Breaking News

Trending right now:
Description
 
Jul 06, 2013

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ അവകാശ ഓഹരി നല്‍കും

image കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ 148 ലക്ഷം അവകാശ ഓഹരി നല്‍കുന്നു. ഇതുവഴി 14.8 കോടി രൂപ നേടാനാകും. നിബന്ധനകള്‍ക്കു വിധേയമായി നിലവിലുള്ള ഓഹരി ഉടമകള്‍ക്കായിരിക്കും അവകാശ ഓഹരി നല്‍കുന്നത്‌. ചെറുകിട ഓഹരി ഉടമകള്‍ക്ക്‌ കൂടുതല്‍ പ്രയോജനം കിട്ടുന്ന വിധത്തിലാണ്‌ നിബന്ധന. നിലവില്‍ 2000 ഓഹരി വരെയുള്ളവര്‍ക്ക്‌ 1:1 അനുപാതത്തില്‍ 2000 ഓഹരി കൂടെ കിട്ടും. ഇതിന്‌ 10 രൂപ വീതം മാത്രം മുഖവില നല്‍കിയാല്‍ മതി. രണ്ടായിരത്തിലധികം എത്ര ഓഹരിയുണ്ടൈങ്കിലും 2000 ഓഹരി മാത്രമെ കിട്ടുകയുള്ളൂ. സെപ്‌റ്റംബര്‍ ഏഴിന്‌ നടക്കുന്ന സിയാലിന്റെ വാര്‍ഷിക പൊതുയോഗത്തിന്റെ അംഗീകാരത്തിനായി ഈ തീരുമാനം അവതരിപ്പിക്കും. ഹഡ്‌കോയുമായിട്ടുള്ള ഓഹരി തര്‍ക്കം പരിഹരിച്ചതുകൊണ്ട്‌ 52 കോടി രൂപയുടെ ഓഹരി കൈവശമുണ്ട്‌. ഇതില്‍ 10 കോടി രൂപയുടെ ഓഹരി ഹഡ്‌കോക്ക്‌ നല്‍കി. 14.8 കോടി രൂപയുടെ ഓഹരി അവകാശ ഓഹരിയായി നല്‍കുന്നു. അവശേഷിക്കുന്നത്‌ പബ്ലിക്‌ ഇഷ്യൂ ആയിരിക്കും. സിയാലിന്റെ അടച്ചുതീര്‍ത്ത മൂലധനം 348 കോടി രൂപയാണ്‌. ഇത്‌ 400 കോടി രൂപയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഹഡ്‌കോ വായ്‌പാ തുകയ്‌ക്കു ഓഹരി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചതാണ്‌ നടപടികള്‍ വൈകാന്‍ കാരണം. പ്രശ്‌നം ഡെബ്‌റ്റ്‌ റിക്കവറി ട്രിബൂണല്‍ ഹൈക്കോടതി തലങ്ങള്‍ വരെ എത്തിയിരുന്നു. വി.ജെ. കുര്യന്‍ മാനേജിംഗ്‌ ഡയറക്ടറായ ശേഷമാണ്‌ അനുരഞ്‌ജനത്തിലൂടെ പ്രശ്‌നം പരിഹരിച്ചത്‌.