Breaking News

Trending right now:
Description
 
Oct 09, 2012

അമ്മയാണെ സത്യം, അമ്മയില്‍ അംഗമാകാന്‍ ഞാന്‍ അപേക്ഷിച്ചിട്ടേയില്ല, ഇനി അപേക്ഷിക്കുന്നുമില്ല : വി.ഡി. രാജപ്പന്‍

കലാസ്‌നേഹികളെ... നിങ്ങളുടെ അനുവാദത്തോടുകൂടി ഞാന്‍ ഈ സത്യം പറയുകയാണ്‌.
image കലാസ്‌നേഹികളെ... നിങ്ങളുടെ അനുവാദത്തോടുകൂടി ഞാന്‍ ഈ സത്യം പറയുകയാണ്‌. ചങ്കെടുത്തു കാട്ടിയാലും ചെമ്പരത്തിപ്പൂവെന്നു പറയുന്ന ഈ നാട്ടില്‍ ഫേയ്‌സ്‌ബുക്കിലും ചില ചാനലിലുമെല്ലാം പ്രചരിക്കുന്ന കഥകള്‍ അറിയുന്നുണ്ട്‌.

ഈ കഥ പറയുന്നത്‌ പാലക്കാട്ടല്ല, പത്തനംതിട്ടിയിലുമല്ല. കോട്ടയം ജില്ലയിലെ എന്റെ നാട്ടിലാണ്‌.

സിനിമകളില്‍ പലതിലും അഭിനയിച്ചിട്ടുണ്ടെങ്കിലും അമ്മയില്‍ അംഗമാകണമെന്ന്‌ ഇതുവരെ മോഹം തോന്നിയിട്ടില്ല. അപേക്ഷ കൊടുത്തിട്ടുമില്ല. എന്നിട്ടും 'അമ്മ' എന്നെ തിരിഞ്ഞുനോക്കിയിട്ടെന്നാണ്‌ പറഞ്ഞു നടക്കുന്നത്‌. ഇനി അമ്മയില്‍ അംഗമാകാനും അപേക്ഷ കൊടുക്കാനും എനിക്ക്‌ ഉദ്ദേശ്യമില്ല

ചില ചാനലുകള്‍ ഇന്റര്‍വ്യൂവിനെന്നു പറഞ്ഞു വന്നതോടെയാണ്‌ ഈ കഥകള്‍ പ്രചരിക്കുന്നത്‌. ആരും പറയാത്ത കഥകള്‍ അവര്‍ ചാനലില്‍ കൊടുത്തു. അതേറ്റു പിടിക്കാന്‍ ചില ഫേയ്‌സ്‌ബുക്കുകാരുമുണ്ടായി. ഇത്‌ എങ്ങനെയുണ്ടായെന്നു എനിക്കോ എന്റെ വീട്ടുകാര്‍ക്കോ അറിയില്ല. കലാസ്‌നേഹികളെ ഇതാണ്‌ സത്യം...

നടുവുവേദനയാണ്‌ എന്റെ പ്രധാനപ്രശ്‌നം. കുറച്ച്‌ നടന്നാല്‍ ഒന്നു കിടക്കണം. പ്രമേഹവും ഉഗ്രരൂപത്തിലുണ്ട്‌. അതുകൊണ്ടുതന്നെ മരുന്നും ആഹാരനിയന്ത്രണവും ക്ഷീണവുമൊക്കെയുണ്ട്‌. പഴയ തടിക്കൊക്കെ ഒരു കുറവുണ്ടായി എന്നതു സത്യം.

എന്നുകരുതി എനിക്കു മിണ്ടാന്‍ മേല അനങ്ങാന്‍ മേല എന്നൊക്കെ പറഞ്ഞു പരത്താമോ? എട്ടുപത്തുമാസം മുമ്പുവരെ സ്റ്റേജ്‌ പരിപാടികള്‍ക്കു പോയിരുന്നതാണ്‌.. ചെവിക്കു കേള്‍വി അല്‍പം പതുക്കെയാണ്‌. അത്‌ പണ്ടേയുള്ളതാ. കനത്തശബ്ദഘോഷത്തോടെ സ്‌റ്റേജില്‍നിന്ന്‌ സ്‌റ്റേജിലേയ്‌ക്കുള്ള ഓട്ടത്തില്‍ പ്രതിഷേധിച്ചാണ്‌ ചെവി പണിമുടക്കിയത്‌.. വയസ്‌ അറുപത്തിമൂന്നായി.

എന്റെ ഭാര്യ ഹെഡ്‌ നഴ്‌സായി ജോലി നോക്കുകയായിരുന്നു. എന്റെ രണ്ടു മക്കളില്‍ ഒരാളും നഴ്‌സാണ്‌ - വി.ഡി. രാജീവ്‌. അവന്‍ ഇപ്പോള്‍ ഖത്തറില്‍ ജോലി നോക്കുന്നു. വി.ഡി. രാജേഷ്‌ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ജോലി നോക്കുന്നു.

പ്രിയേ നിന്റെ കുര, ചികയുന്ന സുന്ദരി, എന്നെന്നും എന്റെ കുരങ്ങേട്ടന്റെ.. തുടങ്ങിയ എന്റെ കഥകള്‍ക്കൊക്കെ ഇന്നും വിദേശത്തും സ്വദേശത്തും ആരാധകരുണ്ടെന്നു കേള്‍ക്കുമ്പോള്‍ എന്താ സന്തോഷമെന്നോ?