Breaking News

Trending right now:
Description
 
Jul 30, 2013

സില്‍സില സില്‍സില...സന്തോഷകരമായ വാര്‍ത്ത : മഴയോര്‍ജ്ജ പദ്ധതി വരുന്നു...

image മിനിഞ്ഞാന്ന്‌ കൊച്ചുവെളുപ്പാന്‍ കാലത്ത്‌ ഉമ്മച്ചന്‍ സാര്‍ കമ്പളിയുടുപ്പും മഫ്‌ളറും ധരിച്ച്‌ ഡല്‍ഹിയില്‍ വന്നിറങ്ങിയപ്പോള്‍ ദാ നില്‍ക്കുന്നു കമ്പും കോലുമായി കുറെയെണ്ണം. നിനക്കൊക്കെ വേറെ പണിയില്ലേ എന്നു ചോദിക്കാന്‍ തുടങ്ങിയതാ ഉമ്മച്ചന്‍ സാര്‍. പക്ഷേ ചോദിക്കാന്‍ പറ്റുമോ ഇല്ല കാരണം മാധ്യമങ്ങളോട്‌ എന്തും പറയണം അതാണല്ലോ ഇപ്പോഴത്തെ നാട്ടു നടപ്പ്‌.

ദാ, ഇപ്പോള്‍ തരാം സന്തോഷ വാര്‍ത്തയെന്ന്‌ ഉമ്മച്ചന്‍ സാര്‍ മൊഴിഞ്ഞു. സന്തോഷ വാര്‍ത്തയെന്ന്‌ കേട്ടതോടെ നവ മാധ്യമ പ്രവര്‍ത്തകരും പാവം രാഷ്ട്രീയക്കാരെ വിളിച്ച്‌ അവിടെയും ഇവിടെയും തൊടാതെ നൂറായിരം ചോദ്യങ്ങളുടെ ഊഹാപോഹക്കെട്ടുകള്‍ അഴിച്ചു.
 
ഇടയ്‌ക്ക്‌ സൂര്യന്‍ വരുകയും മറയുകയും ചെയ്‌തു. ഉമ്മച്ചന്‍ സര്‍ ചര്‍ച്ചയോട്‌ ചര്‍ച്ച. ഓരോ ചര്‍ച്ച കഴിയുമ്പോള്‍ സില്‍സില, സില്‍സില പാടി കേരള ഹൗസിലൂടെ നടന്നു. സന്തോഷം കിട്ടാനായി രാവെളുക്കുവോളം പാവം പത്രക്കാര്‍ ഉമ്മച്ചന്റെ പുറകേ അലഞ്ഞു. ഇന്നലെ രാവിലെ സന്തോഷത്തിന്റെ ഒന്നാം കുറിപ്പടി പോയത്‌ പാവം മാധ്യമക്കാര്‍ അറിഞ്ഞു. കെ.സി വേണു ഗോപാല്‍ സന്തോഷം, കൊടിക്കുന്നേല്‍ സന്തോഷം, സുധാകരന്‍ സന്തോഷം തുടങ്ങിയ കോണ്‍ഗ്രസിലെ സന്തോഷമറിയാവുന്ന സര്‍വ്വരോടും സന്തോഷം എന്ന വിഷയത്തെക്കുറിച്ച്‌ ആധികാരികമായി ചര്‍ച്ച നടത്തി. 

അവസാനം യഥാര്‍ത്ഥ സന്തോഷം വന്നു. ചുമ്മാ സാക്ഷാല്‍ ലക്ഷ്‌മി 20 മിനിട്‌ അഡ്വ. രാം കുമാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ദര്‍ശന സുഖം ഭഗവാന്‌ നല്‌കി. ഫലമോ എല്ലാ സന്തോഷകരമായി. സില്‍സില,സില്‍സില

ജഡ്‌ജിക്ക്‌ എഴുതിയ സരിതയുടെ ലെറ്റര്‍ നല്ല എരിവും പുളിയുമുള്ള മസാല ആയിരിക്കുമെന്നു കരുതി പൊട്ടിച്ചു വായിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ കിട്ടിയത്‌ സുവിശേഷ പ്രസംഗമായിരുന്നു. മാധ്യമങ്ങള്‍ക്ക്‌ അത്‌ വായിച്ച്‌ അത്ര സന്തോഷം തോന്നിയില്ല. പക്ഷേ ഉമ്മച്ചന്‍ സാര്‍സില്‍സില, സില്‍സില പാടി സന്തോഷിച്ചു. ആരും കാണാതെ കെ.സി ജോസഫിന്‌ മധുരം നല്‌കി. പിന്നെ ഇന്ന്‌ രാവിലെ തിരുവനന്തപുരത്ത്‌ കൊണ്ടുവന്നു ആരും കാണാതെ ബാക്കി സന്തോഷവും വിതറി. ഒപ്പം ഒരു തത്ത്വവും. അങ്ങനെ ഉമ്മച്ചന്‍ സാര്‍ ഒരു ഫിലോസഫറുമായി.

സന്തോഷം എന്നത്‌ വ്യക്തിപരമാണ്‌. എനിക്ക്‌ ശുഭകരമായത്‌ നിങ്ങള്‍ക്ക്‌ ശുഭകരമല്ല. അതായത്‌ സരിതയെക്കൊണ്ട്‌ പലതും പറയിക്കാം എന്നു നിങ്ങള്‍ രാപകല്‍ കിനാവു കണ്ടു. ആ സ്വപനം മഴയത്തും വാടി പോയി. അത്‌ എനിക്ക്‌ സന്തോഷകരമാണ്‌. പിന്നെ നാളെ സരിതയും എന്റെ ടീമും ചേര്‍ന്ന്‌ നാട്ടുകാരുടെ കയ്യില്‍ നിന്ന്‌ തട്ടിച്ചെടുത്ത പണം തിരിച്ചുകൊടുക്കാന്‍ കാണണ്ടവരെ കണ്ട്‌ ഏര്‍പ്പാട്‌ ചെയ്‌തു. അത്‌ എനിക്ക്‌ സന്തോഷമല്ലേ. നീയൊക്കെ ചുമ്മാ രമേശിനെ മന്ത്രിയാക്കും മറ്റവന്‍ മുഖ്യമന്ത്രിയാകും എന്നൊക്കെ വെറുതേ വായിട്ടടിച്ചു.. നടന്നു. ഞാന്‍ പോയത്‌ സന്തോഷകരമായ കാര്യത്തിനാണ്‌. 

നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ അറിയില്ലേ ഉമ്മച്ചന്‍ സാര്‍ നാടു ഭരിക്കണമെന്നാണ്‌ ജനത്തിന്‌ ആഗ്രഹമെന്ന്‌. ആ സന്തോഷം നിലനില്‍ക്കുമെന്ന്‌ നിങ്ങള്‍ക്ക്‌ മനസിലായില്ലേ. സില്‍സില സന്തോഷിക്കൂ കാഡ്‌ബറീസ്‌ തിന്നു. അടുത്താഴ്‌ച നമ്മുടെ സുന്ദരിക്കുട്ടി സരിത എല്ലാവരുടെയും കാശും കൊടുത്ത്‌ സന്തോഷമായി പോകും. എല്ലാവര്‍ക്കും സന്തോഷം. ഈ സന്തോഷത്തില്‍ അണിച്ചേരാന്‍ എല്ലാവരോടും മഴയോര്‍ജ്ജ വൈദ്യുതി പദ്ധതിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ നിങ്ങളുടെ സരിതയെത്തും മറക്കാതെ പദ്ധതിയില്‍ ചേരണെ...കോടികള്‍ നല്‌കണേ... പരാതി ഉണ്ടെങ്കില്‍ സുതാര്യകേരളത്തിലേക്ക്‌ വിളിക്കു.