Breaking News

Trending right now:
Description
 
Oct 12, 2012

ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിച്ചതിന്റെ പേരില്‍ നഴ്‌സിംഗ്‌ രജിസ്‌ട്രേഷന്‌ അര്‍ഹത നേടിയവരോടും ഐഇഎല്‍ടിഎസ്‌ സ്‌കോര്‍ ആവശ്യപ്പെടുന്നു

Special Correspondent /Global Malayalam
image ഐഇഎല്‍ടിഎസിന്‌ തത്തുല്യമായി ഹയര്‍ സെക്കന്‍ഡറി പഠനം അംഗീകരിക്കാമെന്ന വ്യവസ്ഥയില്‍ ഓസ്‌ട്രേലിയയില്‍ എത്തിയവര്‍ക്കു മുന്നില്‍ പുതിയ കുരുക്കുകള്‍. ഇങ്ങനെ രജിസ്‌ട്രേഷന്‍ നേടിയ നഴ്‌സുമാരോട്‌ കോംപിറ്റന്‍സി തെളിയിക്കാന്‍ ഐഇഎല്‍ടിഎസിന്റെ നേടി സ്‌കോര്‍ ഹാജരാക്കാന്‍ നഴ്‌സിംഗ്‌ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഐഇഎല്‍ടിഎസ്‌ ഇല്ലാതെ നഴ്‌സിംഗ്‌ രജിസ്‌ട്രേഷന്‌ യോഗ്യത നേടിയവരുടെ ഇംഗ്ലീഷ്‌ ഭാഷാ പരിജ്ഞാനം മോശമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ്‌ നഴ്‌സിംഗ്‌ കൗണ്‍സില്‍ ചിലരോട്‌ ഐഇഎല്‍ടിഎസ്‌ സ്‌കോര്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഹയര്‍ സെക്കന്‍ഡറി വരെയുള്ള പഠനം ഇംഗ്ലീഷ്‌ മീഡിയത്തിലാണെങ്കില്‍ ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ്‌ രജിസ്‌ട്രേഷനുള്ള പ്രധാന കടമ്പയായ ഐഎഎല്‍ഇടിഎസ്‌ യോഗ്യതയ്‌ക്കു തുല്യമായി അംഗീകരിക്കുമെന്ന നഴ്‌സിംഗ്‌ കൗണ്‍സില്‍ ഉത്തരവു മുതലെടുക്കാന്‍ അംഗീകാരമില്ലാത്ത ചില ഏജന്‍സികള്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച്‌ കഴിഞ്ഞ ദിവസം ഗ്ലോബല്‍ മലയാളം (www.globalmalayalam.com) റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇവരെ ഓസ്‌ട്രേലിയയിലെത്തിച്ച ഏജന്‍സികള്‍ പലതും സീറ്റ്‌ തരപ്പെടുത്തിക്കൊടുത്തിട്ട്‌ പിന്നീട്‌ തിരിഞ്ഞുനോക്കിയിട്ടില്ല.

ബാംഗളൂരില്‍ ഹെഡ്‌ ഓഫീസ്‌ ഉള്ള ഒരു ഏജന്‍സി ഐഇഎല്‍ടിഎസ്‌ തത്തുല്യയോഗ്യതയുടെ പേരില്‍ ഒട്ടേറെപ്പേരെ ഓസ്‌ട്രേലിയയില്‍ എത്തിച്ചെങ്കിലും പലരും വിഷമവൃത്തത്തിലായി. ചില കോളജുകളുടെ അംഗീകാരം റദ്ദായതിന്റെ പേരില്‍ ഇരുന്നൂറിലധികം മലയാളി നഴ്‌സുമാരുടെ ഭാവി ആശങ്കയിലാണ്‌.

സെപ്‌റ്റംബര്‍ 20-നു ശേഷം ഐഇഎല്‍ടിഎസ്‌ തത്തുല്യയോഗ്യതാ നിയമം ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക്‌ ബാധകമല്ലെന്ന്‌ ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്‌. സെപ്‌റ്റംബര്‍ 20-നു മുമ്പ്‌ ഡിസിഷന്‍ ലെറ്റര്‍ കിട്ടിയവര്‍ ഇപ്പോഴും ഓസ്‌ട്രേലിയയിലേയ്‌ക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. ഒരു വര്‍ഷത്തിനുള്ളില്‍ യോഗ്യത തെളിയിക്കാനാണ്‌ ഇവരോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. നേരത്തെ രണ്ടുവര്‍ഷം വരെ സമയം അനുവദിച്ചിരുന്നു.