Breaking News

Trending right now:
Description
 
Jul 29, 2013

രാഷ്‌ട്രീയത്തില്‍ വന്നത്‌ രാജാജി തുറന്ന പാതയിലൂടെ: തരൂര്‍

ഫ്രാന്‍സിസ്‌ തടത്തില്‍
image
ന്യൂജേഴ്‌സി: രാജഗോപാല ആചാരി(രാജാജി) ആയിരുന്നു രാഷ്‌ട്രീയത്തിലെ തന്റെ ഏറ്റവും വലിയ മാര്‍ഗദര്‍ശിയെന്ന്‌ കേന്ദ്രമാനവവിഭവശേഷി മന്ത്രി ഡോ. ശശി തരൂര്‍. സ്വതന്ത്രപാര്‍ട്ടിയുടെ നേതാവായിരുന്ന രാജാജിയുടെ വഴിയിലൂടെ ആയിരുന്നു വിദ്യാര്‍ഥിയായിരുന്നപ്പോള്‍ തന്റെ യാത്രകള്‍ എന്ന്‌ എം.സി.എന്‍. ടെലിവിഷന്‌ അനുവദിച്ച കര്‍മ്മവീഥിയിലൂടെ എന്ന അഭിമുഖപരിപാടിയില്‍ ഡോ. ശശി തരൂര്‍ പറഞ്ഞു. 1991-നു ശേഷം ഇന്ത്യ കണ്ട ഓരോ വികസനങ്ങളും നവീകരണങ്ങളും അതിനു 35 വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ രാജാജി വിഭാവനംചെയ്‌തിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനേക്കാള്‍ മഹാനായ മറ്റൊരു നേതാവ്‌ 65 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്നു പറഞ്ഞ തരൂര്‍ തന്റെ മാതൃകാപുരുഷന്‍ നെഹ്‌റു തന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ മനസ്സ്‌, കാഴ്‌ചപ്പാട്‌, എഴുത്ത്‌ എന്നിവയെല്ലാം ഒരു വലിയ പാഠപുസ്‌തകമാണ്‌.

തന്നെ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിലേയ്‌ക്ക്‌ എത്തിക്കാന്‍ പ്രവര്‍ത്തിച്ചവരില്‍ ഒരുപാട്‌ പേരുണ്ട്‌. സോണിയാ ഗാന്ധിയും മന്‍മോഹന്‍സിംഗും, കേരളത്തില്‍ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും, കേന്ദ്രത്തിലും കേരളത്തിലുമായി എ.കെ. ആന്റണി തുടങ്ങിയവര്‍. രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി ഒരിക്കല്‍ പറഞ്ഞു: "താങ്കളേപ്പോലെയുള്ളവരെയാണ്‌ കോണ്‍ഗ്രസിന്‌ ആവശ്യം," ഡോ. ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

എം.സി.എന്‍. ടെലിവിഷന്‍ ചാനലിന്‌ അനുവദിച്ച അര മണിക്കൂര്‍ നീണ്ടുനിന്ന അഭിമുഖത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെയും ലോക രാഷ്ട്രീയത്തിലെയും അവിസമരണീയമായ ഒട്ടനവധി കാര്യങ്ങള്‍ ഡോ. ശശി തരൂര്‍ തുറന്നു പറയുന്നു. ഡോ. ശശി തരൂരിന്റെ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ എം.സി.എന്‍. ടെലിവിഷന്‍ ചാനലിന്റെ കര്‍മ്മവീഥിയിലൂടെ എന്ന പരിപാടി കാണുക.

സമയം: ശനിയാഴ്‌ച രാവിലെ 9.30, രാത്രി 9.30
ഞായറാഴ്‌ച: രാത്രി 9.30 (EST)