Breaking News

Trending right now:
Description
 
Jul 12, 2013

പെണ്‍കുട്ടികള്‍ കുറയുന്നു; ഗര്‍ഭസ്ഥ ശിശുപരിശോധന സ്ഥാപനങ്ങള്‍ക്ക്‌ നിയന്ത്രണം

image സംസ്ഥാനത്ത്‌ ആറു വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ എണ്ണത്തിലെ കുറവു വര്‍ഷങ്ങളായി തുടരുന്ന പശ്ചാത്തലത്തില്‍ ഗര്‍ഭസ്ഥ ശിശുപരിശോധന നടത്തുന്ന സ്ഥാപനങ്ങളെ കര്‍ശനമായി നിയന്ത്രിക്കാന്‍ നടപടി. രജിസ്റ്റര്‍ ചെയ്യാത്ത ഒരു സ്ഥാപനവും പ്രവര്‍ത്തിക്കുന്നതിന്‌ അനുമതി നല്‍കില്ല. ഇതുസംബന്ധിച്ച്‌ പരിശോധന വ്യാപകമാക്കാനാണ്‌ അധികൃതരുടെ തീരുമാനം. പ്രീനേറ്റല്‍ ഡയഗ്നോസ്റ്റിക്‌ ടെക്‌നിക്‌ (പിഎന്‍ഡിടി) ആക്‌ട്‌ കൂടുതല്‍ കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്‌. ഈ നിയമപ്രകാരം 2012 ജനുവരി ഒന്നിന്‌ കേരളത്തില്‍ ആകെ 1,611 സ്ഥാപനങ്ങളാണ്‌ രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളത്‌. ഏറ്റവും കൂടുതല്‍ എറണാകുളത്തും (233) കുറവ്‌ വയനാട്ടിലും (25) ആണ്‌. തിരുവനന്തപുരത്ത്‌ 166, കൊല്ലത്ത്‌ 116, പത്തനംതിട്ടയില്‍ 50, ആലപ്പുഴയില്‍ 71, ഇടുക്കിയില്‍ 29, കോട്ടയത്ത്‌ 104, തൃശൂരില്‍ 169, പാലക്കാട്‌ 100, മലപ്പുറത്ത്‌ 178, കോഴിക്കോട്‌ 231, കണ്ണൂരില്‍ 95, കാസര്‍ഗോഡ്‌ 44 സ്ഥാപനങ്ങളാണുള്ളത്‌. നിയമപ്രകാരമുള്ള രജിസ്‌ട്രേഷനില്ലാതെ ജനിതക കൗണ്‍സലിംഗ്‌ കേന്ദ്രങ്ങളോ ഭ്രൂണപരിശോധന ലാബുകളോ ജനിതക ക്ലിനിക്കുകളോ തുറക്കാന്‍ പാടില്ലാത്തതാണ്‌. ക്രോമോസോമല്‍ അസ്വാഭാവികതകള്‍, ജനിതകഘടനയിലെ തകരാറുകള്‍, ഹീമോഗ്ലോബിന്‍ ഘടന, ലൈംഗിക രോഗങ്ങള്‍, പ്രസവസംബന്ധമായ തകരാറുകള്‍, ഗര്‍ഭാശയരോഗങ്ങള്‍ എന്നീ സാഹചര്യങ്ങളിലേ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്‌ത ജനിതക കൗണ്‍സലിംഗ്‌ സ്ഥാപനമോ ലാബോ ക്ലിനിക്കോ ഭ്രൂണപരിശോധനയോ ഗര്‍ഭസ്ഥശിശുപരിശോധനയോ നടത്താവൂ എന്നാണു നിയമം. ഭ്രൂണപരിശോധന സങ്കേതം ഉപയോഗിച്ചുള്ള പരിശോധനകള്‍ പൂര്‍ണമായും യോഗ്യത നേടിയ വ്യക്തിമാത്രമേ നിര്‍വഹിക്കാന്‍ പാടുള്ളുവെന്നും നിയമമുണ്ട്‌.