Breaking News

Trending right now:
Description
 
Jul 17, 2013

കാൻസർ ബാധിതനായ കുട്ടിക്ക് നാമത്തിന്റെ സാമ്പത്തിക സഹായം.

image


ന്യൂജേഴ്സി: ന്യൂജേഴ്സിയിലും പരിസരപ്രദേശങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന  നായർ മഹാമണ്ഡലം ആൻഡ്‌  അസ്സോസിയേറ്റട് മെംബേർസ് (നാമം) ആവിഷ്കരിച്ചിരിക്കുന്ന ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി കാൻസർ രോഗവുമായി പൊരുതുന്ന കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്കി. ബ്ലഡ് കാൻസർ ബാധിതനായി ന്യൂജേഴ്സിയിയിൽ ചികിത്സയിൽ കഴിയുന്ന പത്തുവയസുകാരൻ അഭിരാമകൃഷ്ണൻ ത്യാഗരാജന്റെ കുടുംബത്തിനു വേണ്ടിയാണ് നാമം സഹായനിധി രൂപീകരിച്ചിരിക്കുന്നത്. ജൂലൈ 13ന്  മണ്രോയിലെ അലക്സ്‌ കോർട്ടിൽ ചേർന്ന യോഗത്തിൽ വെച്ച് അഭിരാമകൃഷ്ണന്റെ മാതാപിതാക്കളായ ത്യാഗരാജൻ ഗണേശൻ, ലത ശ്രീനിവാസൻ എന്നിവർക്ക് നാമം സ്ഥാപക നേതാവും പ്രസിഡന്ടുമായ മാധവൻ ബി നായരും, ഫൗണ്ടർ മെമ്പർ അറ്റൊർണി റാം ചീരത്തും ചേർന്ന് ചെക്ക്‌ കൈമാറി. സാമ്പത്തിക ബുദ്ധിമുട്ടിൽ കഴിയുന്ന ഈ കുടുംബത്തിനു വേണ്ടി ഇതിനകം ആറായിരം ഡോളർ നാമം പ്രവർത്തകർ ശേഖരിച്ചിരുന്നു. കൂടുതൽ തുക കണ്ടെത്തുവാനുള്ള ശ്രമങ്ങൾ  ഊർജ്ജിതമാക്കിയിരിക്കുകയാണ്.



പ്രസിഡന്റ്‌ മാധവൻ ബി നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സംഘടനയിലെ പുതിയ ലൈഫ് മെംബേർസ് ആയി വൈസ് പ്രസിഡന്റ്‌))) ജിതേഷ് തമ്പി, അഞ്ചു തമ്പി, സെക്രട്ടറി ബിന്ദു സഞ്ജീവ്കുമാർ, സഞ്ജീവ്കുമാർ, അജിത്‌ ഹരിഹരൻ,  കൾച്ചറൽ സെക്രട്ടറി  അഞ്ജലി ഹരിഹരൻ എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.  


 
നാമം പ്രവർത്തകരുടെ കുട്ടികൾക്കു വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന സമ്മർ റീഡിംഗ് പ്രോഗ്രാമിന്റെ തുടക്കമായി, ബാണ്‍സ് ആൻഡ്‌ നോബിൾസ് പുസ്തകശാലയിൽ  നിന്നും തങ്ങൾക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ  വാങ്ങുന്നതിനായി  കുട്ടികൾക്ക് ഗിഫ്റ്റ് കാർഡുകൾ വിതരണം ചെയ്തു. വായിക്കുന്ന പുസ്തകത്തെക്കുറിച്ച്  ചെറിയ ലേഖനങ്ങൾ എഴുതി തയ്യാറാക്കുന്നവർക്ക് സമ്മാനങ്ങൾ  നല്കുന്നതായിരിക്കും. നാമത്തിന്റെ ഈ വർഷത്തെ ഓണഘോഷപരിപാടികൾ സെപ്റ്റംബർ 21ന് നടത്താൻ യോഗത്തിൽ തീരുമാനമായി. പരമ്പരാഗതവും ലളിതവുമായ രീതിയിൽ നടത്താനൊരുങ്ങുന്ന ഓണപ്പരിപാടികളുടെ പ്രോഗ്രാം കണ്‍വീനർ ആയി അഞ്ജലി ഹരിഹരനെ നിയമിച്ചു. സംഘടനയിലേക്ക് പുതുതായി വന്ന കുടുംബങ്ങളെ ഭാരവാഹികൾ പൂച്ചെണ്ട്  നൽകി സ്വീകരിച്ചു.

വിനീത നായർ