Breaking News

Trending right now:
Description
 
Jul 24, 2013

തമിഴ്‌നാട്ടില്‍ തോട്ടംമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കില്ലെന്ന്‌ ജയലളിത

image ചില മേഖലകളില്‍ വിദേശ നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തിയ കേന്ദ്ര നടപടിയെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി ജലളിത തമിഴ്‌നാട്ടിലെ തോട്ടം മേഖലയില്‍ അത്‌ അനുവദിക്കില്ലെന്നു വ്യക്‌തമാക്കി. രൂപയുടെ വില തുടര്‍ച്ചയായി ഇടിഞ്ഞുവരുന്ന സാഹചര്യത്തില്‍ അതു പിടിച്ചുനിര്‍ത്താനായി കേന്ദ്രം ആവിഷ്‌കരിച്ച വിദേശനിക്ഷേപ പദ്ധതി സമ്പദ്‌വ്യവസ്‌ഥ കൈകാര്യം ചെയ്യുന്നതില്‍ കുറക്കാലമായുള്ള യുപിഎ സര്‍ക്കാരിന്റെ ബാലിശമായ രീതികളെയാണ്‌ എടുത്തുകാണിക്കുന്നത്‌. ചില വിദേശ താത്‌പര്യങ്ങള്‍ക്കനുസരിച്ച്‌ പ്രത്യേകിച്ചും റേറ്റിംഗ്‌ താഴ്‌ത്തുമെന്ന്‌ ഇടയ്‌ക്കിടെ വിരട്ടിക്കൊണ്ടിരിക്കുന്ന യുഎസ്‌ ഏജന്‍സികളുടെ സമ്മര്‍ദത്തിനു വഴങ്ങുകയാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍. കടയോഗ്യതാ നിരക്കിന്റെ കാര്യത്തില്‍ ഇന്ത്യക്കു പാഴ്‌പദവി കല്‍പ്പിക്കുന്ന ഈ റേറ്റിംഗ്‌ ഏജന്‍സികളുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ എന്ന്‌ ജയലളിത കുറ്റപ്പെടുത്തി. സാധാരണക്കാരുടെയും തൊഴിലാളികളുടെയും താത്‌പര്യം സംരക്ഷിക്കുന്നതില്‍ വളരെ ആശങ്കാജനകമായ നടപടികളാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. ഓട്ടോമറ്റിക്‌ റൂട്ടിലൂടെ ടെലികോം മേഖലയിലും തോട്ടം മേഖലയിലും നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തെ അവര്‍ ശക്‌തമായി വിമര്‍ശിച്ചു. തമിഴ്‌നാട്ടില്‍ അനവധി ചെറുകിട തേയിലത്തോട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അവരുടെ ജീവിതോപാധി സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌. വന്‍കിട തോട്ടമുടമകള്‍ക്കു വേണ്ടി ചെറുകിടക്കാരുടെ താത്‌പര്യങ്ങള്‍ അട്ടിമറിക്കാന്‍ അനുവദിക്കില്ല. സമ്പദ്‌വ്യവസ്‌്‌ഥയിലെ അസന്തുലിതാവസ്‌ഥ പരിഹരിക്കുന്നതിനു വിദേശ നിക്ഷേപത്തില്‍ ഇളവു വരുത്തുന്നതു ഫലപ്രദ നടപടിയല്ല. അതിനു പകരം കയറ്റുമതി വര്‍ധിപ്പിച്ച്‌ കറന്റ്‌ അക്കൗണ്ടിലെ അസന്തുലിതാവസ്‌ഥ പരിഹരിക്കുകയാണു വേണ്ടത്‌. ഹ്രസ്വ വീക്ഷണത്തോടെയുള്ള ഇത്തരം നടപടികള്‍ രൂപയ്‌ക്കു ശക്‌തി പകരുമെന്നും കരുതുന്നില്ലെന്ന്‌ ജയലളിത പറഞ്ഞു.