Breaking News

Trending right now:
Description
 
Jul 05, 2013

സയാമീസ്‌ ഇരട്ടകളെ വേര്‍പെടുത്തി; ഒരാള്‍ മരിച്ചു

image കോഴിക്കോട്‌ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ രണ്ടാഴ്‌ച മുമ്പ്‌ ജനിച്ച സയാമീസ്‌ ഇരട്ടകളെ വേര്‍പെടുത്തി. ഇതിലൊരുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക്‌ കഴിഞ്ഞില്ല. വയറും വയറിനുതാഴെയുള്ള അവയവങ്ങളും പരസ്‌പരം പങ്കിട്ടായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. രണ്ടും പെണ്‍കുട്ടികളായിരുന്നു. ഒരാള്‍ ആരോഗ്യവതിയായിരുന്നെങ്കില്‍ മറ്റേയാള്‍ ആരോഗ്യമില്ലാത്ത അവസ്ഥയിലായിരുന്നു. ശ്വാസകോശം വളര്‍ച്ചയെത്തിയിരുന്നില്ല. അതിലാകട്ടെ വെള്ളംകെട്ടിക്കിടക്കുന്ന അവസ്ഥയും. ഹൃദയത്തിന്‌ രണ്ട അറകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നട്ടെല്ല്‌ ചേര്‍ന്നിരുന്നു. കാലുകള്‍ ആരുടേതാണെന്ന്‌ അറിയാന്‍ സാധിക്കുമായിരുന്നില്ല. മലാശയം, മൂത്രാശയം, ഗര്‍ഭാശയം ഇവ ഒന്നിച്ചായിരുന്നു. ഇത്തരമൊരു അവസ്ഥയിലായിരുന്നു ശസ്‌ത്രക്രിയ. ആരോഗ്യമുള്ള കുഞ്ഞിനെ രക്ഷിക്കുക എന്ന ലക്ഷ്യവും ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്നു. മാതാപിതാക്കളായ സുചിത്രയുടെയും സുകുമാരന്റെയും സമ്മതത്തോടുകൂടിയാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌. പതിനഞ്ചുപേരുടെ സംഘം ശസ്‌ത്രക്രിയയ്‌ക്ക്‌ നേതൃത്വം നല്‍കി. കോഴിക്കോട്‌ മെഡിക്കല്‍കോളജിന്റെ ചരിത്രത്തില്‍ രണ്ടാംതവണയാണ്‌ സയാമീസ്‌ ഇരട്ടകളുടെ ശസ്‌ത്രക്രിയ നടത്തിയതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ജീവിതത്തിലേക്കുവന്ന കുഞ്ഞ്‌ ഇപ്പോള്‍ സുഖമായിരിക്കുന്നു. എങ്കിലും പലതരത്തിലുള്ള ഓപ്പറേഷനുകളും ഇനിയും വേണ്ടിവരും. കൃത്യമായ ചികിത്സയും പരിചരണവും കാലങ്ങളോളം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്‌.