Breaking News

Trending right now:
Description
 
Oct 11, 2012

ഓസ്‌ട്രേലിയന്‍ കോളജുകളുടെ അംഗീകാരം നഷ്ടമായി: വിസ കാലാവധി തീരുന്ന നഴ്‌സുമാര്‍ നെട്ടോട്ടത്തില്‍

Special Correspondent /Global Malayalam
image സാങ്കേതികപ്രശ്‌നങ്ങളുടെയും ഗുണമേന്മയില്ലാത്തതിന്റെയും പേരില്‍ ഓസ്‌ട്രേലിയയിലെ ചില കോളജുകള്‍ക്ക്‌ അംഗീകാരം നഷ്ടമായതുമൂലം മലയാളി നഴ്‌സുമാര്‍ അടക്കം ഇരുന്നൂറോളം പേര്‍ വിഷമവൃത്തത്തില്‍. ഭാവി എന്താകുമെന്ന ആശങ്കയ്‌ക്കിടെ വിസയുടെ കാലാവധി തീരുന്നതും ഇവരെ പ്രതിസന്ധിയിലാക്കുന്നു. കോളജുകളുടെ അംഗീകാരം തിരിച്ചുകിട്ടുമോ എന്നറിയാതെ വിസ നീട്ടിയെടുത്ത്‌ ഓസ്‌ട്രേലിയയില്‍ നില്‍ക്കാനുള്ള കഠിനപരിശ്രമത്തിലാണ്‌ പലരും. ഇവരില്‍ ഭൂരിഭാഗവും മലയാളി നഴ്‌സുമാരാണ്‌.

വിദേശത്തുനിന്നെത്തുന്ന നഴ്‌സുമാര്‍ക്ക്‌ ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള യോഗ്യതാ പരിപാടിയായ 'ഇനിഷ്യല്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാം ഫോര്‍ ഓവര്‍സീസ്‌ നഴ്‌സസ്‌', 'രജിസ്‌ട്രേഷന്‍ ബ്രിഡ്‌ജിംഗ്‌ പ്രോഗ്രാം ഫോര്‍ ഓവര്‍സീസ്‌' എന്നീ ഹ്രസ്വകാല കോഴ്‌സുകള്‍ക്കായി എത്തിയവരായിരുന്നു ഇവര്‍. ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത്‌ പ്രാക്ടീഷണര്‍ റെഗുലേഷന്‍ ഏജന്‍സി (എഎച്ച്‌പിആര്‍എ) യുടെ രജിസ്‌ട്രേഷന്‌ ഇത്‌ അത്യാവശ്യമായിരുന്നു.

മൂന്നുമാസത്തെ ടൂറിസ്റ്റ്‌ വിസയിലാണ്‌ പലരും ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷനായി എത്തിയിരുന്നത്‌. അതുകൊണ്ടുതന്നെ ചെലവുകള്‍ക്കു പണം കണ്ടെത്താന്‍ താത്‌കാലിക ജോലികള്‍ പോലും ചെയ്യാനാകാത്ത അവസ്ഥയിലാണ്‌. പതിനായിരവും പതിനയ്യായിരവും ഡോളര്‍ മുടക്കിയാണ്‌ മിക്കവരുമെത്തിയത്‌. കടമെടുത്തും സ്ഥലം പണയംവച്ചും പണം കണ്ടെത്തിയവരാണ്‌ ഏറെ.

ഹയര്‍ സെക്കന്‍ഡറി വരെയുള്ള പഠനം ഇംഗ്ലീഷ്‌ മീഡിയത്തിലാണെങ്കില്‍ ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ്‌ രജിസ്‌ട്രേഷനുള്ള പ്രധാന കടമ്പയായ ഐഎഎല്‍ഇടിഎസ്‌ യോഗ്യതയ്‌ക്കു തുല്യമായി അംഗീകരിക്കുമെന്ന നഴ്‌സിംഗ്‌ കൗണ്‍സില്‍ ഉത്തരവു മുതലെടുക്കാന്‍ അംഗീകാരമില്ലാത്ത ചില ഏജന്‍സികള്‍ നടത്തിയ ശ്രമമാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഇവരെ ഓസ്‌ട്രേലിയയിലെത്തിച്ച ഏജന്‍സികള്‍ പലതും സീറ്റ്‌ തരപ്പെടുത്തിക്കൊടുത്തിട്ട്‌ പിന്നീട്‌ തിരിഞ്ഞുനോക്കിയിട്ടില്ല.

അംഗീകാരമില്ലാത്ത ഏജന്‍സികള്‍ക്കു മുന്നില്‍ തുറന്നു കിട്ടിയ ചാകരയായിരുന്നു ഐഇഎല്‍ടിഎസ്‌ തത്തുല്യയോഗ്യതാ നിയമം. മാസത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കു മാത്രം അഡ്‌മിഷന്‍ തരപ്പെടുത്തിക്കൊടുത്തിരുന്ന ഇവര്‍ മാസത്തില്‍ മൂന്നും നാലും ബാച്ചുകളിലായി നൂറും നൂറ്റമ്പതും പേര്‍ക്കു വരെ അഡ്‌മിഷന്‍ കൊടുക്കുന്ന അവസ്ഥയിലെത്തി.

ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ്‌ മീഡിയത്തിലാണെന്ന സര്‍ട്ടിഫിക്കറ്റ്‌ പരിശോധിച്ച്‌ രജിസ്‌ട്രേഷന്‌ അപേക്ഷിക്കാന്‍ യോഗ്യതയുണ്ടെന്നു കണ്ടെത്തിയവരെ 'ഇനിഷ്യല്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാം ഫോര്‍ ഓവര്‍സീസ്‌ നഴ്‌സസ്‌' എന്ന കോഴ്‌സിനായി എത്തിക്കുന്നതിനായിരുന്നു ഇടനിലക്കാര്‍ക്കു താത്‌പര്യം. ഒരു ബാച്ചിനെ ചേര്‍ക്കുമ്പോള്‍ മറ്റൊരു ബാച്ച്‌ ക്ലിനിക്കല്‍ പഠനത്തിലായിരിക്കും. ഏജന്റുമാരില്‍ കൂടുതലും മലയാളികളായിരുന്നു. രജിസ്‌ട്രേഷനായി ഇടിച്ചുകയറിയവരില്‍ മലയാളികള്‍ കഴിഞ്ഞാല്‍ ഫിലിപ്പൈന്‍സുകാരായിരുന്നു.

ഏജന്‍സി സ്ലിപ്പും ഓസ്‌ട്രേലിയന്‍ ബിസിനസ്‌ നമ്പരുമില്ലാതെയാണ്‌ പല ഇടനിലക്കാരും കോളജുകളുമായി ഒത്തുചേര്‍ന്ന്‌ അഡ്‌മിഷന്‍ തരപ്പെടുത്തിയിരുന്നത്‌. കോളജുകളില്‍നിന്ന്‌ അഞ്ചു പത്തും സീറ്റുകള്‍ വിലപേശി വാങ്ങി മറിച്ചുവില്‍ക്കുകയായിരുന്നു ഇവര്‍ ചെയ്‌തിരുന്നത്‌. ഓസ്‌ട്രേലിയയില്‍ സജീവമായിരുന്ന ആറേഴ്‌ ഏജന്‍സികള്‍ക്കെങ്കിലും അംഗീകാരമോ ഓസ്‌ട്രേലിയന്‍ ബിസിനസ്‌ നമ്പരോ ഏജന്‍സി സ്ലിപ്പോ ഇല്ലെന്നാണ്‌ ഗ്ലോബല്‍ മലയാളത്തിനു ലഭിച്ച വിവരം. രണ്ടോ മൂന്നോ ഏജന്‍സികള്‍ക്കു മാത്രമാണ്‌ യഥാര്‍ത്ഥത്തില്‍ അംഗീകാരമുള്ളത്‌.

കോളജിന്‌ ആവശ്യമായ ഗുണമേന്മയില്ലെന്നും സാങ്കേതികപ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ്‌ മെല്‍ബണ്‍, സിഡ്‌നി എന്നിവിടങ്ങളിലെ കോളജുകളുടെ അംഗീകാരം നഷ്ടമായത്‌. ആറ്‌ കോളജുകള്‍ക്കെങ്കിലും അംഗീകാരം നഷ്ടപ്പെട്ടിട്ടുണ്ട്‌. ചില നഴ്‌സിംഗ്‌ കോളജുകളുടെ അംഗീകാരം റദ്ദായതിനു പിന്നില്‍ നഴ്‌സിംഗ്‌ കൗണ്‍സിലിന്റെ പിഴവുണ്ടെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്‌ ഇവര്‍ക്ക്‌ അംഗീകാരം ഉടന്‍ തിരിച്ചുകിട്ടിയേക്കും.

ഹയര്‍സെക്കന്‍ഡറിയിലെ ഇംഗ്ലീഷ്‌ പഠനം ഐഇഎല്‍ഇടിഎസിന്‌ തത്തുല്യമാക്കുന്ന നിയമം ഇപ്പോള്‍ അഞ്ചു രാജ്യങ്ങളിലേയ്‌ക്കാക്കി ചുരുക്കിയിരിക്കുകയാണ്‌. യുഎസ്‌എ, യുകെ, കാനഡ, ന്യൂസിലാന്‍ഡ്‌, സൗത്ത്‌ ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്കു മാത്രമേ ഈ ഇളവ്‌ ലഭിക്കൂ.