Breaking News

Trending right now:
Description
 
Oct 12, 2012

ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്‌തവ സമുദായത്തിന്‌ നീതി ലഭിക്കണം കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

image കാഞ്ഞിരപ്പള്ളി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്ക്‌ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും തുല്യമായി അര്‍ഹതയുള്ളവരായിരിക്കെ ക്രൈസ്‌തവ സമുദായത്തോട്‌ ന്യൂനപക്ഷ ക്ഷേമവകുപ്പ്‌ കാണിക്കുന്ന അവഗണന പ്രതിഷേധാര്‍ഹമാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്നതും സര്‍ക്കാര്‍ സംവിധാനത്തിലൂടെ നടപ്പിലാക്കുന്നതുമായ ക്ഷേമപദ്ധതികളില്‍ ക്രൈസ്‌തവരുള്‍പ്പെടെ ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നീതി ലഭിക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചു.

കേരളത്തിലെ കാര്‍ഷിക മേഖലയെ തകര്‍ക്കുകയും 58 ലക്ഷത്തോളം ജനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലെ കര്‍ഷകവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാധവ്‌ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അനുമതി നല്‍കാവൂ എന്ന ഇടക്കാല ഉത്തരവിനെതിരേ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി ദേശീയ ഗ്രീന്‍ ട്രൈബൂണല്‍ തള്ളിയ സാഹചര്യം ആശങ്കാജനകവും ജനങ്ങളില്‍ പരിഭ്രാന്തി ഉളവാക്കിയിരിക്കുകയുമാണ്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും രാഷ്‌ട്രീയ നേതൃത്വങ്ങളുടെയും ശക്തമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും പാസ്‌റ്ററല്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

മാര്‍ മാത്യു അറയ്‌ക്കല്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍മാരായ റവ.ഡോ.മാത്യു പായിക്കാട്ട്‌, റവ.ഡോ.ജോസ്‌ പുളിക്കല്‍, ചാന്‍സിലര്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി, പ്രൊക്യുറേറ്റര്‍ റവ.ഫാ. ആന്റണി മണിയങ്ങാട്ട്‌, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്‌ സമിതി സോഷ്യല്‍ ആന്റ്‌ ഹെല്‍ത്ത്‌, ചാരിറ്റി, എഡ്യുക്കേഷന്‍, പാസ്റ്ററല്‍ ആനിമേഷന്‍, കമ്യൂണിക്കേഷന്‍ ആന്റ്‌ പബ്ലിക്‌ റിലേഷന്‍, റിന്യൂവല്‍ ആക്‌ടിവിറ്റീസ്‌, റിലീജിയസ്‌ ആന്റ്‌ ഫോര്‍മേഷന്‍ എന്നീ കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. ചെയര്‍മാന്മാരായ ഫാ.ജോസഫ്‌ പൊങ്ങന്താനം, ഫാ.സക്കറിയാസ്‌ ഇല്ലിക്കമുറി, ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം, ഫാ.സെബാസ്റ്റ്യന്‍ കിടങ്ങത്താഴെ, ഫാ.തോമസ്‌ വയലുങ്കല്‍, ഫാ.ജോസഫ്‌ വെള്ളമറ്റം, സെക്രട്ടറിമാരായ പി.എസ്‌.വര്‍ഗ്ഗീസ്‌, സിസ്റ്റര്‍ പ്രതിഭ എസ്‌.ഡി., ജോസഫ്‌ മാത്യു പതിപ്പള്ളില്‍, ജോര്‍ജ്‌ കൂരമറ്റം, ബിന്‍സ്‌ എം.മൂലയില്‍, സണ്ണി എട്ടിയില്‍, സിസ്റ്റര്‍ ജാന്‍സി മരിയ സി.എം.സി. എന്നിവര്‍ കമ്മീഷനുകളുടെ പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍

പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി