Breaking News

Trending right now:
Description
 
Jul 30, 2013

2015 കെഎച്എന്‍എ കണ്‍വന്‍ഷന്‍ ഡാലസ്സില്‍ : ടി.എന്‍ നായര്‍ പുതിയ പ്രസിഡന്റ്

Mathew Moolacheril
image


ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്എന്‍എ ) 8-മത് ദേശീയ കണ്‍വന്‍ഷന്‍ ഡാലസ്സില്‍ നടക്കും. ഫ്ലോറിഡയില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ് അടുത്ത കണ്‍വന്‍ഷന്‍ വേദിയായി ഡാലസ്സിനെ തിരഞ്ഞെടുത്തത്. ഡാലസ്, ഹൂസ്റ്റണ്‍, ചിക്കാഗോ, ന്യൂയോര്‍ക്ക്, ലോസ് ആഞ്ചല്‍സ്, വാഷിങ്ടണ്‍ ഡി.സി, ഫ്ലോറിഡ എന്നിവിടങ്ങളിലാണ് ഇതിനുമുമ്പു കണ്‍വന്‍ഷനുകള്‍ നടന്നിട്ടുള്ളത്. ടി.എന്‍ നായര്‍ പ്രസിഡന്റായും, ഗണേഷ് നായര്‍ ജനറല്‍ സെക്രട്ടറിയായും, രാജുപിള്ള ട്രഷറര്‍ ആയിട്ടുമുള്ള 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. 

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ജനറല്‍ ബോഡിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മന്‍മഥന്‍ നായര്‍, ഉദയഭാനു പണിക്കര്‍, എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. 2015 കണ്‍വന്‍ഷന്‍ ആത്മീയതയുടെയും, കലയുടെയും, സംസ്കാരത്തിന്റെയും സംഗമം ആക്കി മാറ്റുമെന്ന് ടി.വി നായര്‍ പ്രസ്താവിച്ചു. 1500-ല്‍ അധികം വരുന്ന സദസ്സിനെ അഭിസംബോധന ചെയ്ത് 2015 കണ്‍വന്‍ഷനെറ്റ് ലക്ഷ്യങ്ങളെക്കുറിച്ച് ടി.എന്‍ നായര്‍ സംസാരിക്കുകയുണ്ടായി. പതിനായിരക്കണക്കിന് വരുന്ന കേരളീയ ഹിന്ദു സമൂഹത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് അഹോരാത്രം പരിശ്രമിക്കുമെന്നും, ജനഹൃദയങ്ങളില്‍ ചിരകാല പ്രതിഷ്ഠ നേടുന്ന തരത്തിലുള്ള ഹിന്ദു സംഗമത്തിന് ഡാലസ് സാക്ഷിയാകുമെന്നും സാധാരണ ധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ' ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച് നോര്‍ത്ത് അമേരിക്കന്‍ മലയാളി ഹിന്ദു സംഗമത്തിന്റെ നന്മയും, ഉയര്‍ച്ചയും ലക്ഷ്യമാക്കിയുള്ള കണ്‍വന്‍ഷന്‍ കാഴ്ചവയ്ക്കുമെന്നും ഇതിനായി എല്ലാ മഹാ മനസ്കരുടെയും സഹായ സഹകരണങ്ങള്‍ അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സാംസ്കാരിക സംഘടനാ പ്രവര്‍ത്തനത്തില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന ടി.എന്‍ നായര്‍ ധാരാളം സാംസ്കാരിക പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

യുവാക്കള്‍ സംഘടനയുടെയും സമൂഹത്തിന്റെയും സ്വത്ത് ആണെന്നും, യുവാക്കളെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ എത്തിക്കുവാന്‍ സാധിച്ചത് കെഎച്എന്‍എ യുടെ ജനഹൃദയങ്ങളിലേക്കുള്ള യാത്രയുടെ തെളിവ് ആണന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ പിള്ള പ്രസ്താവിച്ചു. ഡിട്രോയിറ്റില്‍ നിന്നുള്ള സുരേന്ദ്രന്‍ നായര്‍ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാമികവില്‍ അജയ്യമായ സ്ഥാനം വഹിക്കുന്ന സുരേന്ദ്രന്‍ നായരുടെ അനുഭവ സമ്പത്ത് സംഘടനയ്ക്ക് മുതല്‍ക്കൂട്ട് ആകുമെന്ന് മുന്‍ പ്രസിഡന്റ് ആനന്ദന്‍ നിറവേല്‍ അഭിപ്രായപ്പെട്ടു. ഡിട്രോയിറ്റില്‍ കെഎച്എന്‍എ യുടെ ജീവനാഡിയായി പ്രവര്‍ത്തിക്കുന്ന സുരേന്ദ്രന്‍ നായര്‍ മികച്ച വാഗ്മി കൂടിയാണ്. 

ന്യൂയോര്‍ക്കില്‍ നിന്നുള്ള ഗണേഷ് നായര്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കെഎച്എന്‍എ ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി, കെഎച്എന്‍എ ജോയിന്റ് ട്രഷറര്‍, ബാലബന്ധന്‍ കമ്മിറ്റി ചെയര്‍മാന്‍, കെഎച്എന്‍എ നാഷണല്‍ സ്പെല്ലിങ് ബീ കോ-ഓര്‍ഡിനേറ്റര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് സുത്യര്‍ഹ്യമായ സേവനം കാഴ്ചവച്ചിട്ടുള്ള ആളാണദ്ദേഹം. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് സ്പെഷ്യലിസ്റ്റായി പ്രവര്‍ത്തി ചെയ്യുന്ന അദ്ദേഹം മറ്റു സാംസ്കാരിക സംഘടനകളിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി, വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് യൂത്ത് കോര്‍ഡിനേറ്റര്‍, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍, എന്നീ നിലകളിലൂടെ സംഘടനാ പാടവം തെളിയിച്ചിട്ടുണ്ട്. 

ഹൂസ്റ്റണില്‍ നിന്നുള്ള രജ്ഞിത്ത് നായര്‍ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കെഎച്എന്‍എ യുടെ യുവ കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു വന്ന രജ്ഞിത്ത് ഒരു സാംസ്കാരിക പ്രവര്‍ത്തകനും കള്‍ച്ചറല്‍ സംഘടനകളിലെ നിറ സാന്നിദ്ധ്യവുമാണ്. കെഎച്എന്‍എ യുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ക്ക് രജ്ഞിത്തിന്റെ നേതൃപാടവം വഴികാട്ടി ആയിരിക്കുമെന്ന് ഏവരും ഐകകണ്ഠേന അഭിപ്രായപ്പെട്ടു. കമ്പ്യൂട്ടര്‍ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ കഴിവുകള്‍ കെഎച്എന്‍എ യുടെ ഉയര്‍ച്ചയ്ക്കായി ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. 

ട്രഷറര്‍ ആയി ഡാലസ്സില്‍ നിന്നുള്ള രാജു പിള്ള തിരഞ്ഞെടുക്കപ്പെട്ടു. കെഎച്എന്‍എ യുടെ പ്രവര്‍ത്തന മേഖലകളിലെ നിറസാന്നിധ്യവും, കെഎച്എന്‍എ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഡാലസ് കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ്, സെക്രട്ടറി, ഡാലസ് കേരള അസോസിയേഷന്‍ ട്രഷറര്‍, എന്നീ നിലകളില്‍ ഏവര്‍ക്കും സുപരിചിതനായ രാജു പിള്ള ഡാലസ്സില്‍ ഹോം ഹെല്‍ത്ത്കെയര്‍ മേഖലയില്‍ വിജയം കൈയ്യടക്കിയ വ്യവസായ സംരഭകന്‍ കൂടിയാണ്. യുവതലമുറയ്ക്ക് പ്രാധ്യാന്യം ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള അത്യാകര്‍ഷണീയമായ ഒരു കണ്‍വന്‍ഷന്‍ ആബാലവൃദ്ധം ജനങ്ങള്‍ക്കും ആസ്വദിക്കാവുന്ന തരത്തില്‍ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ ആയിരിക്കും തന്റെ പ്രവര്‍ത്തനമെന്ന് രാജു പിള്ള അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി 4 ദിന കണ്‍വന്‍ഷനിലൂടെ ഒരു ഉത്സവ അന്തരീക്ഷം തന്നെ സംഘടിപ്പിക്കുവാനും കെഎച്എന്‍എ യുടെ പ്രസിഡന്റ് ടി. എന്‍ നായരുടെ കരങ്ങള്‍ക്ക് ശക്തി പകരുവാനും താന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും രാജു പിള്ള ഊന്നിപ്പറയുകയുണ്ടായി.

ന്യൂയോര്‍ക്കില്‍ നിന്നുള്ള ശ്രീകുമാര്‍ ഉണ്ണിത്താന്‍ ജോയിന്റ് ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. അടൂര്‍ മുട്ടത്ത് കുടുംബാംഗവും ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഓഫീസര്‍ ആയി സേവനം അനുഷ്ഠിക്കുന്ന അദ്ദേഹം കെഎച്എന്‍എ യുടെ മുന്‍ ജോയിന്റ് ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി, ബോര്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് പ്രസിഡന്റ്, ഐഒസി വെസ്റ്റ്ചെസ്റ്റര്‍ പ്രസിഡന്റ്, ഡബ്ലു.എം.എ, കെഎച്എന്‍എ മാഗസിന്‍ എഡിറ്റര്‍ എന്നീ നിലകളില്‍ അനുമോദനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള അദ്ദേഹം കെഎച്എന്‍എ യുടെ സന്തത സഹചാരികൂടിയാണ്. സനാതന ധര്‍മ്മത്തില്‍ അടിയുറച്ചുകൊണ്ട് ഹിന്ദു സംസ്കാര പാരമ്പര്യം പുതിയ തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുവാന്‍ കെഎച്എന്‍എ കണ്‍വന്‍ഷനില്‍ എത്തുന്ന എല്ലാവര്‍ക്കും ഗൃഹാതുരം ഉണര്‍ത്തുന്ന വേറിട്ട അനുഭവം നല്‍കുന്ന തരത്തിലുള്ള കണ്‍വന്‍ഷന്‍ ആയിരിക്കും 2015 ഡാലസ് കണ്‍വന്‍ഷന്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കെഎച്എന്‍എ യുടെ 2015 കണ്‍വന്‍ഷന്‍ വന്‍ വിജയം ആക്കിത്തീര്‍ക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ ടി.എന്‍ നായര്‍ തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു. താഴെപ്പറയുന്നവര്‍ പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. അരുണ്‍ രഘു, ബാഹുലേയന്‍ രാഘവന്‍, ബിനീഷ് വിശ്വംഭരന്‍, ജയ കൃഷ്ണന്‍, കൃഷ്ണരാജ് മോഹന്‍, നിഷാന്ത് നായര്‍, രാധാകൃഷ്ണന്‍, രാജേഷ് കുട്ടി, രേഖ മേനോന്‍, സായി നാഥ്, സജി നായര്‍, ശശിധരന്‍ നായര്‍, ഉണ്ണികൃഷ്ണന്‍, യൂത്ത് മെംബര്‍ മീരാ നായര്‍ ഇതോടൊപ്പം പുതുതായി തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ അജിത്ത് നായര്‍, ബാല ശിവ പണിക്കര്‍, സതി നായര്‍, മധുപിള്ള, രതീഷ് നായര്‍, ഷിബു ദിവാകരന്‍, സുരേഷ് നായര്‍, വിനോദ് കെയാര്‍ക്കെ.