Breaking News

Trending right now:
Description
 
Jul 25, 2013

നാട്ടുകാരെ കറണ്ടടിപ്പിക്കേണ്ട പരുവത്തിലാക്കല്ലേ സര്‍ക്കാരേ!

image കേരള സര്‍ക്കാരിന്റെ കുത്തക സ്ഥാപനമായ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് യുക്തിസഹമല്ലാത്ത രീതിയില്‍ ആവശ്യപ്പെടുന്ന എല്ലാവിധ താരിഫ് /ചാര്‍ജുകളും -അതില്‍ ലൈന്‍ വാടക, ഫിക്‌സഡ് ചാര്‍ജ്, എനര്‍ജി ചാര്‍ജ്, ഡ്യൂട്ടി, മീറ്റര്‍ വാടക, അധിക ഫിക്‌സഡ് ചാര്‍ജ്, ഫ്യൂവല്‍ സര്‍ചാര്‍ജ്, മറ്റിനം തുടങ്ങി തോന്നിയപോലെ കൂട്ടുന്ന എല്ലാമുണ്ട്. - നല്കുന്ന ഉപഭോക്താവിന് ഗുണനിലവാരമുള്ള വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ബോര്‍ഡിന് ഉത്തരവാദിത്തമില്ലേ? ഏതായാലും കറണ്ട് ബില്ല് കൃത്യമായി അടയ്ക്കാതിരുന്നാല്‍ ഫ്യൂസ് ഊരാതിരിക്കുന്നില്ലല്ലോ?

മഴക്കാലമായി ഡാമുകള്‍ നിറഞ്ഞു കവിഞ്ഞിട്ടും വൈദ്യുതി ക്ഷാമവും വോള്‍ട്ടേജ് ഇല്ലായ്മയും ഏറ്റക്കുറച്ചിലുകളും തോന്നിയതു പോലുള്ള വരവുപോക്കും ഒഴിവാക്കാന്‍ ബോര്‍ഡിന് കഴിയാത്തതെന്തേ? കറണ്ട് കിട്ടാതെ സഹികെട്ട് ഉപയോക്താക്കള്‍ ഓഫീസില്‍ ചെന്നാല്‍ അവരെ ക്രിമിനല്‍ കേസില്‍ പ്രതികളാക്കുമെന്നു വരെയാണ് പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇക്കാലത്ത് എല്ലാക്കാര്യങ്ങളും വൈദ്യുതി ഉപയോഗിച്ചാണെന്നുള്ള കാര്യം സദാസമയവും സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കണോ?

എന്തുകൊണ്ടാണ് ആവര്‍ത്തിച്ചു ലൈന്‍ തകരാര്‍ വരുന്നതെന്നു ഗവേഷണബുദ്ധ്യാ പരിശോധിച്ചു അതിനു ശാശ്വതമായ പരിഹാരം അധികൃതര്‍ കണ്ടെത്താത്തത്? കറണ്ട് പോയാലോ ലൈനിലേക്കു മരക്കൊമ്പ് വീണാലോ എങ്ങനെയാണ് ബന്ധപ്പെട്ടവരെ വിവരമറിയിക്കുക? സെക്ഷന്‍ ഓഫീസിലേക്ക് വിളിച്ചറിയിക്കാം എന്നായിരിക്കാം ഉത്തരം. അവിടെ ഫോണ്‍ എടുത്തില്ലെങ്കിലോ? അതിനല്ലേ എസ്.എം.എസ് പരാതി സംവിധാനം എന്നായിരിക്കാം മറുപടി. ഏതായാലും വളരെ നിരുത്തരവാദപരമായി പെരുമാറുന്ന ഓഫീസാണ് ബോര്‍ഡിന്റേതെന്നു വ്യാപകമായ പരാതി നിലനില്ക്കുകയാണ്.

ഒരു പരാതി സാമ്പിള്‍ ഇങ്ങനെ. ഇത്തരം പരാതികള്‍ തന്നെയാണ് മാസങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

2013 ജൂലൈ 23 ചൊവ്വ. ആലപ്പുഴ തത്തംപള്ളി വാര്‍ഡ്.

പലപ്രാവശ്യം ആവര്‍ത്തിച്ചു കറണ്ട് പോയിവന്നിട്ടു രാത്രി എട്ടായപ്പോള്‍ ഒരു പോക്കും കൂടെ. അതൊരു പോക്കായിരുന്നു.

അരമുക്കാല്‍ മണിക്കൂര്‍ കാത്തിരുന്നിട്ടും കറണ്ട് വരാത്തതിനാല്‍ സെക്ഷന്‍ ഓഫീസിലേക്കു വിളിക്കുന്നു. ആവര്‍ത്തിച്ചു വിളിച്ചിട്ടും രക്ഷയില്ല. തിരക്കിലാണ്, ഇങ്ങനൊരു നമ്പര്‍ താത്കാലികമായി നിലവിലില്ല എന്നൊക്കെയാണ് കിട്ടുന്ന മറുപടി!

എന്നാല്‍ എസ്.എം.എസ് ആകട്ടെ. ഒന്‍പതരയോടെ പരാതി വിട്ടപ്പോള്‍ ഏതായാലും വൈകാതെ മറുപടി എത്തി. അപ്പോഴല്ലെ രസം. പരാതി കിട്ടി. ഡോക്കറ്റ് നമ്പര്‍ ഇതാ പിടിച്ചോ. രാവിലെ 11-ഓടെ പരിഹാരമുണ്ടായില്ലേല്‍ സെക്ഷന്‍ ഓഫീസിലേക്ക് വിളി അല്ലെങ്കില്‍ ഒരു ടോള്‍ ഫ്രീ നമ്പരിലേക്ക് വിളി.

അതുകൊള്ളാമല്ലോ. രാത്രിയില്‍ പോയ കറണ്ട് കാത്തുകാത്ത് 15 മണിക്കൂര്‍ കഴിഞ്ഞിട്ട് വിളിക്കാന്‍!

കൊതുകുശല്യം അസഹ്യമായപ്പോള്‍ ടോള്‍ഫ്രീ നമ്പരിലേക്ക് വിളിച്ചു. അതാകട്ടെ കറണ്ട് പോയി ഏകദേശം അഞ്ചു മണിക്കൂര്‍ കഴിഞ്ഞ്. അര്‍ധരാത്രി. വിളിക്കേണ്ട സമയം ആയിട്ടില്ലെന്ന് അറിയാം. എന്നാലും..

കുറേനേരം ഫോണ്‍ ഞെക്കിപ്പയറ്റിക്കഴിഞ്ഞപ്പോള്‍ എടുത്തു. കാര്യം പറഞ്ഞു. അപ്പോള്‍ പറയുന്നു. ഫോണ്‍ എത്തുന്നത് തിരുവനന്തപുരത്താണെന്ന്. ആലപ്പുഴ കാര്യം ഒന്നും അവിടെ നടക്കില്ല. ബന്ധപ്പെട്ട സെക്ഷനില്‍ വിളിച്ചു പറയ്. എസ്.എം.എസ് ഒക്കെ നേരം വെളുത്ത് ഓഫീസൊക്കെ തുറന്നു ജീവനക്കാര്‍ എത്തുമ്പോഴേ നോക്കൂ! 

ആവശ്യക്കാരന് ഔചിത്യമില്ലല്ലോ.. വീണ്ടും ശ്രമം സെക്ഷന്‍ ഓഫീസിലേക്കു. ഇടയ്ക്ക് ഫോണ്‍ എടുത്തു കിട്ടി. കാര്യം പറഞ്ഞു. അപ്പോള്‍ മറുപടി കിട്ടി. ട്രാന്‍ഫോര്‍മറില്‍ പ്രശ്‌നമാണ്. നേരം വെളുത്താലേ നന്നാക്കാന്‍ പറ്റൂ.

ഏതായാലും നേരം വെളുത്തു. കാത്തിരുപ്പായി. കാര്യം മറന്നാലോ. എട്ടരയായപ്പോള്‍ മുതല്‍ വീണ്ടും വിളി തുടങ്ങി. ഭാഗ്യം. പത്താകാറായപ്പോള്‍ ഫോണ്‍ എടുത്തു. ദേ, ഉടനേ ശരിയാക്കും എന്ന് ഉറപ്പ്.

ആശ്വാസം. നന്നാക്കിക്കൊണ്ടിരിക്കുകയാകും. വീണ്ടും കാത്തിരിപ്പ്. അനക്കമില്ലാത്തതിനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ വരെ പോയിനോക്കാം. അതെല്ലാം കുത്തിയിളക്കിപ്പറിച്ചു താഴെയിട്ടു നന്നാക്കിക്കൊണ്ടിരിക്കുകയാണെന്നാണല്ലോ ഉപയോക്താവിന്റെ ധാരണ. അവിടെ ചെന്നു നോക്കിയപ്പോള്‍ ആരുമില്ല. ട്രാന്‍സ്‌ഫോര്‍മര്‍ അവിടെത്തന്നെയുണ്ട്. അന്വേഷിച്ചപ്പോള്‍ അതില്‍ നിന്നു തന്നെയുള്ള വേറെ ലൈനില്‍ കറണ്ടുമുണ്ട്!!

അപ്പോഴതാ വരുന്നു ജീപ്പില്‍ ആള്‍ക്കാര്‍. പതിനൊന്നാകാറായപ്പോള്‍ വന്നിറങ്ങി ഏതാനും മിനിട്ട് എന്തോ കാണിക്കുന്നു. പതിനൊന്നിനു കറണ്ട്! അപ്പോള്‍ ഓര്‍ത്തു. ബോര്‍ഡിലിരിക്കുന്നവര്‍ എത്ര ദീര്‍ഘവീക്ഷണമുള്ളവര്‍!. പതിനൊന്നിനു കൃത്യമായി നന്നാക്കിയല്ലോ? എത്ര മിടുക്കര്‍!!ഞൊടിയിടയില്‍ ശരിയാക്കിയല്ലോ?!

കഥ തീരുന്നില്ല. 11.10 ആയപ്പോള്‍ ദേ, കറണ്ട് അതിന്റെ പോക്കിനു വീണ്ടും പോയി! എന്നാല്‍ ആ ടോള്‍ഫ്രീ നമ്പരില്‍ ഒന്നു വിളിച്ചുനോക്കാം. പലപ്രാവശ്യം വിളിച്ചു. എടുത്തില്ല. പിന്നെ എടുത്തിട്ടു വെച്ചു. പിന്നെ കേള്‍ക്കുന്നില്ലെന്നു പറഞ്ഞു. ആവശ്യക്കാരന് ഒട്ടും തന്നെ ഔചിത്യമില്ലല്ലോ. ഒരു വിധത്തില്‍ വിളിച്ചു 11.30-നു സംസാരിക്കാന്‍ കിട്ടി. എസ്.എം.എസിന്റെ കാര്യം പറഞ്ഞു. അതൊക്കെ ഇവിടെ കിട്ടിയിട്ടുണ്ട്. അതു സെക്ഷന്‍ ഓഫീസിലേക്കു ഫോര്‍വേഡ് ചെയ്യാമെന്നാണ് മറുപടി. എന്തു ചെയ്താലും കറണ്ടാണ് വേണ്ടതെന്നു കൃത്യമായി കാശു കറണ്ടിനു (ഇപ്പോള്‍ ഫോണ്‍ വിളികള്‍ക്കും. പോകുന്ന സമയത്തിന്റേയും മിനക്കേടിന്റേയും നഷ്ടങ്ങളുടേയും കണക്ക് തത്ക്കാലം പറയുന്നില്ല.) കൊടുക്കുന്ന ഉപയോക്താവ്. എന്നാല്‍ ഉത്തരവാദപ്പെട്ട ഓഫീസര്‍മാരുടെ ആരുടെയങ്കിലും മൊബൈല്‍ ഫോണ്‍ നമ്പര്‍ തന്നാല്‍ വിളിക്കാമെന്നും ഉപയോക്താവ്. അതിനു മറുപടിയില്ല.

11.35-നു കറണ്ട് വന്നു. 11.53 ആയപ്പോള്‍ സെക്ഷന്‍ ഓഫീസില്‍ നിന്നു വിളി. കറണ്ട് വന്നോ എന്നറിയാന്‍. വന്നതിന്റേയും പോയതിന്റേയും കഥ വീണ്ടും പറഞ്ഞു. 11 കെ.വി ലൈനിന്റേതാണ് പ്രശ്‌നമെന്നും വിളിച്ചയാള്‍ സൂചിപ്പിച്ചു. അതിസാങ്കേതിക കാര്യങ്ങള്‍ എതായാലും ഉപയോക്താവിനു മനസിലായില്ല.! കറണ്ട് പോകുമ്പോള്‍ സെക്ഷന്‍ ഓഫീസിലേക്കു വിളിച്ചാല്‍ മതിയല്ലോ, അതിനു തിരുവനന്തപുരം വരെ പോകേണ്ട കാര്യമില്ലല്ലോ എന്നും വരികള്‍ക്കിടയില്‍. പരാതി പറയുന്നതു കേള്‍ക്കാന്‍ ആളെ കിട്ടാത്തതു കൊണ്ടല്ലോ സാഹസം എന്നു ഉപയോക്താവ്.

കറണ്ട് വന്നപ്പോള്‍, 16 മണിക്കൂര്‍ കറണ്ട് ഇല്ലാതിരുന്നതു മൂലമുള്ള എല്ലാ കഷ്ടനഷ്ടങ്ങളും അനുഭവിച്ച ബുദ്ധിമുട്ടും ഉപയോക്താവ് മറക്കുന്നു. പതിവും അങ്ങനെയാണല്ലോ.

പക്ഷേ അതു നീണ്ടു നിന്നില്ല. 12.23 ആയപ്പോള്‍ കറണ്ട് അതിന്റെ പാട്ടിനു പോയി. എന്നാല്‍ 12.40 ആയപ്പോള്‍ വന്നു. പിന്നേയും ഒരു ഉറപ്പുമില്ലാതെ വന്നും പോയും ഇരിക്കുന്നു.

ഇതൊക്കെ ഇനി ആരോടാണ് പറയേണ്ടത്? കുറഞ്ഞ പക്ഷം പരാതി ഉടനേ കൃത്യമായി കേള്‍ക്കാനെങ്കിലും ഒരു സംവിധാനമൊരുക്കുമോ? കൃത്യമായി കാശുതരുന്ന ഉപയോക്താവിനു അത്രയുമെങ്കിലും ആശ്വാസത്തിനു അവകാശമില്ലേ?!