Breaking News

Trending right now:
Description
 
Jul 20, 2013

ഫെഡറല്‍ ബാങ്കിന്റെ 400 കോടി രൂപയുടെ ഓഹരി ഇനി യൂസഫലിക്ക്‌

image ഇന്ത്യയിലെ മുന്‍നിര ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കിന്റെ 4.98 ശതമാനം ഓഹരികള്‍ വ്യവസായ പ്രമുഖനായ എം.എ. യൂസഫലി വാങ്ങി. ഏകദേശം 400 കോടി രൂപ വിലമതിക്കുന്ന ഓഹരിയാണിത്‌. ലുലു ഗ്രൂപ്പിന്റെ സാരഥിയാണു യൂസഫലി. എമിറേറ്റ്‌ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ കൈവശമുണ്ടായിരുന്ന 4.47 ശതമാനം ഓഹരികളാണ്‌ യൂസഫലി വാങ്ങിയത്‌. ബാക്കി ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയതാണ്‌. ഫെഡറല്‍ ബാങ്കിന്റെ ആസ്ഥാനം കേരളമാണ്‌. കേരളത്തിലെ ബാങ്കുകള്‍ക്ക്‌ ദേശീയവും അന്തര്‍ദേശീയവുമായ ശക്തമായ സാന്നിധ്യമുണ്ടായാല്‍ ഈ രംഗത്തു തൊഴിലെടുക്കുന്ന മലയാളികള്‍ക്ക്‌ അതു ഗുണം ചെയ്യുമെന്ന്‌ യൂസഫലി പറഞ്ഞു. ബാങ്ക്‌ വികസിക്കുന്നതിനോടൊപ്പം അതിന്റെ പ്രയോജനം കേരളത്തിനും ഉണ്ടാകും. കേരളത്തിലെ സ്വകാര്യ ബാങ്കുകള്‍ക്കു ശേഷം ആരംഭിച്ച ന്യൂജനറേഷന്‍ ബാങ്കുകളൊക്കെ ഇന്നു വളര്‍ച്ചയില്‍ വളരെ മുന്‍പന്തിയിലാണ്‌. രൂപയ്‌ക്ക്‌ വിനിമയ ശോഷണം നേരിടുന്ന ഈ ഘട്ടത്തില്‍ സാമ്പത്തിക രംഗത്ത്‌ കൂടുതല്‍ നിക്ഷേപവും എന്‍ആര്‍ഐ നിക്ഷേപവും ഇന്ത്യയ്‌ക്ക്‌ ആവശ്യമാണ്‌. നമ്മുടെ രാജ്യത്ത്‌ കൂടുതല്‍ നിക്ഷേപിക്കേണ്ടതിനെകുറിച്ച്‌ വിദേശ ഇന്ത്യക്കാര്‍ ആലോചിക്കണം. ബാങ്കിംഗ്‌ രംഗത്ത്‌ കൂടുതല്‍ നിക്ഷേപം വരുന്നത്‌ കേരളത്തിന്റെ സമ്പദ്‌ഘടനയ്‌ക്കും ഭാവി തലമുറയ്‌ക്കും പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.