Breaking News

Trending right now:
Description
 
Oct 12, 2012

നേഴ്‌സുമാര്‍ക്ക്‌ പഴവും അരിയും പലവ്യഞ്‌ജനവുമായി നാട്ടുകാര്‍ രംഗത്ത്‌

image തൃശുര്‍: ജീവിക്കാന്‍ വേണ്ടി നേഴ്‌സുമാര്‍ നടത്തുന്ന പ്രതിഷേധം സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും കണ്ണ്‌ തുറപ്പിച്ചില്ലെങ്കിലും വാടിത്തളര്‍ന്ന മുഖവുമായി സമരമുഖത്ത്‌ ഉറച്ചുനില്‌ക്കുന്ന നേഴ്‌സുമാരുടെ വേദന നാട്ടുകാര്‍ ഏറ്റെടുത്തു കഴിഞ്ഞു.

പോരിവെയിലില്‍ ദാഹിച്ച്‌ വലയുന്ന നേഴ്‌സുമാര്‍ക്ക്‌ മോരും പഴവും നല്‌കി കൊണ്ടാണ്‌ യുവദര്‍ശന എന്ന ക്ലബ്‌ രംഗത്തെത്തിയതെങ്കില്‍ നേതാജി ദര്‍ശന്‍ ഒരു ചാക്ക്‌ അരി നല്‌കിയാണ്‌ സമരത്തിന്‌ പിന്തുണ ഏകിയത്‌.

പല നേഴ്‌സുമാരും പട്ടിണിയില്‍ ഇരുന്നാണ്‌ സമരം നടത്തുന്നത്‌, മാനസിക പീഡനത്തോടൊപ്പം പലരുടെയും ആരോഗ്യവും നശിക്കുന്ന അവസ്ഥയാണ്‌ ഇപ്പോള്‍ ഉള്ളത്‌. അതുകൊണ്ട്‌ സമരം കൂടുതല്‍ ശക്തമാക്കിക്കൊണ്ട്‌ സമര പന്തലില്‍ നാളെ മുതല്‍ കഞ്ഞി വെയ്‌പ്പ്‌ സമരം നടത്തുന്നതിനെക്കുറിച്ച്‌ ഇന്നത്തെ പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന്‌ ജാസ്‌മിന്‍ ഷാ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. ഇന്ന്‌ അഞ്ചു മണിക്ക്‌ നടക്കുന്ന പൊതുയോഗം ലാലൂര്‍ സമര സമിതി നേതാവ്‌ കെ വേണു ഉത്‌ഘാടനം ചെയ്യും.

29-ാം തീയതി മുതല്‍ തൃശൂര്‍ ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാരും സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുക്കൊണ്ട്‌ ജില്ല പണിമുടക്ക്‌ നടത്തുമെന്നും നേഴ്‌സിങ്ങ്‌ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.