്‌ കൊച്ചിയിലെ കോഫീ ബീന്‍സും തിരുവനന്തപുരത്തെ ലാ ഗ്യാലറി 360 ഉം ചേര്‍ന്ന്‌ വെള്ള നാനോ കാര്‍ സംഭാവന ചെയ്‌തത്‌. നടന്‍ മോഹന്‍ലാലാണ്‌ കാര്‍ ബോസ്‌ കൃഷ്‌ണമാചാരിക്ക്‌ കൈമാറിയത്‌. തുടര്‍ന്ന്‌ ബോസ്‌ കൃഷ്‌ണമാചാരി സ്‌ട്രെക്‌ച്ചഡ്‌ ബോഡീസ്‌ എന്ന ചിത്രപരമ്പരയിലെ സൃഷ്‌ടി കാറില്‍ വരച്ചു ചേര്‍ത്തു.ഓട്ടോമോട്ടീവ്‌ പെയിന്റ്‌ ഉപയോഗിച്ച്‌ കാറിന്റെ പുറംഭാഗത്ത്‌ പൂര്‍ണമായി മൂടുന്ന തരത്തിലായിരുന്നു ചിത്രം. നിറത്തിന്‌ മങ്ങലേല്‍ക്കാതിരിക്കാന്‍ ഇത്‌ ലാമിനേറ്റ്‌ ചെയ്യുകയും ചെയ്‌തു. ബിനാലെ അവസാനിക്കും വരെ പ്രധാന വേദിയായിരുന്ന ഫോര്‍ട്ട്‌ കൊച്ചി ആസ്‌പിന്‍വാള്‍ ഹൗസിലും തുടര്‍ന്ന്‌ ഇടപ്പള്ളി ലുലു മാളിലുമാണ്‌ കാര്‍ പ്രദര്‍ശനത്തിന്‌ വെച്ചിരുന്നത്‌. ബിനാലെ തുടങ്ങി രണ്ടു ദിവസത്തിന്‌ ശേഷം ഇവിടെ വെച്ചുതന്നെ കാര്‍ ലേലം ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട്‌ ഇത്‌ നീട്ടിവെയ്‌ക്കുകയായിരുന്നു. 16 ലക്ഷം രൂപ വരെ ലഭിക്കുമെന്നായിരുന്നു സഫ്‌റോണ്‍ ആര്‍ട്ട്‌ അധികൃതരുടെ കണക്കുകൂട്ടല്‍.