Breaking News

Trending right now:
Description
 
Jul 21, 2013

വീടുവയ്‌ക്കാന്‍ 'ദക്ഷിണാഫ്രിക്കന്‍ ഹെല്‍പ്‌ ഹണ്ട്‌'; കോടികള്‍ തട്ടാന്‍ ഇടുക്കിയില്‍ കളമൊരുങ്ങി

ജിജിമോള്‍ ഇ.എസ്‌
image ഇടുക്കിയില്‍ ഭവനരഹിതര്‍ക്ക്‌ യാതൊരു മുതല്‍മുടക്കുമില്ലാതെ മൂന്നുലക്ഷം രൂപ ഭവന നിര്‍മാണത്തിനായി നല്‌കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ വന്‍ തട്ടിപ്പ്‌. പാവപ്പെട്ടവര്‍ക്ക്‌ ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള സൗജന്യസഹായമായി വീട്‌ നിര്‍മ്മിച്ചു നല്‌കാമെന്ന പേരു പറഞ്ഞാണ്‌ പണപ്പിരിവ്‌. ഇടുക്കി ജില്ലയില്‍നിന്നു മാത്രം ലക്ഷക്കണക്കിനു രൂപ ഇതുവരെ പിരിച്ചെടുത്തു കഴിഞ്ഞു.

വീടു കിട്ടാന്‍ 3100 രൂപ കൊടുക്കണം എന്ന്‌ പാവപ്പെട്ടവരെ പറഞ്ഞ്‌ വിശ്വസിപ്പിച്ചാണ്‌ പണപ്പിരിവ്‌. ആറുവര്‍ഷംമുമ്പ്‌ ഇതേ രീതിയില്‍ ഒരു കോടിയോളം രൂപ പിരിച്ചെടുത്ത്‌ ചിലര്‍ സ്ഥലം വിട്ടിരുന്നു. അന്ന്‌ കാര്യമായ പരാതികളുണ്ടാകാത്തതിനാല്‍ മറ്റൊരു രീതിയില്‍ തട്ടിപ്പിനായി ആളുകളെ വലയില്‍ വീഴിക്കുകയാണ്‌.

ദെവമക്കള്‍ക്ക്‌ ഹെല്‍പ്‌ ഹണ്‍ഡ്‌ എന്ന പേരില്‍ പെന്തക്കോസ്‌തു പാസ്റ്റര്‍മാരെ പറഞ്ഞുപറ്റിച്ച്‌ പണപ്പിരിവ്‌ നടത്തുന്നത്‌. ചാള്‍സ്‌ എന്നയാളാണ്‌ പണപ്പിരിവ്‌ നടത്തുന്നതെന്നാണ്‌ വിവരം. ഇയാളുടെ കൃത്യമായ വിലാസം ആര്‍ക്കുമറിയില്ല. നാഗര്‍കോവില്‍ സ്വദേശിയാണെന്ന്‌ പറയപ്പെടുന്നു. ഇടുക്കി ജില്ലയിലെ പാമ്പനാര്‍ കേന്ദ്രമായി രൂപം കൊടുത്ത ഗോഡ്‌ ഈസ്‌ ഗ്രേറ്റ്‌ മിനിസ്‌ട്രിയുടെ പ്രവര്‍ത്തകനാണത്രേ ഇയാള്‍. സൗത്ത്‌ ആഫ്രിക്കയില്‍ നിന്ന്‌ സാമ്പത്തിക സഹായം കേരളത്തില്‍ എത്തിക്കുമെന്നാണ്‌ അവകാശവാദം. ഏകദേശം നാല്‌പതോളം പാസ്റ്ററുമാരെ പാവങ്ങള്‍ക്ക്‌ വീട്‌ കിട്ടാനുള്ള പദ്ധതി എന്ന നിലയില്‍ പറഞ്ഞുവിശ്വസിപ്പിച്ചിട്ടുണ്ട്‌. ഇവരില്‍നിന്ന്‌ വിവരങ്ങള്‍ അറിയുന്ന പഞ്ചായത്ത്‌ അംഗങ്ങള്‍ അടക്കമുള്ളവര്‍ പണം പിരിവിനായി ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉത്സാഹമെടുക്കുന്നു. നിലവില്‍ പണം പിരിച്ചവര്‍ക്ക്‌ സഹായം നല്‌കണമെങ്കില്‍ കുറഞ്ഞത്‌ 30 കോടിയുടെ വിദേശസഹായം ലഭിക്കണം. അതും സൗത്ത്‌ ആഫ്രിക്കയില്‍ നിന്ന്‌.

ഗ്ലോബല്‍ മലയാളം നടത്തിയ അന്വേഷണത്തില്‍ വണ്ടിപ്പെരിയാര്‍ 55-ാം മൈല്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന രാജന്‍ എന്നയാള്‍ ഇടുക്കി ജില്ലയിലെ ഏതു മതസ്ഥര്‍ക്കും സഹായം നല്‌കാമെന്ന്‌ അവകാശപ്പെടുന്നത്‌. പാസ്റ്ററാണെന്നാണ്‌ ഇയാളുടെ അവകാശവാദം. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷയും നാലു ഫോട്ടോയും 3100 രൂപയും നല്‌കിയാല്‍ മൂന്നു ലക്ഷം രൂപയുടെ വീട്‌ റെഡി ആണത്ര. 1500 പേര്‍ക്ക്‌ ഇപ്പോള്‍തന്നെ വീടിന്‌ അനുമതി കിട്ടിക്കഴിഞ്ഞുവെന്നും പറയുന്നു. അംഗങ്ങളെ ചേര്‍ക്കുകയാണെങ്കില്‍ കമ്മീഷന്‍ നല്‌കാമെന്നും രാജന്‍ ഉറപ്പു നല്‌കുന്നു. ആവശ്യക്കാര്‍ക്കെല്ലാം നല്‌കുമെന്നാണ്‌ ഇയാള്‍ നല്‌കിയ ഉറപ്പ്‌. പണം ഈ മാസം നല്‌കിയാല്‍ അതിനുള്ള രസീത്‌ അടുത്ത മാസം ഇരുപതാം തീയതി നല്‌കാമെന്നാണ്‌ ഇവര്‍ പറയുന്നത്‌.

സര്‍ക്കാര്‍ സഹായം പോലും ഒരു ലക്ഷം രൂപ തികച്ചില്ലാത്തതിനാല്‍ പാവപ്പെട്ടവര്‍ ദൈവപ്രതിനിധികളെന്ന്‌ അവകാശപ്പെടുന്നവരുടെ വാക്ക്‌ വിശ്വസിച്ച്‌ പണം നല്‌കുകയാണ്‌.

ആറു വര്‍ഷം മുമ്പ ഇതേരീതിയില്‍ നടത്തിയ തട്ടിപ്പില്‍ പതിനായിരം രൂപ വീതമാണ്‌ പിരിച്ചത്‌. രണ്ടുലക്ഷം രൂപ നല്‌കാമെന്ന പേരില്‍ പാസ്റ്റര്‍മാരെ മുന്‍നിറുത്തി നടത്തിയ തട്ടിപ്പില്‍ ജനപ്രതിനിധികളും ഇരകളായിരുന്നു. നാലര ലക്ഷം രൂപ വരെ ജനങ്ങളില്‍ നിന്ന്‌ പിരിച്ച്‌ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ തട്ടിപ്പ്‌ സംഘത്തിനു നല്‌കിയിരുന്നു.

ഹിന്ദുമതത്തില്‍ നിന്ന്‌ പെന്തക്കോസ്‌തു മതത്തിലേക്കു കണ്‍വേര്‍ട്ട്‌ ചെയ്‌ത ക്രിസ്‌ത്യാനികള്‍ക്കാണ്‌ അന്ന്‌ സഹായം നല്‌കിയതെന്നാണ്‌ മ്ലാമല എന്ന സ്ഥലത്തെ വേദനായര്‍ എന്നയാള്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞത്‌. ഇദ്ദേഹം തന്നെ ഇരുപത്‌ പേരുടെ കയ്യില്‍ നിന്നാണ്‌ പണം പിരിച്ചിരിക്കുന്നത്‌.

പതിനഞ്ചു മാസം മുമ്പ തുടങ്ങിയ പ്രവര്‍ത്തനമാണ്‌ പിരിവിന്‌ വിശ്വാസ്യത നല്‌കിയത്‌. തുടക്കത്തില്‍ ചില സാമ്പത്തിക സഹായങ്ങള്‍ നല്‌കി പാവങ്ങളുടെ വിശ്വാസം നേടിയെടുത്താണ്‌ വലിയൊരു തട്ടിപ്പിന്‌ കളമൊരുക്കിയിരിക്കുന്നത്‌. മുമ്പ്‌ തട്ടിപ്പിനിരയായ ചിലര്‍ പുതിയ പണപ്പിരിവിനെക്കുറിച്ച്‌ പോലീസില്‍ പരാതി നല്‌കി. എന്നാല്‍ തട്ടിപ്പിനിരയായ ആരെങ്കിലും പരാതി നല്‌കിയാലെ കേസെടുക്കാനാവൂ എന്ന നിലപാടിലാണ്‌ പോലീസ്‌. മതവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ രാഷ്ട്രീയ കക്ഷികള്‍ ഇടപെടുവാനും വിമുഖതയാണ്‌.

തീര്‍ത്തും നിരക്ഷരരും ആലംബഹീനരുമായവരാണ്‌ ഇവരുടെ തട്ടിപ്പിന്‌ ഇരയാകുന്നു. ഇവര്‍ പരാതിയും ബോധവല്‍ക്കരണവും നടത്തിയതിനെ തുടര്‍ന്ന്‌ ഇവര്‍ ഇടുക്കിയിലെ ചില പ്രദേശങ്ങളില്‍ നവംബര്‍ 26, 27, 28 തീയതികളില്‍ പാമ്പനാറ്റില്‍ വച്ച്‌ വായ്‌പാ വിതരണത്തിന്റെ ഉത്‌ഘാടനം നിര്‍വഹിക്കുമെന്ന്‌ അറിയിച്ചു നോട്ടീസും വിതരണം ചെയ്‌തിരുന്നു.

ഞായറാഴ്‌ച പാമ്പനാറ്റില്‍ നടന്ന സമ്മേശനത്തില്‍ ചാര്‍ലസ്‌ നാഗര്‍കോവിലിവേക്ക്‌ ഹൃദയ ശസ്‌ത്രക്രീയയ്‌ക്ക്‌ പോകുകയാണെന്ന്‌ അറിയിക്കുകയുണ്ടായി. പാസ്റ്റര്‍മാര്‍ പണം പിരിച്ച്‌ ഇയാളെയാണ്‌ ഏല്‌പിച്ചിരിക്കുന്നത്‌. നിലവില്‍ പണം നല്‌കിയവര്‍ പരാതി നല്‌കാന്‍ തയാറല്ല. പണം ഡിസംബറില്‍ നല്‌കുമെന്നാണ്‌ ഇവര്‍ വിശ്വസിപ്പിച്ചിരിക്കുന്നത്‌. അതിനാല്‍ തട്ടിപ്പ്‌ സംഘം പൊടിയും തട്ടി പോയതിനു ശേഷമേ പോസീസ്‌ ജാഗരൂകരാകുകയുള്ളുവെന്നതാണ്‌ വാസ്‌തവം.

വിശ്വാസത്തിന്റെ മറവില്‍ ഭവന പദ്ധതികളുടെ പേരില്‍ നടക്കുന്ന ഈ തട്ടിപ്പ്‌ കേരളമാകെ വ്യാപിപ്പിക്കാനാണ്‌ ഇവര്‍ ലക്ഷ്യം വയ്‌ക്കുന്നത്‌. എന്തായാലും കോടികള്‍ നഷ്ടപ്പെട്ടാലെ ഇത്തരം പണം തട്ടിപ്പുകാരെ ചോദ്യം ചെയ്യാന്‍ പോലും സാധ്യമാകൂ എന്ന പോലീസ്‌ നിലപാട്‌.