Breaking News

Trending right now:
Description
 
Jul 03, 2013

സുതാര്യനായ തെറ്റയിലിന്‌ യുഎന്‍ അവാര്‍ഡ്‌ കൊടുക്കാത്തതെന്തേ?

image സ്വന്തം ഓഫീസില്‍ കാമറ വച്ച്‌ നാട്ടുകാരെ മുഴുവന്‍ സുതാര്യമാക്കിയതിനാണ്‌ യു.എന്‍ അവാര്‍ഡ്‌ കുഞ്ഞൂഞ്ഞിന്‌ കിട്ടിയത്‌. എന്നാല്‍, തെറ്റയിലിനാണ്‌ യഥാര്‍ത്ഥ അവാര്‍ഡ്‌ ലഭിക്കേണ്ടതെന്ന്‌ കാമറയില്‍ പകര്‍ത്തിയത്‌ കണ്ട ആരും പറഞ്ഞുപോകും.

ഒരു നല്ല രാഷ്ട്രീയക്കാരനെപ്പോലെ സത്യസന്ധനായി ഒന്നു മറയ്‌ക്കാതെ സുതാര്യനായി പിറന്നുവീണ കുഞ്ഞിനെപ്പോലെ ലോകത്തിന്റെ മുമ്പില്‍ എല്ലാം തുറന്ന്‌ കാട്ടിയിട്ടും യു.എന്‍ അംഗീകാരം പാളിപ്പോയതില്‍ എല്ലാവരും ഖിന്നരാണ്‌. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ മാത്രമേ കാമറയുള്ളുവെന്നും മനസില്‍ ആരെങ്കിലും കുടുംബകാര്യമാണെന്നു പറഞ്ഞ്‌ കുമ്പസാരിച്ചാല്‍ കുമ്പസാര രഹസ്യം പുറത്ത്‌ പറയില്ലെന്നുമാണ്‌ സുതാര്യ കുഞ്ഞൂഞ്ഞിന്റെ നിലപാട്‌. എവിടെയും ക്യാമറയ്‌ക്കു മുന്നില്‍ നിന്ന്‌ എന്തും ചെയ്യുന്ന തെറ്റയിലിന്‌ ഏറ്റവും നല്ല മനുഷ്യാവകാശ പ്രവര്‍ത്തകനുള്ള അവാര്‍ഡ്‌ ലഭിക്കണം. പല നേതാക്കന്മാര്‍ക്കും ഇടത്‌-വലത്‌ ഭേദമില്ലാതെ ഈ അവാര്‍ഡ്‌ വാങ്ങാന്‍ യോഗ്യത ഉണ്ട്‌. എന്നാല്‍ അവരുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തെളിവില്ലല്ലോ.

അതാണ്‌ പറഞ്ഞത്‌ തെറ്റയിലിന്‌ ഏറ്റവും സുതാര്യനായ എംഎല്‍എയ്‌ക്കുള്ള അവാര്‍ഡ്‌ കുഞ്ഞൂഞ്ഞെങ്കിലും നല്‌കണം, അല്ല കുഞ്ഞൂഞ്ഞേ അങ്ങയുടെ ക്യാമറകണ്ണിലൂടെ ലോകത്താരെങ്കിലും സരിത മാഡം ഓഫീസില്‍ വന്ന്‌ അങ്ങയെ ചൂണ്ടിക്കാട്ടി തട്ടിപ്പ്‌ നടത്തിയ കാര്യം വിളിച്ചു പറഞ്ഞോ. ചുമ്മാ ചോദിച്ചെന്നെയുള്ളു രഹസ്യമായ കുടുംബക്കാര്യമാണെങ്കില്‍ പറയേണ്ട.

ഗണേശനും തെറ്റയിലും തമ്മില്‍ ഏറ്റവും നല്ല മനുഷ്യാവകാശ പ്രവര്‍ത്തകനായുള്ള റിയാലിറ്റി മത്സരം നടന്നപ്പോള്‍ തെറ്റയില്‍ അവസാന നമ്പരും അവസാന റൗണ്ടിലാണ്‌ പ്രയോഗിച്ചതത്രേ. സിനിമാ മന്ത്രിയായിരുന്ന ഗണേശന്‍ വെറും ഫോട്ടോയും പിടിച്ചു നടന്നപ്പോഴാണ്‌ തെറ്റയില്‍ ഹൈടെക്‌ ആയി പ്രവര്‍ത്തിച്ചത്‌. പക്ഷേ പിസി ജോര്‍ജ്‌ സാര്‍ പറയുന്നത്‌ സരിത കാസറ്റില്‍ ഇതിലും സുതാര്യരായവര്‍ ഉണ്ടെന്നും അത്‌ പുറത്തു വന്നാല്‍ കുഞ്ഞൂഞ്ഞിന്‌ കഴിഞ്ഞ ദിവസം കിട്ടിയ കപ്പ്‌ യുഎന്‍കാര്‍ വാങ്ങിക്കൊണ്ടു പോയി കിഴുക്കു കൊടുക്കുമെന്നാണ്‌. കാരണം പ്രതിഭയുള്ളവരെ വിദേശികള്‍ എന്നും ആദരിക്കും അതാണ്‌ അവരുടെ ലൈന്‍..

വാല്‍കഷണം:
പണ്ട്‌ രാഷ്ട്രീയക്കാര്‍ വിളിക്കാതെ ചെന്നിരുന്ന സ്ഥലമാണ്‌ മരണവീട്‌. അതൊരു കാലം. ഇന്ന്‌ നേതാക്കന്മാര്‍ ട്രെന്‍ഡ്‌ മാറ്റി, ആര്‍ക്കും വിളിക്കാതെ കേറിചെല്ലാവുന്ന സ്ഥലമാണ്‌ കല്യാണ വീട്‌, പാലുകാച്ചല്‍, കാമറ വച്ചിരിക്കുന്ന ബെഡ്‌ റുമുകള്‍, ഇരുപത്തിയെട്ട്‌ കെട്ട്‌ എന്നിവ. നേതാക്കന്മാര്‍ ഇല്ലാതെ എന്താഘോഷം എന്നാവും എന്നാണ്‌ ഇവരുടെ ചിന്ത. സുന്ദരികളായ തരുണീമണികള്‍ വന്ന്‌ പെരിയാറിനെപോലെ കുണുങ്ങി കുണുങ്ങി ഒഴുകി ചിരിച്ച്‌ ചിതറുമ്പോള്‍ ആരും കയറിപോവും പാലുകാച്ചലിന്‌. അതൊരു തെറ്റാണോ സര്‍. തിരുവഞ്ചൂര്‍ നായര്‍ക്ക്‌ പാലുകാച്ചലാണ്‌ വീക്ക്‌നെസ്‌. സ്വന്തം മണ്ഡലത്തിലോ സമീപ മണ്ഡലങ്ങളിലോ പാലുകാച്ചല്‍ ഉണ്ടെങ്കില്‍ പാര്‍ട്ടി നേതാക്കന്മാര്‍ ഉടന്‍ തിരുവഞ്ചൂരുമായി ബന്ധപ്പെടുക.
പക്ഷേ തിരുവഞ്ചൂര്‍ ഇരിക്കില്ല ഫോട്ടോയോ മറ്റോ എടുക്കാം പാലും കുടിക്കും അത്രമാത്രം. കൂടുതല്‍ വിവരങ്ങള്‍ മാധ്യമ വിചാരണക്കാരുടെ മുമ്പില്‍ പറയില്ല അടുത്തുള്ള പോലീസ്‌ സ്‌റ്റേഷനുമായി ബന്ധപ്പെടുക