Breaking News

Trending right now:
Description
 
Jul 17, 2013

പോസ്‌കോ കമ്പനിയുടെ 30,000 കോടിയുടെ പ്ലാന്റിന്‌ കര്‍ണാകടയില്‍ തടസം

image ദക്ഷിണ കൊറിയന്‍ ഉരുക്കുത്‌പാദന കമ്പനി പോസ്‌കോ 30,000 കോടി രൂപമുതല്‍ മുടക്കി കര്‍ണാടകയില്‍ പ്ലാന്റ്‌ സ്ഥാപിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. ഭൂമി ഏറ്റെടുത്തു കിട്ടുന്നതിലെ താമസവും പ്രദേശവാസികളുടെ ശക്‌തമായ എതിര്‍പ്പുമാണു കാരണങ്ങളായത്‌. കര്‍ണാടകയിലെ ഗഡഗ്‌ ജില്ലയിലെ മുന്തര്‍ഗായ്‌ താലൂക്കിലാണ്‌ പ്രതിവര്‍ഷം 60 ലക്ഷം ടണ്‍ ശേഷിയുള്ള പ്ലാന്റ്‌ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചത്‌. എന്നാല്‍ ഇപ്പോഴത്തെ വിപണി വിലയും എതിര്‍പ്പും തങ്ങളെ പിന്തിരിപ്പിക്കുന്നതായി പോസ്‌കോ ഇന്ത്യ ചെയര്‍മാന്‍ ആന്‍ഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ യോംഗ്‌ വോണ്‍ യൂണ്‍ അറിയിച്ചു. ഭാവിയില്‍ കര്‍ണാടകത്തില്‍ നിന്നു യോജ്യമായ നിര്‍ദേശം വരുകയാണെങ്കില്‍ തീര്‍ച്ചയായും മടങ്ങിവരും. ഇരുമ്പു ഖനി മേഖലയായ ബെല്ലാരിക്കടുത്താണ്‌ മുന്തര്‍ഗായ്‌. 2010ലാണ്‌ പോസ്‌കോ കരാര്‍ ഒപ്പിട്ടത്‌. എന്നാല്‍ 2011 ല്‍ പ്ലാന്റിനെതിരേ കര്‍ഷകരും സമുദായ നേതാക്കളും സമരം ആരംഭിച്ചു. ഇതിനൊപ്പം ഖനന കുംഭകോണവും കൂടി ആയപ്പോള്‍ മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയായെന്നു യൂണ്‍ പറഞ്ഞു. പോസ്‌കോയുടെ തീരുമാനം ഗഡഗിലെ കര്‍ഷകരെ സന്തോഷിപ്പിക്കുന്നതാണെന്നു ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്‌. കെ. പാട്ടീല്‍ പറഞ്ഞു. യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്‌ ഉരുക്കു പദ്ധതിക്കായി പോസ്‌കോ ധാരണാപത്രം ഒപ്പിട്ടത്‌. അന്നു ഭൂമി ഏറ്റെടുക്കുന്നതിനായി നല്‍കിയ 60 കോടി രൂപ കര്‍ണാടക വ്യവസായ വികസന ബോര്‍ഡ്‌ പോസ്‌കോയ്‌ക്കു തിരികെ നല്‍കിയെന്നാണ്‌ റിപ്പോര്‍ട്ട്‌.